അടച്ചുപൂട്ടൽ നീട്ടേണ്ടിവരും ; സംസ്ഥാനങ്ങളും അനുകൂലം ;അന്തർസംസ്ഥാന ട്രെയിനുകളും വിമാന സർവീസുകളും ഉടനില്ല
ന്യൂഡൽഹി :രാജ്യവ്യാപക അടച്ചുപൂട്ടൽ 14നു ശേഷം ഒറ്റയടിക്ക് പിൻവലിക്കാനാകില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി. ശനിയാഴ്ച മുഖ്യമന്ത്രിമാരുമായി നടത്തുന്ന വീഡിയോ കോൺഫറൻസിനുശേഷം അന്തിമതീരുമാനമുണ്ടാകും. സാമൂഹ്യ അടിയന്തരാവസ്ഥയ്ക്ക് സമാനസാഹചര്യമാണ് രാജ്യത്തെന്നും പ്രയാസമേറിയ തീരുമാനം വേണ്ടിവരുമെന്നും കക്ഷിനേതാക്കളുമായുള്ള വീഡിയോ കോൺഫറൻസിൽ പ്രധാനമന്ത്രി പറഞ്ഞു.
അടച്ചിടല്‍ നീട്ടണമെന്ന നിര്‍ദേശത്തോട് യോഗത്തില്‍ യോജിപ്പ് പ്രകടമായി. ദുരിതത്തിലായവരെ സംരക്ഷിക്കണമെന്നും കാർഷികമേഖലയെ കർശന നിയന്ത്രണങ്ങളിൽനിന്ന് ഒഴിവാക്കണമെന്നും സംസ്ഥാനങ്ങൾക്ക് മതിയായ സഹായവും പിന്തുണയും നൽകണമെന്നും ആവശ്യമുയർന്നു. ഗുലാം നബി ആസാദ് (കോൺഗ്രസ്), ശരദ് പവാർ (എൻസിപി), എളമരം കരീം (സിപിഐ എം), സുദീപ് ബന്ദോപാധ്യായ (ടിഎംസി), ടി ആർ ബാലു (ഡിഎംകെ), സതീഷ് മിശ്ര (ബിഎസ്പി), രാംഗോപാൽ യാദവ് (എസ്പി), പിനാകി മിശ്ര (ബിജെഡി) തുടങ്ങിയവർ പങ്കെടുത്തു.
സംസ്ഥാനങ്ങളും അനുകൂലം
പഞ്ചാബ്, മഹാരാഷ്ട്ര, ഗോവ, ഒഡീഷ സംസ്ഥാനങ്ങൾ അടച്ചുപൂട്ടൽ നീട്ടണമെന്ന് ബുധനാഴ്ച ആവശ്യപ്പെട്ടു. യുപി, മധ്യപ്രദേശ്, രാജസ്ഥാൻ, ഛത്തീസ്ഗഢ്, ഹരിയാന, തെലങ്കാന, കർണാടക എന്നിവ കഴിഞ്ഞ ദിവസം ഇതേ ആവശ്യം ഉന്നയിച്ചു. നിയന്ത്രണം തുടരണമെന്ന നിലപാടിലാണ് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളും.
പൊതു ഇടങ്ങൾ മെയ് പകുതിവരെ അടച്ചിടണം
പൊതു ഇടങ്ങൾ മെയ് പകുതിവരെ അടച്ചിടണമെന്ന് മന്ത്രി രാജ്നാഥ് സിങ്ങിന്റെ നേതൃത്വത്തിലുള്ള മന്ത്രിതല സമിതി റിപ്പോർട്ട് നൽകി. വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ആരാധനാലയങ്ങൾ, ഷോപ്പിങ് മാളുകൾ എന്നിവ നാലാഴ്ചകൂടി നിർത്തിവയ്ക്കണം.
പൊതു ഇടങ്ങൾ ഡ്രോൺ ഉപയോഗിച്ച് നിരീക്ഷിക്കണം. അന്തർസംസ്ഥാന ട്രെയിനുകളും വിമാന സർവീസുകളും ഉടൻ തുടങ്ങേണ്ടതില്ല. മെട്രോ സർവീസും നിയന്ത്രിക്കണം. രോഗവ്യാപനം രൂക്ഷമായ കേന്ദ്രങ്ങൾ അടച്ചിടണം. കമ്പോളങ്ങൾ ഓരോ wദിവസം ഇടവിട്ട് പ്രവർത്തിക്കുന്ന സംവിധാനം ആലോചിക്കാമെന്നും -സമിതി നിർദേശിച്ചു.