ലോക്ക് ഡൗണ്‍ തുടരാന്‍ സാധ്യത; രോഗബാധ കുറഞ്ഞ ഇടങ്ങളില്‍ ഇളവ് നല്‍കിയേക്കും
ട്രെയിന്‍, വിമാന സര്‍വ്വീസുകള്‍ തല്ക്കാലം തുടങ്ങാനാവില്ലെന്നാണ് വിലയിരുത്തല്‍. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ പ്രഖ്യാപിച്ച് ലോക്ക് ഡൗണ്‍ കാലാവധി ഏപ്രില്‍ 14 ന് അവസാനിക്കും.
ന്യൂഡൽഹി : ദേശീയ ലോക്ക് ഡൗണ്‍ നീട്ടുന്ന കാര്യത്തില്‍ മുഖ്യമന്ത്രിമാരുമായുളള പ്രധാനമന്ത്രിയുടെ വീഡിയോ കോണ്‍ഫറന്‍സിംഗില്‍ നിര്‍ണായക തീരുമാനമുണ്ടായേക്കും. 11 മണിക്ക് തുടങ്ങിയ യോഗത്തില്‍ മുഖാവരണം ധരിച്ചാണ് പ്രധാനമന്ത്രി പങ്കെടുക്കുന്നത്. ലോക്ക് ഡൗണ്‍ നീട്ടണമെന്ന് ഉദ്ധവ് താക്കറെ യോഗത്തില്‍ ആവശ്യപ്പെട്ടു. ഏപ്രില്‍ 30 വരെ നീട്ടണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്.
കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ പ്രഖ്യാപിച്ച് ലോക്ക് ഡൗണ്‍ കാലാവധി ഏപ്രില്‍ 14 നാണ് അവസാനിക്കുന്നത്. ഒഡീഷയും പഞ്ചാബും ഇതിനോടകം ലോക്ക് ഡൗൺ നീട്ടാൻ തീരുമാനിച്ചിട്ടുണ്ട്. ലോക്ക് ഡൗൺ നീട്ടുന്നത് വലിയ സാമ്പത്തിക പ്രതിസന്ധിക്ക് കാരണമാകും എന്ന റിപ്പോർട്ടും കേന്ദ്രത്തിന് മുന്നിലുണ്ട്. രാജ്യത്തെ കൊവിഡ് വ്യാപനം കണക്കിലെടുത്താകും തീരുമാനം.
അതേസമയം ദേശീയ ലോക്ക് ഡൗണ്‍ തുടരാന്‍ സാധ്യതയുണ്ടെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്. ഇരുപത് സംസ്ഥാനങ്ങളാണ് ലോക്ക് ഡൗണ്‍ നീട്ടണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നത്. രോഗബാധ കുറഞ്ഞ ഇടങ്ങളില്‍ ഇളവ് നല്കാന് സംസ്ഥാനങ്ങളെ അനുവദിക്കും. ട്രെയിന്‍, വിമാന സര്‍വ്വീസുകള്‍ തല്ക്കാലം തുടങ്ങാനാവില്ലെന്നാണ് വിലയിരുത്തല്‍.