കര്‍ണാടക അതിര്‍ത്തി തുറക്കാന്‍ ധാരണയായെന്ന് കേന്ദ്രം; ഹര്‍ജികള്‍ സുപ്രീംകോടതി തീര്‍പ്പാക്കി
ന്യൂഡല്‍ഹി: കോവിഡ് 19 നെ തുടര്‍ന്നുണ്ടായ ലോക് ഡൗണ്‍ മൂലം കേരള-കര്‍ണാടക അതിര്‍ത്തിയിലുണ്ടായ പ്രശ്നങ്ങള്‍ സുപ്രീംകോടതിയില്‍ തീര്‍പ്പായി. അതിര്‍ത്തി തുറക്കാന്‍ ധാരണയായെന്ന് കേന്ദ്രം സുപ്രീംകോടതിയെ അറിയിച്ചു. കേരളമടക്കം നല്കിയ ഹര്‍ജികളാണ് സുപ്രിംകോടതി തീര്‍പ്പാക്കിയത്
കേന്ദ്ര ആഭ്യന്തര സെക്രട്ടറിയും കേരളത്തിലെയും കര്‍ണാടകയിലെയും ചീഫ് സെക്രട്ടറിമാരും വിഷയത്തില്‍ ചര്‍ച്ച നടത്തി ധാരണയില്‍ എത്തിയെന്നാണു സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത സുപ്രീംകോടതിയെ അറിയിച്ചത്. ചീഫ് ജസ്റ്റിസ് എസ്.എ.ബോബ്ഡെ അധ്യക്ഷനായ ബെഞ്ചാണു ഹര്‍ജി പരിഗണിച്ചത്.
കോവിഡ് ബാധയില്ലാത്ത മറ്റ് അസുഖബാധിതരെ അതിര്‍ത്തി കടത്തിവിടാമെന്നു കര്‍ണാടക അറിയിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന് കഴിഞ്ഞദിവസം പ്രതികരിച്ചിരുന്നു. തര്‍ക്കം ഇപ്പോള്‍ നിലനില്‍ക്കുന്നില്ലെന്നും തുഷാര്‍ മേത്ത പറഞ്ഞു.
ഗുരുതര കേസുകളില്‍ മാത്രമാണ് അതിര്‍ത്തി കടക്കാന്‍ അനുവാദമുള്ളത്. തലപ്പാടി ചെക് പോസ്റ്റിലെ മെഡിക്കല്‍ സംഘം പരിശോധിച്ചതിനുശേഷമാണ് ആളുകളെ കടത്തിവിടുക. സര്‍ക്കാര്‍ ആംബുലന്‍സുകള്‍ക്ക് മാത്രമാണ് പ്രവേശനം
പ്രശ്നത്തില്‍ കേരള ഹൈക്കോടതി പുറപ്പെടുവിച്ചിരുന്ന ഉത്തരവിന് സ്റ്റേ ഇല്ലെന്ന് സുപ്രീംകോടതി പറഞ്ഞിരുന്നു. പ്രശ്നപരിഹാരത്തിന് പ്രത്യേക സമിതി വേണം. സംയുക്ത സമിതി രൂപീകരിക്കണം.ചര്‍ച്ചകളിലൂടെ പ്രശ്നം പരിഹരിക്കണമെന്നും സുപ്രീം കോടതി നിര്‍ദേശിച്ചിരുന്നു.
അതിര്‍ത്തി റോഡുകള്‍ അടച്ച കര്‍ണാടക സര്‍ക്കാരിന്റെ നടപടി ഭരണഘടനാവിരുദ്ധമെന്നായിരുന്നു കേരള ഹൈക്കോടതി നിരീക്ഷണം. പൗരന്റെ ജീവിക്കാനുള്ള മൗലികാവകാശത്തിന്റെ ലംഘനമാണിതെന്നും നാഷണല്‍ ഹൈവേ അകാരണമായി അടച്ച നടപടി നിയമവിരുദ്ധമായതിനാല്‍ കേന്ദ്ര സര്‍ക്കാര്‍ അടിയന്തിരമായി ഇടപ്പെട്ട് റോഡുകള്‍ തുറക്കാന്‍ നടപടി സ്വീകരിക്കണമെന്നും ഹൈക്കോടതി പറഞ്ഞിരുന്നു