കാസര്‍കോട്-കര്‍ണാടക അതിര്‍ത്തിയില്‍ ചികിത്സ കിട്ടാതെ ഒരു മരണം കൂടി
കാസര്‍കോട്: കാസര്‍കോട്-കര്‍ണാടക അതിര്‍ത്തിയില്‍ ചികിത്സ കിട്ടാതെ ഒരു മരണം കൂടി. ഉപ്പള സ്വദേശി അബ്ദുള്‍ സലീമാണ് ചികിത്സ കിട്ടാതെ മരിച്ചത്.
ഹൃദയ സംബന്ധമായ രോഗത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു അബ്ദുള്‍ സലീം. എന്നാല്‍ മംഗളൂരുവിലെ ആശുപത്രിയിലേക്ക് എത്തിക്കാന്‍ സാധിക്കാത്തതിനെ തുടര്‍ന്നാണ് മരണം സംഭവിച്ചത്.
രണ്ടു ദിവസം മുമ്പാണ് അബ്ദുള്‍ സലീമിനെ മംഗളൂരുവിലെ ആശുപത്രിയിലെത്തിക്കാന്‍ ശ്രമിച്ചിരുന്നത്. എന്നാല്‍ അന്ന് കര്‍ണാടക അധികൃതര്‍ യാത്ര തടസ്സപ്പെടുത്തുകയായിരുന്നു.
അടിയന്തര ചികിത്സയ്ക്കായി ബുധനാഴ്ച മംഗളൂരുവിലേക്ക് പോയ മൂന്ന് രോഗികളില്‍ രണ്ടു പേര്‍ക്കും കര്‍ണാടക ചികിത്സ നിഷേധിച്ചിരുന്നു.
രോഗികളുമായി പോകുന്ന വാഹനങ്ങള്‍ തലപ്പാടി വഴിയാണ് വിടുക എന്നായിരുന്നു പറഞ്ഞിരുന്നത്. എന്നാല്‍ അതിര്‍ത്തി പ്രശ്നത്തിന് പരിഹാരമായെങ്കിലും കര്‍ണാടകയില്‍ ചികിത്സ നിഷേധിക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്.
അതേസമയം കഴിഞ്ഞ ദിവസമാണ് കാസര്‍കോട് കര്‍ണാടക അതിര്‍ത്തിയില്‍ മെഡിക്കല്‍ സംഘമെത്തിയത്. കേരളവും കര്‍ണാടകവും അതിര്‍ത്തിയില്‍ മെഡിക്കല്‍ സംഘത്തെ നിയോഗിച്ചിട്ടുണ്ട്.
മെഡിക്കല്‍ സംഘം അനുമതി നല്‍കുന്നവര്‍ക്ക് മംഗളൂരുവില്‍ ചകിത്സയ്ക്കായി പോകാമെന്നായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞിരുന്നത്.