കൊവിഡ് നിരീക്ഷണത്തിലിരുന്ന പെൺകുട്ടിയുടെ വീട് ആക്രമിച്ച സിപിഎമ്മുകാർ കീഴടങ്ങി
തണ്ണിത്തോട് സ്വദേശികളായ നവീൻ, ജിൻസൻ, സനൽ എന്നിവരാണ് കീഴടങ്ങിയത്. നേരത്തെ, മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
പത്തനംതിട്ട: പത്തനംതിട്ട തണ്ണിത്തോട് കൊവിഡ് നിരീക്ഷണത്തിലായിരുന്ന പെൺകുട്ടിയുടെ വീട് ആക്രമിച്ച കേസിലെ പ്രതികളായ മൂന്ന് സിപിഎം പ്രവർത്തകർ പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി. തണ്ണിത്തോട് സ്വദേശികളായ നവീൻ, ജിൻസൻ, സനൽ എന്നിവരാണ് കീഴടങ്ങിയത്. നേരത്തെ, മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
കോയമ്പത്തൂരില്‍ നിന്നെത്തിയ പെണ്‍കുട്ടി വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയുകയാണ്. ഇതിന് പിന്നാലെ ക്വാറന്റൈനില്‍ കഴിയുന്ന പെണ്‍കുട്ടിയുടെ പിതാവ് പുറത്തിറങ്ങി നടക്കുന്നെന്ന വ്യാജ പ്രചാരണം പ്രദേശത്തെ വാട്ട്സാപ്പ് ഗ്രൂപ്പുകളില്‍ പ്രചരിച്ചിരുന്നു. ഇത് പെണ്‍കുട്ടിയുടെ അച്ഛന് ചോദ്യം ചെയ്യുകയും പിന്നാലെ ഇവര്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കുകയുമായിരുന്നു. ഇതിന് പിന്നാലെയാണ് പെണ്‍കുട്ടിയുടെ വീടിന് നേരെ ഒരുസംഘം ആളുകള്‍ കല്ലെറിഞ്ഞത്.
സംഭവത്തിൽ കേസെടുത്തതിന് പിന്നാലെ പ്രതികളാണ് തണ്ണിത്തോട് സ്വദേശികളായ രാജേഷ്, അശോകൻ, അജേഷ്, സനൽ, നവീൻ, ജിൻസൺ എന്നിവരെയാണ് സിപിഎം സസ്പെന്റ് ചെയ്തിരുന്നു. സംഭവം പാർട്ടിക്കും സർക്കാരിനും മോശം പ്രതിച്ഛായ ഉണ്ടാക്കിയെന്നും മനുഷ്യത്വരഹിതമായ പ്രവർത്തിയായത് കൊണ്ടാണ് പാർട്ടി നടപടിയെന്നും സിപിഎം ജില്ലാ സെക്രട്ടറി കെ പി ഉദയഭാനു ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.