കാസർകോട് മെഡി. കോളേജ്: യുഡിഎഫ് ചെയ്തത് തറക്കല്ലിടൽമാത്രം; പണിതുടങ്ങാൻ എൽഡിഎഫ് സർക്കാരിന് നിവേദനവും നൽകി
തിരുവനന്തപുരം ; കാസർകോട് ഗവ. മെഡിക്കൽ കോളേജിന്റെ നിർമാണം സംബന്ധിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ വാദം പച്ചക്കള്ളം. തന്റെ കാലത്ത് അക്കാദമിക് ബ്ലോക്കിന്റെ നിർമാണം പൂർത്തിയാക്കിയെന്നും ആശുപത്രി ബ്ലോക്കിന്റെ നിർമാണം തുടങ്ങിയെന്നുമാണ് ഉമ്മൻചാണ്ടിയുടെ വാദം. എന്നാൽ, ഉമ്മൻചാണ്ടി തറക്കല്ല് മാത്രമേ ഇട്ടിരുന്നുള്ളൂ. മെഡിക്കൽ കോളേജിന്റെ നിർമാണം തുടങ്ങിയത് ഈ സർക്കാരിന്റെ കാലത്താണ്.
2016 മേയിൽ എൽഡിഎഫ് അധികാരത്തിലേറിയ ഉടൻ എൻ എ നെല്ലിക്കുന്ന് എംഎൽഎയുടെ നേതൃത്വത്തിൽ സമരസമിതി ഭാരവാഹികൾ ആരോഗ്യമന്ത്രി കെ കെ ശൈലജയെ കാണാനെത്തി. അവരുടെ നിവേദനത്തിലെ ആദ്യ ആവശ്യം ‘അക്കാദമിക്ക് ബ്ലോക്കിന്റെ പണി ഉടൻ തുടങ്ങുക’ എന്നതായിരുന്നു. അതായത് ഉമ്മൻചാണ്ടിയുടെ കാലത്ത് തറക്കല്ലിട്ട അക്കാദമിക് ബ്ലോക്കിന്റെ പണി ആരംഭിക്കണമെന്ന്. യുഡിഎഫ് ഭരണകാലത്ത് ഒന്നും ചെയ്തിട്ടില്ലെന്നും ഒരു കെട്ടിടംപോലും പൂർത്തിയായില്ല എന്നതിനും ആ നിവേദനംതന്നെ സാക്ഷ്യം.
എൽഡിഎഫ് സർക്കാർ ഉടൻ അക്കാദമി ബ്ലോക്കിന്റെ ആവശ്യമായ ഭൂമി പൂർണമായി ഏറ്റെടുത്ത് 25 കോടിയിലധികം തുക ചെലവഴിച്ച് ബ്ലോക്ക് പണി പൂർത്തിയാക്കി. തുടർന്ന്, 2018 നവംബർ 25ന് മുഖ്യമന്ത്രി പിണറായി വിജയൻ ആശുപത്രി ബ്ലോക്കിന് തുടക്കം കുറിച്ചു. രണ്ട് വർഷത്തിനകം മെഡിക്കൽ കോളേജ് ആശുപത്രി കെട്ടിടം യാഥാർഥ്യമാക്കി.95.09 കോടി രൂപയാണ് വകയിരുത്തിയത്. സെപ്തമ്പറിൽ പൂർണ പ്രവർത്തന സജ്ജമാകും. കൂടാതെ 29.01 കോടിയുടെ ഹോസ്റ്റൽ ക്വാർട്ടേഴ്സ്, എട്ടു ലക്ഷത്തിന്റെ കുടിവെള്ള സംവിധാനം, 23 ലക്ഷത്തിന്റെ വെന്റിലേഷൻ സിസ്റ്റം, 80 ലക്ഷത്തിന്റെ ഇലിവേറ്റർ സിസ്റ്റം എന്നിവയെല്ലാം അനുവദിച്ചു. കഴിഞ്ഞമാസം 14ന് പുതിയ മെഡിക്കൽ കോളേജിൽ ഒപി ആരംഭിക്കാനിരിക്കെയാണ് മഹാമാരി വന്നത്. ഉദ്ഘാടനം നടന്നില്ലെങ്കിലും ഈ സർക്കാർ യാഥാർഥ്യമാക്കിയ മെഡിക്കൽ കോളേജ് കോവിഡ് ആശുപത്രിയാക്കി.
മെഡിക്കൽ കോളേജ് എൽഡിഎഫ് സർക്കാർ യാഥാർഥ്യമാക്കുന്നതിന്റെ ജാള്യം മറയ്ക്കാനുള്ള തത്രപ്പാടിലാണ് ഉമ്മൻചാണ്ടി. ജില്ലകൾതോറും മെഡിക്കൽ കോളേജ് പ്രഖ്യാപിച്ച് തറക്കല്ലിട്ട് ജനങ്ങളെ പറ്റിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായിരുന്നു ഉമ്മൻചാണ്ടി സർക്കാരിന്റെ മെഡിക്കൽ കോളേജ് പ്രഖ്യാപനവും.
യുഡിഎഫ് സർക്കാർ ചെയ്തത്
2012 മാർച്ച് 24ന് ഭരണാനുമതി നൽകി. തുടർന്ന് ഒന്നും ചെയ്തില്ല. 2014 ലെ ലോക്സഭാ തെരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് 2013 നവംബർ 30ന് കാസർകോട് മെഡിക്കൽ കോളേജിന് തറക്കല്ലിട്ടുവെന്ന പേരിൽ റോഡിന് തറക്കല്ലിട്ടു. രണ്ട് വർഷം പിന്നിട്ട് 2015ലും നിർമാണം തുടങ്ങാതായതോടെ പ്രദേശത്ത് ജനകീയസമരം രൂപപ്പെട്ടു. 2016ൽ നിയമസഭാ തെരഞ്ഞെടുപ്പുകാലത്ത് പിടിച്ചുനിൽക്കാൻ സ്ഥലം യുഡിഎഫ് എംഎൽഎ എൻ എ നെല്ലിക്കുന്ന് 2016 ജനുവരി 28ന് നിർമാണം ഉദ്ഘാടനംചെയ്തു. തറക്കല്ലിട്ട് രണ്ട് വർഷത്തിനുശേഷമായിരുന്നു ഇത്. തെരഞ്ഞെടുപ്പുകാലത്ത് നിർമാണ പ്രവൃത്തിയുടെ ഫോട്ടോ പ്രചരിപ്പിക്കാൻ മാത്രമായിരുന്നു ലക്ഷ്യം. ഒന്നും ചെയ്തില്ല.