തബ്ലീഗ് സമ്മേളനത്തിന്റെയും കോവിഡിന്റെയും പേരിൽ മുസ്ലിം സമുദായത്തെ വേട്ടയാടുന്നത് അംഗീകരിക്കാനാകില്ല: യെച്ചൂരി
ന്യൂഡൽഹി : രാജ്യത്ത് കോവിഡ് പരിശോധന വൻതോതിൽ വർധിപ്പിച്ചില്ലെങ്കിൽ രോഗദുരിതത്തിനൊപ്പം സാമ്പത്തികത്തകർച്ചയും രൂക്ഷമാകുമെന്ന് സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. ലോകത്ത് ഏറ്റവും കുറഞ്ഞ തോതിൽ പരിശോധന നടക്കുന്ന രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. പാകിസ്ഥാൻപോലും ഇന്ത്യയുടെ മുന്നില്‍. അടച്ചുപൂട്ടലിൽനിന്ന് പുറത്തുകടക്കാന്‍ കേരളമാതൃകയിലുള്ള രോഗപ്രതിരോധ നടപടി രാജ്യത്ത് നടപ്പാക്കണമെന്നും യെച്ചൂരി വാർത്താസമ്മേളനത്തിൽ പറഞ്ഞു.
അടച്ചിടല്‍ മൂന്നാം വാരത്തിലേക്ക് കടക്കുമ്പോഴും 10 ലക്ഷം പേരിൽ 102 എന്ന തോതിലാണ് രാജ്യത്ത് പരിശോധന. രോഗവ്യാപനമേഖല കണ്ടെത്തി പൂര്‍ണമായി അടച്ചിട്ട് മറ്റ് പ്രദേശങ്ങളിലെ നിയന്ത്രണം നീക്കണം. ഘട്ടംഘട്ടമായി അടച്ചുപൂട്ടലിൽനിന്ന് പുറത്തുകടക്കണം. ദക്ഷിണകൊറിയ, ചൈന, സിംഗപ്പുർ, യൂറോപ്പിലെ ചില രാജ്യങ്ങൾ എന്നിവ ഈ രീതിയിലാണ് മഹാമാരിയെ പ്രതിരോധിച്ചത്. കേരളവും ഈ പാതയിലാണ് മുന്നേറുന്നത്.സംസ്ഥാനങ്ങൾക്ക് അനുവദിച്ച 15,000 കോടി തുച്ഛമാണ്. എംപി ഫണ്ട് നിർത്തിയത് കേന്ദ്രത്തിന് 8,000 കോടിയുടെ ലാഭമായി. സംസ്ഥാനങ്ങൾക്ക് കൂടുതൽ സഹായം നൽകണം. പണത്തിന്റെ കുറവ് കേന്ദ്രത്തിനില്ല. കോർപറേറ്റുകൾക്ക് 7.7 ലക്ഷം കോടിയാണ് ഇളവ് നൽകിയത്. ഇച്ഛാശക്തിയാണ് വേണ്ടത്.
പൊതു ആരോഗ്യസംവിധാനം ശക്തമാക്കിയാലേ ജീവൻ രക്ഷിക്കാനാകൂ എന്ന് ഇപ്പോൾ എല്ലാവരും സമ്മതിക്കുന്നു. ആരോഗ്യപ്രവർത്തകർക്ക് മതിയായ സുരക്ഷാ ഉപകരണം ലഭ്യമാക്കണം. രാജ്യത്ത് പ്രതിദിനം അഞ്ച് ലക്ഷം പിപിഇ വേണ്ടിടത്ത് 12,000 മാത്രമാണ് ലഭിക്കുന്നത്. കോവിഡിനെ നേരിടേണ്ടിവരുമെന്ന് ജനുവരിയിലേ അറിയാമായിരുന്നു. സുരക്ഷാ ഉപകരണങ്ങളുടെ കയറ്റുമതി ജനുവരിയിൽ നിരോധിച്ചുവെങ്കിലും പിന്നീട് ഇത് നീക്കി.
തബ്ലീഗ് സമ്മേളനത്തിന്റെയും കോവിഡിന്റെയും പേരിൽ മുസ്ലിം സമുദായത്തെ വേട്ടയാടുന്നത് അംഗീകരിക്കാനാകില്ല. നിസാമുദ്ദീൻ സമ്മേളനത്തിൽ പങ്കെടുക്കാൻ വിദേശികൾക്ക് അനുമതി നൽകിയത് ആരാണ്? വിമാനത്താവളത്തിൽ പരിശോധനയൊന്നും നടന്നില്ലേ? സാമൂഹ്യമാധ്യമങ്ങളിൽ നടക്കുന്ന വർഗീയപ്രചാരണത്തിനെതിരെ കർശന നടപടി സ്വീകരിക്കണം. ഇന്ത്യ ഒറ്റക്കെട്ടായി നടത്തേണ്ടതാണ് കോവിഡിനെതിരായ യുദ്ധം–-യെച്ചൂരി പറഞ്ഞു.