പ്രവാസികളെ കൂട്ടത്തോടെ തിരികെ എത്തിച്ചാല്‍ എവിടെ പാര്‍പ്പിക്കും? ആശങ്ക പ്രകടിപ്പിച്ച് ഹൈക്കോടതി
വിഷയത്തില്‍ വിശദമായ വിശദീകരണം നല്കാന് കേന്ദ്രസര്‍ക്കാരിനോട് ഹൈക്കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.
കൊച്ചി: കൊവിഡ് ലോക്ക് ഡൗൺ മൂലം യുഎഇയിൽ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ നാട്ടിലെത്തിക്കുന്നതിൽ ഒരാഴ്ചയ്ക്കകം നിലപാട് അറിയിക്കാൻ കേന്ദ്ര സർക്കാരിന് ഹൈക്കോടതി നിർദ്ദേശം. ഈ മാസം 17ന് മറുപടി നൽകണമെന്നാണ് കേന്ദ്ര സർക്കാരിന് ഹൈക്കോടതി നിർദ്ദേശം നൽകിയത്. പ്രവാസികളെ എത്തിക്കുന്നതിൽ നയപരമായ തീരുമാനങ്ങൾ കേന്ദ്ര സർക്കാർ കൈക്കൊണ്ടിട്ടുണ്ടോ എന്നതും, യുഎഇയിൽ ഉള്ള ഇന്ത്യക്കാരുടെ കാര്യത്തിൽ ഇതുവരെ സ്വീകരിച്ച നടപടികളുമാണ് അറിയിക്കേണ്ടത്.
നിലവിലെ സാഹചര്യത്തിൽ വിദേശത്തുള്ളവരെ കൊണ്ടുവരുമ്പോൾ അതീവ ജാഗ്രത പുലർത്തണം. പ്രവാസികൾ കൂട്ടത്തോടെ മടങ്ങിയെത്തുമ്പോൾ സംസ്ഥാനത്തിന് ആ സാഹചര്യം കൈകാര്യം ചെയ്യാനാകുമോ എന്നതിലും കോടതി അശങ്ക പ്രകടിപ്പിച്ചു. കേരളത്തിന്റെ കൊവിഡ് പ്രതിരോധ പ്രവർത്തനം ഇതുവരെ മാതൃകാപരമാണ്. ലോക രാഷ്ട്രങ്ങൾ അത് അംഗീകരിച്ചതുമാണ്. എന്നാൽ മടങ്ങിയെത്തുന്നവരിൽ ഒരാൾക്കെങ്കിലും കൊവിഡ് ഉണ്ടായാൽ ഇതുവരെ സ്വീകരിച്ച നടപടികൾ വെറുതെയാകുമെന്നും കോടതി നിരീക്ഷിച്ചു.
എന്നാൽ എല്ലാവരെയും മടക്കി കൊണ്ടുവരാനല്ല ആവശ്യപ്പെടുന്നതെന്നും വിസിറ്റിംഗ് വിസയിൽ എത്തി കുടുങ്ങിപ്പോയവർ, വിസ കാലാവധി കഴിഞ്ഞവർ അടക്കമുള്ളവർക്ക് മുൻഗണന നൽകി നാട്ടിലെത്തിക്കണമെന്നുമാണ് ഹർജിക്കാർ ആവശ്യപ്പെട്ടത്. ഗൾഫിൽ എത്രപേർ കുടുങ്ങി കിടക്കുന്നുവെന്ന് അറിയാൻ ഓൺലൈൻ പോർട്ടൽ തുടങ്ങണമെന്നും ഹൈക്കോടതി വ്യക്തമാക്കി. ഇതിനായി നോഡൽ ഓഫീസറെ നിയമിച്ചിട്ടുണ്ടെന്ന് കേന്ദ്ര സർക്കാർ അറയിച്ചു. പ്രവാസികളെ നാട്ടിലെത്തിക്കാൻ നടപടി ആവശ്യപ്പെട്ട് ദുബൈ കെഎംസിസിയാണ് ഹൈക്കോടതിയെ സമീപിച്ചത്.