തിരുവനന്തപുരം: നടന് മോഹന്‍ലാല്‍ കൊവിഡ് ബാധിച്ച് മരിച്ചെന്ന് വാര്‍ത്ത പ്രചരിപ്പിച്ച വ്യക്തിയെ പോലീസ് അറസ്റ്റ് ചെയ്തു. കാസര്‍ഗോഡ് പാഡി സ്വദേശി സമീര്‍ ബിയാണ് അറസ്റ്റിലായത്. തിരുവനന്തപുരം റേഞ്ച് ഡി ഐ ജി കെ സഞ്ജയ്കുമാര്‍ ഐപിഎസിന്റെ നേതൃത്വത്തില്‍ ഉള്ള സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
കൊവിഡ് വൈറസുമായി ബന്ധപ്പെട്ട് നിരവധി വിഐപികളെയും സെലിബ്രിറ്റികളെയും ബാധിക്കുന്ന തരത്തില്‍ വ്യാജ വാര്‍ത്ത പ്രചരിപ്പിച്ചതിനും, പരിഭ്രാന്തി സൃഷ്ടിക്കുകയും ചെയ്തതിനാണ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തതെന്ന് പോലീസ് അറിയിച്ചു.
ഏപ്രില്‍ ഫൂളുമായി ബന്ധപ്പെട്ടായിരുന്നു മോഹന്‍ലാല്‍ കൊവിഡ് ബാധിച്ച് മരിച്ചെന്ന വാര്‍ത്ത ഇയാള്‍ പ്രചരിപ്പിച്ചത്. കൊവിഡുമായി ബന്ധപ്പെട്ട വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കരുതെന്ന മുഖ്യമന്ത്രിയുടെ മുന്നറിയിപ്പ് നിലനില്‍ക്കേയായിരുന്നു ഇയാള്‍ വ്യാജ വാര്‍ത്ത പ്രചരിച്ചത്.
ഇയാള്‍ക്കെതിരെ ഐപിസി 469, സിഐടി 66, ദുരന്ത നിവാരണ 54 നിയമ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തു. പോലീസ് പരിശോധനക്കിടയില്‍ വ്യാജ വാര്‍ത്തകള്‍ നിര്‍മ്മിക്കാനും, പ്രചരിപ്പിക്കാനും ഉപയോഗിച്ച ഉപകരണങ്ങള്‍ പിടിച്ചെടുത്തു. വ്യാജ വാര്‍ത്ത പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി തുടരുന്നതാണ്.