കാസർകോട് പ്രത്യേക നിയന്ത്രണം; ചില സ്ഥലങ്ങളിൽ ട്രിപ്പിൾ ലോക്ക് ഡൗണും പ്രഖ്യാപിച്ചു
കൂടുതൽ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്ത സ്ഥലങ്ങളിലാണ് കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത്. ജില്ലയിലെ ക്ലസ്റ്റർ ലോക്കിങ്ങിന് പുറമെ ആണിത്.
കാസർകോട്: കാസർകോട് ചില സ്ഥലങ്ങളിൽ ഇന്ന് മുതൽ ട്രിപ്പിൾ ലോക്ക് ഡൗൺ ഏർപ്പെടുത്തി. തളങ്കര, ചൂരി, നെല്ലിക്കുന്ന്, കളനാട് പോലുള്ള സ്ഥലങ്ങളിലാണ് ഇന്ന് മുതൽ പ്രത്യേക നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. അഞ്ച് വീടുകൾ കേന്ദ്രീകരിച്ച് പൊലീസ് ബൈക്ക് പെട്രോളിംഗ് നടത്തും. ഈ പ്രദേശങ്ങളിൽ ഡ്രോൺ നിരീക്ഷണം ശക്തമാക്കും. കൂടുതൽ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്ത സ്ഥലങ്ങളിലാണ് കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത്. ജില്ലയിലെ ക്ലസ്റ്റർ ലോക്കിങ്ങിന് പുറമെ ആണിത്.
കാസർകോട്ടെ അഞ്ച് പഞ്ചായത്തുകളിലും രണ്ട് മുൻസിപ്പാലികളിലും സമൂഹ സർവ്വേയ്ക്ക് ഒരുങ്ങുകയാണ് ആരോഗ്യവകുപ്പ്. ചെമ്മനാട്, മധൂർ, പള്ളിക്കര, ഉദുമ, മൊഗ്രാൽപുത്തൂർ എന്നീ പഞ്ചായത്തുകളും കാസർകോട് കാഞ്ഞങ്ങാട് നഗരസഭയിലുമാണ് പരിശോധന നടത്തുക. ലോക്ക് ഡൗൺ ശക്തമാക്കിയതിനെ തുടർന്ന് ഇവിടെ ഉള്ള മറ്റു രോഗികൾക്ക് ചികിത്സ തേടാൻ കഴിഞ്ഞില്ലെന്ന പരാതിയെ തുടർന്നാണ് നടപടി.
ജില്ലയിൽ ഇന്നലെ മാത്രം 15 പേരാണ് കൊവിഡ് ഭേദമായി ഇന്ന് ആശുപത്രി വിട്ടത്. കേരളത്തിലെ കൊവിഡിന്റെ രണ്ടാം വരവിലെ ആദ്യ രോഗിയും ഇതിൽ ഉൾപ്പെടുന്നു. കൊവിഡ് ബാധിച്ച് കാസർകോട് ജനറൽ ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന ആറ് പേരും കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിൽ ഉണ്ടായിരുന്ന മൂന്ന് പേർക്കും പരിയാരം മെഡിക്കൽ കോളേജിൽ ചികിത്സായിലുള്ള എട്ട് കാസർകോട് സ്വദേശികൾക്കുമാണ് ഇന്നലെ രോഗം ഭേദമായത്.