പുറത്തിറങ്ങുന്നവരെ പിടികൂടാന്‍ ജില്ലയില്‍ പോലീസ് ഡ്രോണ്‍ നിരീക്ഷണം ആരംഭിച്ചു- ഐ ജി
കാസർകോട് : പോലീസിന്റെ നേതൃത്വത്തില്‍ ഡബിള്‍ ലോക് ഡൗണ്‍ ഏര്‍പ്പെടുത്തിയ ആറ് പഞ്ചായത്തുകളിലും കാസര്‍കോട് നഗരസഭയിലുംച പുറത്തിറങ്ങുന്നവരുടെ ദൃശ്യങ്ങള്‍ പകര്‍ത്തി പിടികൂടാന്‍ ഡ്രോണ്‍ നിരീക്ഷണം ആരംഭിച്ചുവെന്ന് ഐ ജി വിജയ് സാഖറെ പറഞ്ഞു. ഈ പ്രദേശങ്ങളില്‍ കര്‍ശന നിയന്ത്രണങ്ങളുണ്ടായിട്ടും ആളുകള്‍ പുറത്തിറങ്ങുന്നത് ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്നാണ് പോലീസ് ഡ്രോണ്‍ നിരീക്ഷണം ആരംഭിച്ചത്. പള്ളിക്കര, ഉദുമ, ചെമ്മനാട്,ചെങ്കള, മധുര്, മെഗ്രാല്‍ പുത്തൂര്‍ പഞ്ചായത്തുകളും കാസര്‍കോട് നഗരസഭ പ്രദേശങ്ങളിലുമാണ് ഡ്രോണ്‍ നിരീക്ഷണം ശക്തമാക്കിയത്.അടിയന്തര ചികിത്സയുമായി ബന്ധപ്പെട്ടല്ലാതെ ഈ പ്രദേശങ്ങളില്‍ നിന്നും ആളുകളെ പുറത്തിറങ്ങാന്‍ അനുവദിക്കില്ല. നിലവില്‍ ഈ പ്രദേശങ്ങള്‍ എല്ലാം പോലീസിന്റെ കര്‍ശന നിയന്ത്രണത്തിലായിക്കഴിഞ്ഞു. അവശ്യ സാധനങ്ങള്‍ വീട്ടിലെത്തിച്ചു നല്കാന് പോലീസ് സന്നദ്ധമാണ്. നിര്‍ദ്ദേശം ലംഘിച്ച് ആരെങ്കിലും പുറത്തിറങ്ങിയാല്‍ അവരുടെ ദൃശ്യങ്ങള്‍ ഡ്രോണില്‍ പതിയും അവരെ പിടികൂടി അവരെ സര്‍ക്കാരിന്റെ പ്രത്യേക നിരീക്ഷണ കേന്ദ്രത്തിലേക്ക് മാറ്റും. കൂടാതെ അവര്‍ക്കെതിരെ കര്‍ശന നിയമ നടപടിയുമുണ്ടാകുമെന്നും ഐ ജി അറിയിച്ചു.
ഏഴ് ഡ്രോണുകളാണ് നിയന്ത്രണം ലംഘിക്കുന്നവരെ പിടികൂടാന്‍ പോലീസ് ഒരുക്കിയിട്ടുള്ളത്.ഡ്രോണ്‍ നിരീക്ഷണത്തിന് കോഴിക്കോട് സോണല്‍ ഐ ജി അശോക് യാദവ്,ജില്ലാ പോലീസ് മേധാവി പി എസ് സാബു,ടെലി കമ്മ്യൂണിക്കേഷന്‍ എസ് പി ഡി ശില്പ, ഡിവൈഎസ് പി പി ബാലകൃഷ്ണന് നായര്‍ സി ഐ അബ്ദുല്‍ റഹീം എന്നിവര്‍ മേല്‍നോട്ടം വഹിച്ചു.