കൊവിഡ് രോഗിയാണ്, ചികിത്സയും ആഹാരവും ഇല്ല; കരഞ്ഞ് പറഞ്ഞ് ദില്ലിയിലെ മലയാളി നഴ്സ്
കൊവിഡ് ബാധിച്ച് ചികിത്സയിൽ കഴിയുന്ന മലയാളി നഴ്സുമാര്‍ ഒരു പരിചരണവും കിട്ടാതെ ദുരിതത്തിലാണെന്ന വാര്‍ത്ത പുറത്ത് വന്നതിന് പിന്നാലെയാണ് അവസ്ഥ വിവരിച്ച് നഴ്സ് രംഗത്തെത്തുന്നത്.
ന്യൂഡൽഹി : ചികിത്സയും പരിചരണവും പോയിട്ട് കുടിക്കാൻ വെള്ളം പോലും കിട്ടുന്നില്ലെന്ന് കരഞ്ഞ് പറഞ്ഞ് കൊവിഡ് ബാധിതയായി ദില്ലിയിൽ ചികിത്സയിൽ കഴിയുന്ന മലയാളി നഴ്സ്. ദില്ലി ക്യാൻസര്‍ ഇൻസ്റ്റിറ്റ്യൂട്ടിൽ ജോലി ചെയ്തിരുന്ന കിഴുവള്ളൂര്‍ സ്വദേശി യാണ് ദയനീയ അവസ്ഥ തുറന്ന് പറഞ്ഞ് എത്തുന്നത്.
ആശുപത്രിയിലെ ജനറൽ വാര്‍ഡിലെ ബെഡിലാണ് കിടക്കുന്നത്. വേറെ എങ്ങും നിര്‍ത്താനിടമില്ലാത്തതിനാൽ രണ്ട് കുഞ്ഞുങ്ങളും ഒപ്പമുണ്ട്. കുഞ്ഞുങ്ങളുടെ കൊവിഡ് ടെസ്റ്റ് പോലും ഇത് വരെ നടത്തിയിട്ടില്ല. മരുന്നും ചികിത്സയും മാത്രമല്ല വിശന്നാൽ ആഹാരമോ കുടിവെള്ളമോ പോലും ഇല്ലാത്ത അവസ്ഥയാണെന്നും മലയാളി നഴ്സ് പറയുന്നു.
ചികിത്സ വേണം . ദുരിതാവസ്ഥയിൽ നിന്ന് രക്ഷിക്കാൻ നാട്ടിലെ സര്‍ക്കാര്‍ സംവിധാനങ്ങൾ അടിയന്തരമായി ഉണ്ടാകണമെന്നും നഴ്സ് അഭ്യര്‍ത്ഥിക്കുന്നു, നഴ്സുമാരുടെ അസോസിയേഷൻ സഹായവുമായി കഴിഞ്ഞ ദിവസം എത്തിയിരുന്നെങ്കിലും ഇവരെ ആശുപത്രിയിലേക്ക് കടത്തി വിടാത്ത സാഹചര്യമായിരുന്നു.
ഇന്ന് ഒരു മലയാളി നഴ്സിന് കൂടി കൊവിഡ് സ്ഥിരീകരിച്ചതോടെ ദില്ലിയിൽ ഇതോടെ രോഗം ബാധിച്ച മലയാളി നഴ്സുമാരുടെ എണ്ണം 10 ആയി. നേരത്തെ ക്യാൻസർ ഇൻസ്റ്റിറ്റ്യൂട്ടിലെ ഒൻപത് മലയാളി നഴ്സുമാർക്കും കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ദില്ലിയിൽ ഇതുവരെ 26 ഡോക്ടർമാർക്കും നഴ്സുമാർക്കുമാണ് രോഗം സ്ഥിരീകരിച്ചത്. കൂടുതൽ ആരോഗ്യപ്രവർത്തകർക്ക് രോഗം സ്ഥിരീകരിക്കുന്നത് രാജ്യത്ത് വലിയ പ്രതിസന്ധിയുണ്ടാക്കുന്നുണ്ട്. അതേ സമയം രോഗം ബാധിച്ച് ചികിത്സയിൽ കഴിയുന്ന മലയാളി നഴ്സുമാർക്ക് മതിയായ പരിചരണം കിട്ടുന്നില്ലെന്ന പരാതി ചൂണ്ടിക്കാട്ടി നേരത്തെ മുഖ്യമന്ത്രി പിണറായി വിജയൻ ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് കത്തയച്ചിരുന്നു.