സംസ്ഥാനത്ത് ഇന്ന് പന്ത്രണ്ട് പേര്‍ക്ക് കൊവിഡ് ,11 പേര്‍ക്കും സമ്പര്‍ക്കം വഴിയാണ് വൈറസ് ബാധ.
കാസർകോട് 4
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് പന്ത്രണ്ട് പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. 11 പേര്‍ക്കും സമ്പര്‍ക്കം വഴിയാണ് വൈറസ് ബാധ. ഇത് വരെ 357 പേര്‍ക്ക് രോഗം സ്ഥീരികരിക്കുകയും 258 പേര് ഇപ്പോൾ ചികിത്സയിൽ കഴിയുകയും ചെയ്യുന്നുണ്ട്.
സംസ്ഥാനത്ത് കൊവിഡ് ബാധ സ്ഥിരീകരിച്ച് 100 ദിവസം പിന്നിട്ടു. കൊവിഡ് 19 ബാധിച്ച് അതീവ ഗുരുതരാവസ്ഥയിലായ എട്ട് വിദേശികളുടെ ജീവൻ രക്ഷിച്ച് നാട്ടിലേക്ക് തിരിച്ചെത്തിക്കാനായെന്നും മുഖ്യമന്ത്രി പറഞ്ഞു. 83 ഉം 76 ഉം വയസ്സുള്ളവരൊക്കെ ഇക്കൂട്ടത്തിലുണ്ടായിരുന്നു. തിരുവനന്തപുരം എറണാകുളം മെഡിക്കൽ കോളേജുകളിലൊക്കെ ആയാണ് ചികിത്സ നൽകിയതെന്നും മുഖ്യമന്ത്രി പറഞ്ഞു.
കഴിഞ്ഞ ഒരാഴ്ചയായി ആശ്വാസത്തിന്റെ കണക്കുകളാണ് സംസ്ഥാനത്ത് ഉണ്ടായിക്കൊണ്ടിരുന്നത്. കൊവിഡ് വ്യാപനം പിടിച്ച് നിര്‍ത്താൻ കഴിഞ്ഞതിൽ ആശ്വാസം ഒരു വശത്ത് ഉണ്ടെങ്കിലും ലോക്ക് ഡൗൺ അടക്കമുള്ള കാര്യങ്ങളിൽ എന്ത് തീരുമാനം എടുക്കണമെന്ന കാര്യത്തിൽ സംസ്ഥാനത്ത് ഇപ്പോഴും ആശയക്കുഴപ്പം നിലനിൽക്കുകയാണ്. കേന്ദ്ര തീരുമാനം അറിഞ്ഞ ശേഷം തുടര്‍ നടപടികളാകാമെന്ന നിലപാടിലാണ് സര്‍ക്കാര്‍.