നിശബ്ദത അസഹനീയമാകുന്നു, കൊറോണയ്ക്ക് കൊണ്ടു പോകാനുള്ളതല്ല നമ്മുടെ പൊതു ഇടങ്ങളെന്നും സെബാസ്റ്റ്യന്‍ പോള്‍; വിമര്‍ശനവുമായി മകനും മരുമകളും
കൊച്ചി: ലോക്ഡൗണ്‍ പ്രഖ്യാപിച്ചതിന് ശേഷം മൈക്ക് തൊടാന്‍ പറ്റിയിട്ടില്ലെന്നും വൈകുന്നേരങ്ങളിലെ നിശബ്ദത അസഹനീയതയുണ്ടാക്കുന്നെന്നും അഭിഭാഷകനും പൊതു പ്രവര്‍ത്തകനുമായ സെബാസ്റ്റ്യന്‍ പോള്‍. എന്നാല്‍ പോസ്റ്റിന് പിന്നാലെ വിമര്‍ശനവുമായി മകനും മരുമകളും രംഗത്തെത്തി.
കൊറോണയ്ക്ക് കൊണ്ടു പോകാനുള്ളതല്ല നമ്മുടെ പൊതു ഇടങ്ങളെന്നും നഷ്ടപ്പെട്ട വെളിച്ചവും ശബ്ദവും തിരികെ പിടിക്കണമെന്നും സെബാസ്റ്റ്യന്‍ പോള്‍ തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു. സെബാസ്റ്റ്യന്‍ പോളിന്റെ പോസ്റ്റിങ്ങനെ,
‘അവസാനത്തെ മൈക്ക് മുപ്പതു ദിവസം മുന്‍പായിരുന്നു. കോതമംഗലത്തിനടുത്തു തൃക്കാരിയുരില്‍. വൈകുന്നേരങ്ങളിലെ നിശബ്ദത അസഹനീയമാകുന്നു. നമുക്ക് നഷ്ടമായ ശബ്ദവും വെളിച്ചവും തിരികെപ്പിടിക്കണം. ലോക്ക്ഡൗണിലായ പൊതുഇടങ്ങള്‍ തുറക്കണം. കൊറോണയ്ക്കു കൊണ്ടുപോകാനുള്ളതല്ല നമ്മുടെ സ്വാതന്ത്ര്യവും ജനാധിപത്യവും.’
തൊട്ടു പിന്നാലെ മരുമകള്‍ സബീനാ ഇസ്മായില്‍ വിമര്‍ശിച്ചു കൊണ്ട് കമന്റ് ചെയ്യുകയായിരുന്നു.
ഒരു പൊതു വ്യക്തി ആയിരുന്നു എന്ന ലേബലില്‍ അബദ്ധങ്ങള്‍ വിളിച്ചു പറയരുതെന്നായിരുന്നു മരുമകള്‍ സബീന ഇസ്മായില്‍ കമന്റ് ചെയ്ത്. ഇത്തരം ആഹ്വാനങ്ങള്‍ ബ്രിട്ടണ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്റെ സ്ഥിതിയെയാണ് ഓര്‍മിപ്പിക്കുന്നതെന്നും സബീന കമന്റ് ചെയ്തു.
‘കോവിഡ് വന്നതോടെ ആളുകള്‍ കുറേക്കൂടി നന്മയുള്ളവരായി മാറി എന്ന് പലരും പറയുന്നുണ്ട്. പക്ഷേ അടിസ്ഥാനപരമായി നന്മയില്ലാത്തവര്ക്ക് കോവിഡല്ല, ഏത് മഹാവിപത്തും അവനവനിലേക്ക് കൂടുതല്‍ ചുരുങ്ങാനുള്ള അവസരം ഉണ്ടാക്കുകയേ ഉള്ളൂ. ഒരു പൊതുവ്യക്തി ആയിരുന്നു എന്ന ലേബലില്‍ ഇത്തരം അബദ്ധങ്ങള്‍ പറയരുത്. ഇത്തരം ആഹ്വാനങ്ങള്‍ കേള്‍ക്കുമ്പോള്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്റെ അവസ്ഥയാണ് ഓര്മ വരുന്നത്. ഇറ്റലിയിലെയും അമേരിക്കയിലെയും ഇപ്പോഴത്തെ അവസ്ഥക്ക് കാരണവും ആലോചനയില്ലാത്ത ഇത് പോലുള്ള പ്രസ്താവനകളാണ്,’ സബീന കമന്റെ് ചെയ്തു.
അതിന് തൊട്ടു താഴെയായാണ് മകന് റോണ്‍ ബാസ്റ്റിയനും വിമര്‍ശനവുമായി രംഗത്തെത്തിയത്. സ്വാതന്ത്യവും ജനാധിപത്യവും മൈക്കിനുമുന്നില്‍ വ്യക്തികള്‍ക്ക് സ്വയം അഭിരമിക്കുവാനുളളതല്ലെന്നും എല്ലാ സൗകര്യങ്ങളുമുള്ളവരുടെ വൈകുന്നേരങ്ങള്‍ക്ക് എന്ത് അസഹനീയതയാണെന്നും അദ്ദേഹം പറഞ്ഞു.
‘സ്വാതന്ത്ര്യവും ജനാധിപത്യവും ജനങ്ങളുടെ ജീവിതം മെച്ചപ്പെടുത്തുവാന്‍ ഉദ്ദേശിച്ചുള്ളതാണ്. അല്ലാതെ വ്യക്തികള്‍ക്ക് മൈക്കിന് മുന്നില്‍ നിന്ന് സ്വയം അഭിരമിക്കുവാനുള്ളതല്ല. തൊഴിലും താമസസൗകര്യവും നഷ്ടപ്പെട്ട് ആയിരങ്ങള്‍ കാല്‍നടയായി നൂറുകണക്കിന് കിലോമീറ്ററുകള്‍ താണ്ടുമ്പോള്‍ എല്ലാ സൗകര്യങ്ങളും ഉള്ളവരുടെ വൈകുന്നേരത്തെ നിശ്ശബ്ദതതക്ക് എന്ത് അസഹനീയതയാണ് ഉള്ളത്? അവരുടെ ജീവിതത്തിലേക്ക് ശബ്ദവും വെളിച്ചവും കൊണ്ടുവരാന്‍ ഒന്നും ചെയ്തില്ലെങ്കിലും, ചുരുങ്ങിയ പക്ഷം അതിന് വേണ്ടി കേരളത്തിലെങ്കിലും നടക്കുന്ന ശ്രമങ്ങളെ പരാജയപ്പെടുത്താനുള്ള ആഹ്വാനം നടത്താതിരിക്കാം. അതാണ് ഉത്തരവാദപ്പെട്ട സ്ഥാനങ്ങളില്‍ ഇരുന്നിട്ടുള്ളവര്‍ ചെയ്യേണ്ടത്,’ റോണ്‍ ബാസ്റ്റിനും പറഞ്ഞു.
പോസ്റ്റിന് പിന്നാലെ പലരും വിമര്‍ശനവുമായി രംഗത്തെത്തി. ‘താങ്കളേപ്പൊലുള്ളവര്‍ ആളുകളുടെ ക്ഷമാശീലത്തിനു പരിക്കേല്‍പ്പിക്കാന്‍ പാകത്തിന് സംസാരിക്കാന്‍ പാടുണ്ടോ?’ എന്നും ‘പറഞ്ഞതുമായി അംഗീകരിക്കാന്‍ സാധിക്കില്ല’ എന്നും വിമര്‍ശനങ്ങളുയര്‍ന്നു.