ദുബായ്: ഗൾഫ് രാജ്യങ്ങളില്‍ കോവിഡ് 19 രോഗബാധിതരുടെ എണ്ണം പതിനായിരം കടന്നു. ഇതിനോടകം 68പേര് മരിച്ചു. യുഎഇ യിൽ രോഗബാധിതരുടെ എണ്ണം 2659ആയി. സൗദി അറേബ്യ – 2932, ഒമാന്‍ – 419, കുവൈത്ത് – 855, ബഹറൈന്‍ – 811, ഖത്തര്‍ – 2200 എന്നിങ്ങനെയാണ് ഇതിനകം രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം .കുവൈത്തില്‍ ഇന്നലെ രോഗം സ്ഥിരീകരിച്ചവരില്‍ 79 പേരും ഇന്ത്യക്കാരാണ്.
രോഗവ്യാപനം ചെറുക്കാനായി ഒമാന്റെ തലസ്ഥാനമായ മസ്കറ്റിൽ നാളെ മുതല്‍ ഈ മാസം 22വരെ സമ്പൂർണ ലോക്ഡൗൺ പ്രഖ്യാപിച്ചു. ദുബായിൽ വാഹനത്തിലിരുന്ന് കൊണ്ടുതന്നെ കോവിഡ് പരിശോധന നടത്താനുള്ള രണ്ട് കേന്ദ്രങ്ങൾ പുതുതായി പ്രവർത്തനം ആരംഭിച്ചു. നേരത്തേ വെബ്സൈറ്റ് വഴി അനുമതി വാങ്ങിയശേഷമായിരിക്കണം ഈ കേന്ദ്രങ്ങളിലേക്ക് പോകേണ്ടത്.
യുഎഇയിൽ ദേശീയ അണുനശീകരണ പരിപാടി നീട്ടിയതിനാൽ എല്ലാ വാണിജ്യ പരിപാടികൾക്കുമുള്ള നിയന്ത്രണം ഏപ്രിൽ 18 വരെ തുടരുമെന്ന് ദുബായ് സാമ്പത്തികവിഭാഗം അറിയിച്ചു. നിശ്ചിതവിഭാഗം പതിവുപോലെ പ്രവർത്തിക്കും. നിയന്ത്രണ സമയത്ത് അനാവശ്യമായി പുറത്തിറങ്ങുന്നവർക്ക് പിഴയും ശിക്ഷയുമുൾപ്പടെയുള്ള നടപടികൾ നേരിടേണ്ടിവരും.