കാസര്‍കോട് ജനറല്‍ ആശുപത്രിയിലെ ഐസൊലേഷന്‍ വാര്‍ഡില്‍ നിന്നും പിടികൂടിയതിനു പിന്നാലെ ചത്ത പൂച്ചകളുടെ ആന്തരികാവയവങ്ങള്‍ വിദഗ്ദ്ധ പരിശോധനയ്ക്ക്; നടപടി യു എസില്‍ പെണ്‍കടുവയില്‍ കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന്
കാസര്‍കോട്: കാസര്‍കോട് ജനറല്‍ ആശുപത്രിയിലെ ഐസൊലേഷന്‍ വാര്‍ഡില്‍ നിന്നും പിടികൂടിയതിനു പിന്നാലെ ചത്ത പൂച്ചകളുടെ ആന്തരികാവയവങ്ങള്‍ വിദഗ്ദ്ധ പരിശോധനയ്ക്ക്. യു എസില്‍ പെണ്‍കടുവയില്‍ കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് ഇത്തരമൊരു നടപടി സ്വീകരിച്ചത്. ചത്ത രണ്ടു വയസുള്ള കണ്ടന് പൂച്ചയുടെയും 20 ദിവസം പ്രായമുള്ള രണ്ട് പൂച്ചക്കുട്ടികളുടെയും ആന്തരികാവയവ സാമ്ബിളുകള്‍ മൃഗസംരക്ഷണ വകുപ്പിന്റെ കാഞ്ഞങ്ങാട് ജില്ലാ ലാബില്‍ ഡി ഫ്രീസറില്‍ സൂക്ഷിച്ചിരിക്കുകയാണ്. തിരുവനന്തപുരം പാലോടുള്ള ചീഫ് ഡിസീസ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസറെ ഇക്കാര്യം അറിയിച്ചതായി അധികൃതര്‍ വ്യക്തമാക്കി.
തിരുവനന്തപുരത്ത് പരിശോധിച്ച ശേഷം ആവശ്യമെങ്കില്‍ ഭോപ്പാലിലുള്ള നാഷണല്‍ ഹൈ സെക്യൂരിറ്റി ആനിമല്‍ ഡിസീസ് ലാബിലേക്കും അയക്കും. ജന്തുരോഗ നിയന്ത്രണ പദ്ധതി ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ഡോ. ടിറ്റോ ജോസഫ്, ജില്ലാ എപ്പിഡെമിയോളജിസ്റ്റ് ഡോ. എം ജെ സേതുലക്ഷ്മി എന്നിവരാണ് കഴിഞ്ഞ ദിവസം ഇവയെ പോസ്റ്റ്മോര്‍ട്ടം നടത്തിയത്. പ്രാഥമിക പരിശോധനയില്‍ കോവിഡ് ഇല്ലെന്നാണ് സൂചന ലഭിച്ചിരിക്കുന്നതെന്ന് ഇവര്‍ വ്യക്തമാക്കി.
എന്നാലും സൂക്ഷ്മ പരിശോധനയിലൂടെ ഇത് ഉറപ്പു വരുത്താനാണ് വിദഗ്ദ്ധ പരിശോധനയ്ക്ക് അയയ്ക്കാന്‍ തീരുമാനിച്ചത്. ദിവസങ്ങള്‍ക്കു മുമ്ബാണ് ജനറല്‍ ആശുപത്രിയിലുണ്ടായിരുന്ന പൂച്ചകളെ പിടികൂടി ജില്ലാ പഞ്ചായത്തിന്റെ എബിസി കേന്ദ്രത്തിലേക്കു മാറ്റിയത്. രണ്ടു പൂച്ചകള്‍ ദിവസങ്ങള്‍ക്കകം ചത്തു. ഇവയെ പോസ്റ്റ്മോര്‍ട്ടം ചെയ്യാതെ മറവു ചെയ്തിരുന്നു. പിന്നീട് ചത്ത മൂന്നു പൂച്ചകളെയാണ് കാഞ്ഞങ്ങാട് ലാബില്‍ പോസ്റ്റ് മോര്‍ട്ടം നടത്തിയത്.