.
തിരുവനന്തപുരം: കൊവിഡിനെതിരെ കേരളത്തിന്റെ യുദ്ധം നയിക്കുന്നത് സെക്രട്ടേറിയറ്റിലെ രണ്ട് വാർ റൂമുകൾ. ഒന്ന് നോർത്ത് ബ്ളോക്കിൽ. മറ്റൊന്ന് സൗത്ത് ബ്ളോക്കിൽ. നോർത്ത് ബ്ളോക്കിലെ വാർ റൂമിലാണ് ‘ചീഫ് കമാൻഡറു’ടെ സീറ്റ്. ഇവിടെ നിന്നാണ് മുഖ്യമന്ത്രി പിണറായി വിജയൻ ഓരോ ദിവസത്തെയും കൊവിഡ് വിവരങ്ങൾ വൈകിട്ട് ആറിന് കേരളത്തോടു സംസാരിക്കുന്നത്. ലോകം നേരിടുന്ന ഏറ്റവും കടുത്ത പ്രതിസന്ധി ഘട്ടത്തിൽ, കൊറോണ വൈറസിന് എതിരായ പോരാട്ടച്ചുവടുകൾ മെനയുന്ന ആ രണ്ട് ‘യുദ്ധപ്പുര’കളിലൂടെ…
വാർ റൂം- ഒന്ന്.രാവിലെ 8.50
സെക്രട്ടേറിയേറ്റിന്റെ കന്റോൺമെന്റ് ഗേറ്റിൽ സുരക്ഷാ ഉദ്യോഗസ്ഥർ ജാഗരൂകരായി. കൃത്യം ഒൻപതിന് മുഖ്യമന്ത്രിയുടെ ഒന്നാം നമ്പർ കാർ ഗേറ്റു കടന്ന് നോർത്ത് ബ്ളോക്കിനു മുന്നിൽ. ലിഫ്റ്റിൽ നേരെ മൂന്നാം നിലയിലെ മുറിയിലേക്ക്. ആദ്യം മുഖ്യമന്ത്രിയെ കാണാനെത്തുന്നത് പ്രൈവറ്റ് സെക്രട്ടറി ആർ.മോഹനും സെക്രട്ടറി എം.ശിവശങ്കർ ഐ.എ.എസും. അന്നത്തെ പ്രധാന കാര്യങ്ങളുടെ ബ്രീഫിംഗ്. നിർദ്ദേശങ്ങൾ നൽകി ഇവരെ മടക്കിയയച്ച് മുഖ്യമന്ത്രി അടിയന്തര സ്വഭാവമുള്ള ഫയലുകളിലേക്ക്.മിക്ക ദിവസങ്ങളിലും ഒരേയാളാണ് ആദ്യ സന്ദർശക- ആരോഗ്യമന്ത്രി കെ.കെ. ശൈലജ. പിന്നാലെ ചീഫ് സെക്രട്ടറി ടോം ജോസ്, ഡി.ജി.പി ലോക്നാഥ് ബെഹ്റ, ധനകാര്യ സെക്രട്ടറി മനോജ് ജോഷി എന്നിവരെത്തും. കൊവിഡ് തന്നെ വിഷയം. വീഡിയോ കോൺഫറൻസ് ഉണ്ടെങ്കിൽ പങ്കെടുത്ത്, കാത്തിരിക്കുന്ന മറ്റു സന്ദർശകരെക്കൂടി കണ്ട് കൃത്യം ഒരുമണിക്ക് ഉച്ചയൂണിന് മുഖ്യമന്ത്രി ക്ളിഫ് ഹൗസിലേക്ക്.
വൈകിട്ട് 3.00
ഔദ്യോഗിക വസതിയിൽ നിന്ന് മുഖ്യമന്ത്രി ഓഫീസിലെത്തുന്നു. അന്നത്തെ പ്രധാന സംഭവങ്ങൾ മുഖ്യമന്ത്രിയെ ധരിപ്പിക്കുന്ന ചുമതല പ്രസ് സെക്രട്ടറി പി.എസ്. മനോജിനാണ്. പൊളിറ്റിക്കൽ സെക്രട്ടറി പുത്തലത്ത് ദിനേശൻ, പ്രൈവറ്റ് സെക്രട്ടറി ആർ. മോഹൻ, അഡി. പ്രൈവറ്റ് സെക്രട്ടറി സി.എം. രവീന്ദ്രൻ എന്നിവർ ഒാഫീസിലെത്തിയ പ്രധാന പരാതികളെക്കുറിച്ചും കത്തുകളെക്കുറിച്ചും വിശദീകരിക്കും.
വൈകിട്ട് 4.00
കൊവിഡ് അവലോകന യോഗത്തിനായി മുഖ്യമന്ത്രി ഒന്നാം നിലയിലെ കോൺഫറൻസ് ഹാളിലേക്ക്. സമയനിഷ്ഠ നിർബന്ധം. കൃത്യം നാലിന് ബന്ധപ്പെട്ട ഉദ്യോഗസ്ഥർ ഹാജരുണ്ടാകണം. വിശദമായ തയ്യാറെടുപ്പോടെ വേണം എത്താൻ. ചോദ്യങ്ങൾക്ക് കൃത്യമായ മറുപടിയും വേണം. പറയുന്നതിനെല്ലാം ഉദ്യോഗസ്ഥർ പതിവു ശൈലിയിൽ ‘യെസ് സർ, യെസ് സർ’ എന്ന് തലകുലുക്കുമ്പോൾ മുഖ്യമന്ത്രി ഇടപെടും: ‘പറഞ്ഞാൽ പോരാ, കാര്യങ്ങൾ കൃത്യമായി ചെയ്തു കാണിക്കണം.’മന്ത്രിമാരായ കെ.കെ.ശൈലജ, ഇ. ചന്ദ്രശേഖരൻ, ചീഫ് സെക്രട്ടറി ടോം ജോസ്, ആരോഗ്യ സെക്രട്ടറി രാജൻ ഖോബ്രഗഡെ, ആഭ്യന്തര സെക്രട്ടറി വിശ്വാസ് മേത്ത, റവന്യൂ സെക്രട്ടറി ഡോ. വി.വേണു, പൊതുഭരണ സെക്രട്ടറി ജ്യോതിലാൽ, മറ്റ് പ്രധാന വകുപ്പു മേധാവികൾ തുടങ്ങിയവർക്കു പുറമെ, ഡി.ജി.പി ലോക്നാഥ് ബെഹ്റ, ഫയർ ഫോഴ്സ് മേധാവി എ.ഹേമചന്ദ്രൻ എന്നിവരുണ്ടാകും. പുറമെ, ദുരന്ത നിവാരണ അതോറിറ്റി പ്രതിനിധികളും.മന്ത്രി കെ.കെ.ശൈലജ സംസ്ഥാനത്തെ കൊവിഡ് വ്യാപനത്തിന്റെ കണക്ക് വിശദീകരിക്കും. ഇന്ത്യയിലെയും വിവിധ രാജ്യങ്ങളിലെയും കണക്കുകൾ പവർ പോയിന്റ് പ്രസന്റേഷൻ ആക്കി എത്തിക്കുന്നത് ആരോഗ്യ സെക്രട്ടറി.ചീഫ് സെക്രട്ടറി, തന്റെ അധ്യക്ഷതയിൽ നേരത്തെ സെക്രട്ടറിമാരുമായി നടത്തിയ ചർച്ചകളിലെ തീരുമാനങ്ങൾ വിശദീകരിക്കും. മുഖ്യമന്ത്രി തന്റെ നിർദേശങ്ങളും തീരുമാനങ്ങളും അറിയിക്കും. പ്രതിരോധവുമായും ലോക്ക് ഡൗണുമായും ബന്ധപ്പെട്ട എല്ലാ തീരുമാനവും ഈ യോഗത്തിലാണ്.മുഖ്യമന്ത്രിയുടെ നിർദ്ദേശങ്ങൾ പ്രസ് വിഭാഗം പോയിന്റുകളാക്കി, പ്രസ് സെക്രട്ടറിക്കു കൈമാറും. മന്ത്രിമാരുടെ ഓഫിസുകളിൽ നിന്നും വകുപ്പുകളിൽ നിന്നുമുള്ള നോട്ടുകൾ കൂടി ഉൾപ്പെടുത്തി പത്രക്കുറിപ്പ് തയ്യാറാക്കും. ഫൈനൽ കോപ്പി മുഖ്യമന്ത്രിയുടെ അംഗീകാരത്തിനു ശേഷം മാത്രം. പത്രക്കുറിപ്പ് 15 മിനിട്ടിനകം തയ്യാറായിരിക്കണം.
വൈകിട്ട് 6.00
മുഖ്യമന്ത്രി നോർത്ത് ബ്ളോക്കിന്റെ താഴത്തെ നിലയിലെ പത്രസമ്മേളന ഹാളിലേക്ക്. മാദ്ധ്യമങ്ങളുടെ റിപ്പോർട്ടർമാരും ചാനൽ ക്യാമറാമാന്മാരും റെഡി.’അപ്പോൾ… തുടങ്ങുകയല്ലേ…’
മൂന്നു ഷിഫ്റ്റുകളിലായി 24 മണിക്കൂറും പ്രവർത്തിക്കുന്ന ഈ രണ്ടാം ‘യുദ്ധപ്പുര’യാണ്ഒന്നാം വാർ റൂമിൽ നിന്നുള്ള നിർദ്ദേശങ്ങൾ കൃത്യതയോടെ നടപ്പാക്കുന്നത്. രാവിലെ പത്തിനും വൈകിട്ട് അഞ്ചിനും അവലോകന യോഗം. വിവിധ വകുപ്പുകളുടെ ആക്ഷൻ ടേക്കൺ റിപ്പോർട്ട് ചർച്ച ചെയ്യുന്നതും ഇവിടെ.എന്നും വൈകിട്ട് നാലു മണിയോട് അടുക്കുമ്പോൾ വാർ റൂമിന് ചൂടേറും. വിവിധ മന്ത്രാലയങ്ങളുടെ പ്രവർത്തനങ്ങൾ, ഇതര സംസ്ഥാനങ്ങളുമായുള്ള കൊവിഡ് നിയന്ത്രണ ഏകോപനങ്ങൾ എന്നിവയും ജനങ്ങളുടെ പ്രശ്നങ്ങളും അപഗ്രഥിക്കുന്നത് ഇവിടെ.ഗതാഗത പ്രിൻസിപ്പൽ സെക്രട്ടറി കെ.ആർ. ജ്യോതിലാലാണ് രണ്ടാം വാർ റൂമിന്റെ മേധാവി. അന്തർ സംസ്ഥാന, അന്തർജില്ലാ ഗതാഗത കാര്യങ്ങൾ അദ്ദേഹം നോക്കും.സഞ്ജയ് കൗളിനാണ് ചരക്കു നീക്കം, വിതരണ ശൃംഖലാ മാനേജ്മെന്റ് എന്നിവ. അന്യസംസ്ഥാന തൊഴിലാളികളുടെ താമസം, ഭക്ഷണം തുങ്ങിയവയുടെ ചുമതല പ്രണബ് ജ്യോതിനാഥ്, കെ. ജീവൻബാബു എന്നിവർക്ക്.ഇവർക്കു കീഴിൽ യുവ ഐ.എ.എസ് ഉദ്യോഗസ്ഥരുടെ നിര. ആരോഗ്യം, പൊലീസ്, റവന്യു, തദ്ദേശഭരണം, ഗതാഗതം, ഭക്ഷ്യ, പൊതുഭരണ വകുപ്പിലെ ഉദ്യോഗസ്ഥരാണ് ഇവിടത്തെ ‘പോരാളികൾ.’ ഡോ.എ. കൗശിഗൻ, ഡോ.എസ്. കാർത്തികേയൻ, വി.ആർ. പ്രേംകുമാർ, ജെറോമിക് ജോർജ് എന്നിവർ ജീവനക്കാരുടെ ഷിഫ്റ്റ് തീരുമാനിക്കും.