ടാറ്റാ ഗ്രൂപ്പിന്റെ കോവിഡ് ആസ്പത്രി നിര്‍മ്മിക്കുന്നത് 15 കോടി ചെലവില്‍
കാസര്‍കോട്: ചട്ടഞ്ചാലിന് സമീപം തെക്കില്‍ പുതിയവളപ്പില്‍ ടാറ്റാ ഗ്രൂപ്പിന്റെ സഹകരണത്തോടെ നിര്‍മ്മിക്കുന്ന കോവിഡ് ആസ്പത്രിയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് നാളെ തുടക്കമാവും. കുന്നും കാടും നിറഞ്ഞ ഈ പ്രദേശത്തുനിന്ന് കാടും മണ്ണും നീക്കി നിരപ്പാക്കുന്ന ജോലിയാണ് ആദ്യ ഘട്ടത്തില്‍ തുടങ്ങുക.
ഇവിടെ 15 ഏക്കര്‍ സ്ഥലത്തിന്റെ സര്‍വെ ഇന്നലെ പൂര്‍ത്തിയാക്കി. അഞ്ചേക്കര്‍ സ്ഥലത്താണ് ഒറ്റനിലയില്‍ പരന്ന് കിടക്കുന്ന ആസ്പത്രി പണിയുക.
പുറമെ നിന്നു നിര്‍മ്മിച്ചു കൊണ്ടു വരുന്ന സ്ട്രക്ചറുകള്‍ ഇവിടെ വെച്ച് യോജിപ്പിച്ച് പ്രീഫാബ്രിക്കേഷന്‍ സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് നിര്‍മ്മാണം. 15 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. മണ്ണുമാന്തി യന്ത്രങ്ങള്‍ ഉപയോഗിച്ച് കുന്നില്‍ ചെരിവും പാറയും നിറഞ്ഞ സ്ഥലം നിരപ്പാക്കുക എന്നതാണ് ആദ്യ വെല്ലുവിളി. ആസ്പത്രി നിര്‍മിക്കാനുള്ള സ്ഥലം ജില്ലാഭരണകൂടം ഒരുക്കി കൊടുക്കുന്നതോടെ ടാറ്റാ ഗ്രൂപ്പ് നിര്‍മ്മാണം ആരംഭിക്കും. ഒരുമാസത്തിനും രണ്ട് മാസത്തിനും ഇടയില്‍ നിര്‍മ്മാണം പൂര്‍ത്തീകരിക്കാന്‍ കഴിയുമെന്നാണ് ടാറ്റാ ഗ്രൂപ്പിന്റെ പ്രതീക്ഷ.
രണ്ടു കെട്ടിടങ്ങളായി 48000 ചതുരശ്ര അടി വിസ്തീര്‍ണത്തിലാണ് ആസ്പത്രി നിര്‍മ്മിക്കുക.
ഒരു കണ്ടെയ്നറില്‍ 400 ചതുരശ്ര അടിയുടെ യൂണിറ്റ് കൊണ്ടുവരാന്‍ കഴിയും. ഇങ്ങനെ 120 കണ്ടെയ്നര്‍ സാമഗ്രികളാണ് എത്തിക്കുക. ഓരോ യൂണിറ്റും ഓരോ മുറികളായി നിര്‍മ്മിച്ച് ഓരോന്നിലും 5 കട്ടിലുകള്‍ സജ്ജീകരിക്കും. ഓരോ മുറിക്കും 40 അടി നീളവും 10 അടി വീതിയുമുണ്ടാകും. ഐ.സി.യു, വെന്റിലേറ്റര്‍ തുടങ്ങിയവ സജ്ജീകരിക്കേണ്ടിവരുമ്പോള് കിടക്കകളുടെ എണ്ണം പുനക്രമീകരിക്കും. ഒരു കണ്ടെയ്നര്‍ ഇവിടെ എത്തിച്ച് ആസ്പത്രിയാക്കാന്‍ 11 ലക്ഷം വരെയാണ് ചെലവ് കണക്കാക്കുന്നത്. ഇങ്ങനെ 120 കണ്ടെയ്നറുകളാണ് എത്തിക്കുക. കിടക്കകളും ടാറ്റ തന്നെ ഒരുക്കും.
നിര്‍മ്മാണത്തിന് നേതൃത്വം നല്കാന് ടാറ്റ ഗ്രൂപ്പിന്റെ 100 തൊഴിലാളികളും 20 സാങ്കേതിക വിദഗ്ദരും അടുത്ത ദിവസങ്ങളില്‍ കാസര്‍കോട്ട് എത്തും.