ലോക്ഡൗണ്‍ ഇല്ലായിരുന്നെങ്കില്‍ രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം രണ്ടുലക്ഷം കടന്നേനെ; 24 മണിക്കൂറിലെ വിവരങ്ങളുമായി കേന്ദ്ര ആരോഗ്യമന്ത്രാലയം
ന്യൂദല്‍ഹി: രാജ്യത്ത് ലോകഡൗണ്‍ പ്രഖ്യാപിച്ചിരുന്നില്ലെങ്കില്‍ കൊവിഡ് ബാധിതരുടെ എണ്ണം രണ്ട് ലക്ഷം കടക്കുമായിരുന്നെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. കൊവിഡ് 19-നെ പ്രതിരോധിക്കാന്‍ ലോക്ഡൗണും മറ്റ് നിയന്ത്രണ നടപടികളും അത്യന്താപേക്ഷിതമായിരുന്നെന്നും ആരോഗ്യ മന്ത്രാലയം ജോയിന്റ് സെക്രട്ടറി ലാവ് അഗര്‍വാള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
രാജ്യത്ത് നിലവില്‍ 586 കൊവിഡ് ആശുപത്രികളാണുള്ളത്. ഒരുലക്ഷം ഐസൊലേഷന്‍ ബെഡുകളും 11,500 കൊവിഡ് ഐ.സി.യു ബെഡുകളുമുണ്ടെന്ന് ലാവ് അഗര്‍വാള്‍ അറിയിച്ചു.
ഇന്ത്യയില്‍ ഇതുവരെ 7447 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. ഇതില്‍ 642 പേര്‍ക്ക് രോഗം ഭേദമായി. 24 മണിക്കൂറിനിടെ 40 പേര് മരിച്ചു. ഇതോടെ രാജ്യത്തെ കൊവിഡ് മരണസംഖ്യ 293 ആയി. 1,035 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചതെന്നും അദ്ദേഹം പറഞ്ഞു.