കൊവിഡ്-19: 2000ത്തിലധികം തടവുകാര്‍ക്ക് ജാമ്യം അനുവദിച്ച് കര്‍ണാടക; ജയിലില്‍ തന്നെ കഴിയാനുറച്ച് ചിലര്‍
ബെംഗളൂരു: രാജ്യത്ത് കൊവിഡ് പടരുന്ന സാഹചര്യത്തില്‍ ജയിലുകളില്‍ തിങ്ങി പാര്‍ക്കുന്നത് ഒഴിവാക്കാന്‍ സുപ്രീം കോടതി നിര്‍ദേശിച്ച പ്രകാരം തടവുകാര്‍ക്ക് ജാമ്യം നല്കി കര്‍ണാടക സര്‍ക്കാര്‍.
കര്‍ണാടക പൊലീസും ജയില്‍ അധികൃതരും സംസ്ഥാന നിയമ സേവന അതോറിറ്റിയും കൂടിയാലോചിച്ചാണ് തീരുമാനം എടുത്തത്. ഇത് പ്രകാരം കര്‍ണാടകയില്‍ 636 വിചാരണ തടവുകാര്‍ക്ക് ജാമ്യവും 1,379 പ്രതികള്‍ക്ക് പരോളും അനുവദിച്ചു.
മാര്‍ച്ച് 26 മുതലാണ് കര്‍ണാടക സര്‍ക്കാര്‍ നടപടികള്‍ ആരംഭിച്ചത്. ജയിലില്‍ കൊവിഡ് വ്യാപനം തടയുന്നതിനായി സംസ്ഥാനത്തെ തടവുകാര്‍ തിങ്ങി പാര്‍ക്കുന്ന വിജയപുര, മൈസൂര്‍ തുടങ്ങിയ സെന്‍ട്രല്‍ ജയിലുകളിലെ തടവുകാരെ മറ്റു ജയിലുകളിലേക്ക് നേരത്തെ മാറ്റിയിരുന്നു.
അതേസമയം ജയിലില്‍ നിന്ന് പുറത്തു പോവാന്‍ അനുമതി ലഭിച്ച 2015 തടവുകാരില്‍ വിചാരണ തടവുകാരായ 23 പേരും 215 പ്രതികളും ജയിലില്‍ നിന്നും പോവുന്നില്ല എന്നു തീരുമാനിച്ചതായി നിയമ സേവന അതോറിറ്റി കര്‍ണാടക ഹൈക്കോടതിയെ അറിയിച്ചു.
പൗരത്വ ഭേദഗതി നിയമത്തിനെതിരെയുള്ള സമരത്തില്‍ പങ്കെടുത്തതടക്കം രാജ്യദ്രോഹ കുറ്റം ചുമത്തി അറസ്റ്റുചെയ്ത വിദ്യാര്‍ത്ഥികളും ജയില്‍ മോചിതരാകാന്‍ വിസമ്മതിച്ചിട്ടുണ്ട്.
ചീഫ് ജസ്റ്റിസ് അഭയ് എസ് ഒക യുടെ നേതൃത്വത്തിലുള്ള ബെഞ്ച് വീഡിയോ കോള്‍ വഴി വാദം കേട്ടു. ഇതു പ്രകാരം ജാമ്യം നിരസിച്ച പ്രതികളോട് അതോറിറ്റി ഇടപെട്ടു സംസാരിക്കണമെന്നും ഹൈക്കോടതി വ്യക്തമാക്കി.
‘ജാമ്യം കിട്ടിയിട്ടും ജയിലില്‍ തന്നെ തുടരാന്‍ തീരുമാനിച്ച തടവുകാരെ ജില്ലയിലെ നിയമ സേവന അതോറിറ്റി സെക്രട്ടറിമാര്‍ ജയിലില്‍ എത്തി സന്ദര്‍ശിക്കുകയും ജാമ്യ ഇളവ് ലഭിക്കുന്നതിനുള്ള അവകാശത്തെക്കുറിച്ച് അവരെ അറിയിക്കണം,’ ഹൈക്കോടതി പറഞ്ഞു.
കര്‍ണാടകയില്‍ ഒന്‍പതു ജയിലുകളിലുമായി 10,000ത്തോളം തടവുകാരുണ്ട്. 21 ജില്ലാ ജയിലുകളിലായി 3,500 തടവുകാരും ഉണ്ട്. ബെംഗളൂരുവിലെ സെന്‍ട്രല്‍ ജയിലാണ് ഏറ്റവും തടവുകാരെ തിങ്ങി പാര്‍പ്പിച്ചിരിക്കുന്ന ഇടം. 3585 വിചാരണത്തടവുകാരുള്‍പ്പെടെ 4881 തടവുകാരാണ് ബെംഗളൂരുവിലെ ജയിലിലുള്ളത്.
രാജ്യത്തുടനീളം ഏഴുവര്‍ഷത്തില്‍ താഴെ ശിക്ഷ ലഭിച്ച വിചാരണ തടവുകാരുടെയും കുറഞ്ഞ വര്‍ഷത്തേക്ക് ജയില്‍ ശിക്ഷയ്ക്ക് വിധിച്ച തടവുകാരെയും മോചിപ്പിക്കാനാണ് മാര്‍ച്ച് 23ന് സുപ്രീംകോടതി ഉത്തരവിട്ടത്.