മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രിക്കും നന്ദി; ഈ സമയത്ത് കേരളത്തിലാണല്ലോ എന്നത് അനുഗ്രഹം; വൈറലായി ഫുട്ബോള്‍ കോച്ചിന്റെ ലോക്ക് ഡൗണ്‍ പോസ്റ്റ്
കേരളമുഖ്യമന്ത്രി പിണറായി വിജയനും ആരോഗ്യമന്ത്രി കെ. കെ ശൈലജയ്ക്കും നന്ദി പറഞ്ഞ് ലോക്ക് ഡൗണ്‍ കാലത്ത് കേരളത്തില്‍ കുടുങ്ങിയ ഫുട്ബോള്‍ പരിശീലകന്.
‘കേരളത്തിലെ പട്ടാമ്പിയിലെ എന്റെ ലോക്ക് ഡൗണ്‍ ദിനങ്ങള്‍’ എന്ന പേരില്‍ പോസ്റ്റു ചെയ്ത ഫുട്ബോള്‍ പരിശീലകന് ദിമിത്തര്‍ പാന്റേവിന്റെ ഫേസ്ബുക്ക് കുറിപ്പ് ഇതിനോടകം വൈറലായിരിക്കുകയാണ്.
കൊവിഡ് യൂറോപ്പിലുടനീളം നാശം വിതച്ച സാഹചര്യം അറിയുന്നു. ഈ സമയത്ത് കേരളത്തിലാണല്ലോ എന്നോര്‍ക്കുമ്പോള്‍ ഞാന്‍ തീര്‍ത്തും അനുഗ്രഹീതനാണെന്ന് തോന്നുന്നതെന്നും ദിമിത്തര്‍ പറയുന്നു.
തന്റെയും തന്റെ കുടുംബത്തിന്റെയും നന്ദി മുഖ്യമന്ത്രി പിണറായി വിജയനോടും ആരോഗ്യമന്ത്രി കെകെ ശൈലജയോടും അറിയിക്കുന്നെന്നും കൊവിഡ് ഭീതി ഒഴിഞ്ഞതിന് ശേഷം മുഖ്യമന്ത്രിയെയും ആരോഗ്യ മന്ത്രിയെയും നേരിട്ട് കാണാനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ദിമിത്തര്‍ പറയുന്നു.
ദുബായ് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന എച്ച് 16 എന്ന സ്പോര്‍ട്സ് സര്‍വീസ് സ്ഥാപനമാണ് ദിമിത്തറിനെ കേരളത്തിലേക്ക് ഫുട്ബോള്‍ പരിശീലിപ്പിക്കുന്നതിനായി ക്ഷണിക്കുന്നത്. കേരളത്തിന്റെ ആതിഥ്യ മര്യാദ പറഞ്ഞറിയിക്കാന്‍ ആവില്ലെന്നും ദൈവത്തിന്റെ സ്വന്തം നാട് എന്ന പേരിന് കേരളം എന്തുകൊണ്ടും അര്ഹമാമെന്നും പരിശീലകന് പറയുന്നു.
കൊറോണ വൈറസ് പടര്‍ന്നത് വലിയ ആശങ്കയുണ്ടാക്കിയെന്നും നാട്ടിലേക്ക് മടങ്ങി പോകാന്‍ ആകുമോ എന്ന് ഭയപ്പെട്ടിരുന്നെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ ആ സമയത്താണ് മുഖ്യമന്ത്രി പിണറായി വിജയന് ആരോഗ്യ മന്ത്രി കെ കെ ശൈലജയ്ക്കൊപ്പം രോഗ നിയന്ത്രണത്തിനായുള്ള നേതൃത്വം ഏറ്റെടുക്കുന്നത്. മുന്നില്‍ നിന്നു നയിക്കാന്‍ ആരോഗ്യ മന്ത്രി കണ്ണു തുറന്നു പിടിച്ചു തന്നെ ഉണ്ടായിരുന്നു. ദുരന്തര നിവാരണത്തില്‍ അവരുടെ മികച്ച കഴിവ് എന്നെ ഏറെ സന്തോഷിപ്പിക്കുന്നു. ഈ മഹാമാരിക്കെതിരായ പോരാട്ടത്തില്‍ അവരുടെ പ്രതിബദ്ധതയ്ക്കും കഠിനാധ്വാനത്തിനും അന്താരാഷ്ട്ര പ്രശംസ ലഭിക്കുന്നത് വളരെ സന്തോഷകരമാണെന്നും ദിമിത്തര്‍ പറഞ്ഞു.
പട്ടാമ്പി മുന്സിപാലിറ്റിയില് ക്വാറന്റൈനില്‍ കഴിഞ്ഞിരുന്ന സമയം മുതല്‍ ആരോഗ്യ പ്രവര്‍ത്തകര്‍ സുരക്ഷാ നിര്‍ദേശങ്ങള്‍ തന്നു കൊണ്ടിരുന്നുവെന്നും നിരന്തരം വന്ന് എന്നെ പരിശോധിക്കാറുണ്ടെന്നും അദ്ദേഹം പറഞ്ഞു. ആരോഗ്യ പ്രവര്‍ത്തകരും പൊലീസുദ്യോഗസ്ഥരും സര്‍ക്കാരിന്റെ നിര്‍ദേശങ്ങള്‍ അതേപടി അനുസരിക്കുകയും കാര്യങ്ങള്‍ കൃത്യമായി നിര്‍വഹിക്കുകയും ചെയ്യുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കേരള ഫുട്ബോള്‍ അസോസിയേഷനോടും പ്രാദേശിക ഫുട്ബോള്‍ ഗ്രൂപ്പുകളോടും നന്ദി അറിയിക്കുന്നുവെന്നും ദിമിത്തര്‍ ഫേസ്ബുക്കില്‍ കുറിച്ചു.
https://www.facebook.com/dimitar.pantev/posts/2686412564939439