ദേശീയ ലോക്ക് ഡൗൺ മാര്‍ഗ്ഗ നിര്‍ദ്ദേശം ഉടൻ; വ്യവസായ മേഖലക്ക് ഇളവ് പരിഗണനയിൽ
അതിഥി തൊഴിലാളികൾക്ക് പ്രത്യേക തീവണ്ടി എന്ന കേരളത്തിന്റെ ആവശ്യം തല്ക്കാലം അനുവദിക്കില്ല. എല്ലാ ജപ്തിനടപടികളും ആറുമാസത്തേക്ക് മരവിപ്പിക്കാൻ ഓർഡിനൻസ് കൊണ്ടുവന്നേക്കും.
ന്യൂഡൽഹി : ലോക്ക് ഡൗൺ നീട്ടുന്ന കാര്യത്തിൽ പുതിയ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങൾ അടങ്ങിയ ഉത്തര്‍ കേന്ദ്ര സര്‍ക്കാര്‍ ഉടൻ പുറത്തിറക്കും. ഇന്നോ നാളയോ തന്നെ ഇക്കാര്യത്തിൽ വിശദമായ ഉത്തരവിറങ്ങുമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങൾ പറയുന്നത്. ഇളവുകൾ പരിഗണനയിലുണ്ടെങ്കിലും ഏതൊക്കെ മേഖലകളിൽ ഇളവുകൾ എങ്ങനെ ഒക്കെ നൽകണമെന്ന കാര്യത്തിൽ വിശദമായ ചര്‍ച്ചകളാണ് നടക്കുന്നത്.
ദേശീയ ലോക്ക്ഡൗൺ രണ്ടാഴ്ചത്തേക്ക് കൂടി നീട്ടാനാണ് ഇന്നലെ മുഖ്യമന്ത്രിമാരുടെ യോഗത്തിലുണ്ടായ സമവായം. രാജസ്ഥാനും, തെലങ്കാനയും, മഹാരാഷ്ട്രയും, പശ്ചിമബംഗാളും ലോക്ക്ഡൗൺ നീട്ടിക്കൊണ് ഉത്തരവിറക്കുകയും ചെയ്തു. പ്രധാനമന്ത്രിയുടെ അഭിസംബോധനയിൽ അടുത്ത ഘട്ടം എങ്ങനെ എന്ന വ്യക്തമായ നിർദ്ദേശമുണ്ടാകും. വൈറസ് പ്രതിരോധനടപടികൾ രണ്ടു മാസം എങ്കിലും നീണ്ടു നില്ക്കും. എന്നാൽ അതുവരെ ജീവിതം സ്തംഭിപ്പിക്കേണ്ടതില്ലെന്ന സൂചനയാണ് പ്രധാനമന്ത്രി നല്‍കിയത്.
പരിഗണനയിലുള്ള പ്രധാന നിര്‍ദ്ദേശങ്ങൾ ഇവയാണ്:
സാമൂഹിക അകലത്തിനുള്ള കർശന നിർദ്ദേശങ്ങൾ
വ്യവസായ മേഖലകൾ ഭാഗികമായി തുറക്കും
കർഷകരുടെ ഉത്പന്നങ്ങൾ വിറ്റഴിക്കാൻ കൂടുതൽ ചന്തകൾ
മന്തിമാരുടെയും ജോയിൻറ് സെക്രട്ടറി വരെയുള്ള ഉദ്യോഗസ്ഥരുടെയും ഓഫീസുകളിൽ മൂന്നിലൊന്ന് ജീവനക്കാരെത്താൻ നിർദ്ദേശം
റെയിൽ, വിമാന, അന്തർസംസ്ഥാന ബസ് സർവ്വീസുകൾ തുടങ്ങില്ല
പ്രശ്നബാധിതമല്ലാത്ത ജില്ലകൾക്കുള്ളിൽ നിയന്ത്രിത ബസ് സര്‍വ്വീസ്
അതിഥി തൊഴിലാളികളുടെ ആശങ്കയകറ്റാൻ പദ്ധതി
ജപ്തി നടപടികൾ ആറ് മാസത്തേക്ക് നിര്‍ത്താൻ ഓര്‍ഡിനൻസ്
അതേ സമയം അതിഥി തൊഴിലാളികൾക്ക് പ്രത്യേക തീവണ്ടി എന്ന കേരളത്തിന്റെ ആവശ്യം തല്ക്കാലം അനുവദിക്കില്ലെന്നാണ് വിവരം. ക്രമസമാധാന പ്രശ്നം ചൂണ്ടിക്കാട്ടിയാണ് ആവശ്യം നിരസിച്ചത്. ജാർഖണ്ട് മുഖ്യമന്ത്രി ഹേമന്ത് സോറൻ ഇതിനെതിരെയുള്ള നിലപാട് കേന്ദ്രത്തെ അറിയിച്ചിരുന്നു. കമ്പനികളുടെ വായ്പകളും, ഭവന, വിദ്യാഭ്യാസ വായ്പകളും ഉൾപ്പെടുത്തിയാകും ജപ്തി നടപടികൾക്ക് ഏര്‍പ്പെടുത്തുന്ന മൊറട്ടോറിയും.