പാവപ്പെട്ട രോഗികൾക്ക് വീട്ടിൽ സൗജന്യമായി മരുന്നെത്തിക്കാം’, ചെയ്യേണ്ടതെന്ത്? മന്ത്രി പറയുന്നു
ലോക്ക്ഡൗൺ കാലത്ത് രോഗികളായി കഴിയുന്ന മലയാളി നഴ്സുമാർ, ആരോഗ്യപ്രവർത്തകർക്കുള്ള പിപിഇ ഉപകരണങ്ങളും വെന്റിലേറ്ററുകളും.. കൊവിഡ് കാലത്ത് കേരളത്തിന്റെ ആരോഗ്യരംഗത്തിന്റെ മുന്നൊരുക്കത്തെക്കുറിച്ച് ആരോഗ്യദിനത്തിൽ മന്ത്രി കെ കെ ശൈലജ പറയുന്നു.
തിരുവനന്തപുരം: കൊവിഡ് കാലത്ത് ലോക്ക് ഡൗണിൽ പെട്ട് പോയ കേരളത്തിലെ പാവപ്പെട്ട രോഗികൾക്ക് വീട്ടിലേക്ക് സൗജന്യമായി മരുന്നെത്തിക്കാനുള്ള നടപടികൾ സജീവമായി മുന്നോട്ടുപോകുന്നുണ്ടെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ.
അവയവമാറ്റ സർജറികളടക്കം നടത്തിക്കഴിഞ്ഞോ, സർജറി കാത്തിരിക്കുകയോ ചെയ്യുന്ന രോഗികളോ, ഗർഭിണികളോ, ചികിത്സ ആവശ്യമുള്ള വൃദ്ധരോ ഉണ്ടെങ്കിൽ അവരെ സഹായിക്കാൻ അതാത് പ്രൈമറി ഹെൽത്ത് സെന്ററുകൾക്കും ഫാമിലി ഹെൽത്ത് സെന്ററുകൾക്കും നിർദേശം നൽകിക്കഴിഞ്ഞതാണ്. നിലവിൽ മരുന്ന് പുറത്തിറങ്ങി വാങ്ങിക്കേണ്ടവരുടെ കണക്ക് ആശാവർക്കർമാർ വഴിയും പ്രാഥമികാരോഗ്യകേന്ദ്രങ്ങൾ വഴിയും ശേഖരിച്ച്, സാമൂഹ്യസുരക്ഷാ മിഷന്റെ വയോമിത്രം പദ്ധതിയിലൂടെ ആദ്യഘട്ടത്തിൽ മരുന്നെത്തിച്ച് കഴിഞ്ഞതായും മന്ത്രി ഏഷ്യാനെറ്റ് ന്യൂസിന്റെ കര കയറാൻ എന്ന തത്സമയപ്രത്യേക പരിപാടിയിൽ പറഞ്ഞു.
ഒരാൾക്കും ചികിത്സ നിഷേധിക്കരുത് എന്ന് തന്നെയാണ് സംസ്ഥാനസർക്കാരിന്റെ നിലപാട്. അതിനാൽത്തന്നെ കേരളത്തിൽ താലൂക്ക്, ജില്ലാ ആശുപത്രികളും പ്രാഥമികാരോഗ്യകേന്ദ്രങ്ങളും കുടുംബാരോഗ്യകേന്ദ്രങ്ങളുമെല്ലാം ഇപ്പോഴും തുറന്ന് പ്രവർത്തിക്കുന്നുണ്ട്. കൊവിഡ് രോഗലക്ഷണങ്ങളല്ലാതെ മറ്റേത് അസുഖമുണ്ടെങ്കിലും ഈ ആശുപത്രികളിലെല്ലാം ചികിത്സ തേടാം. സ്വകാര്യ ആശുപത്രികളോടും ഒരു കാരണവശാലും ചികിത്സ നിഷേധിക്കരുതെന്നും, ചെറുക്ലിനിക്കുകളടക്കം പൂട്ടിയിടരുത് എന്നും നിർദേശം നൽകിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമായിട്ടുണ്ട്.
കൊവിഡ് പ്രത്യേകാശുപത്രികളായി മാറ്റിയ ഇടങ്ങളിലെ ചികിത്സ മാത്രമേ മാറ്റിയിട്ടുള്ളൂ. അവിടെ മാറ്റി വയ്ക്കാവുന്ന ശസ്ത്രക്രിയകളേ മാറ്റിയിട്ടുള്ളൂ. അടിയന്തരമായി ചെയ്യേണ്ടതെല്ലാം മെഡിക്കൽ കോളേജിലെ ഡോക്ടർമാർ തൊട്ടടുത്ത ആശുപത്രികളിലേക്ക് പോയി ചെയ്യുന്നുമുണ്ട്. അല്ലാത്തവയിൽ ടെലി മെഡിസിൻ രീതി അവലംബിക്കുന്നുണ്ട്. പലയിടങ്ങളിലും പൊലീസിന്റേതടക്കം സഹായത്തോടെ മരുന്നുകൾ വീട്ടിലെത്തിക്കുന്നുണ്ട്.
ചില ഇടങ്ങളിലെങ്കിലും പോസ്റ്റലായി മരുന്ന് ലഭിക്കേണ്ടതിൽ തടസ്സം നേരിടുന്നുണ്ട് എന്ന് മനസ്സിലാകുന്നുണ്ട്. അതിൽ കൃത്യമായ ഇടപെടലുകൾ നിലവിൽ മുഖ്യമന്ത്രിയുടെ ഓഫീസ് നടത്തുന്നുണ്ട്. പോസ്റ്റൽ വകുപ്പ് കുറച്ചുകൂടി കാര്യക്ഷമമായി ഇതിൽ ഇടപെടാനുള്ള നടപടികളെടുക്കും.
വാക്സിനേഷനടക്കമുള്ള കാര്യങ്ങളിൽ ആശങ്കപ്പെടേണ്ട കാര്യമില്ല. വാക്സിനേഷൻ നടത്താനുള്ള സമയമായെങ്കിൽ അതാത് അടുത്തുള്ള പിഎച്ച്സികളെയോ കുടുംബാരോഗ്യകേന്ദ്രങ്ങളെയോ സമീപിക്കണം. അവരെ വിവരമറിയിച്ചാൽ വേണ്ട നടപടികളെടുക്കും. ഗർഭിണികൾക്കും കുഞ്ഞുങ്ങൾക്കും വേണ്ട എല്ലാ സൗകര്യങ്ങളും എത്തിക്കാം – മന്ത്രി വ്യക്തമാക്കി.