തലശേരിയിൽ ആംബുലൻസിൽ ചരക്കുലോറി ഇടിച്ച് രോഗി മരിച്ചു
തലശേരി : കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് പോവുകയായിരുന്ന ആംബുലൻസിൽ ചരക്കുലോറി ഇടിച്ച് രോഗി മരിച്ചു. പാനൂരിനടുത്ത മൊകേരി ഈസ്റ്റ് വള്ള്യായിയിലെ യശോദ (65) ആണ് മരിച്ചത്.
ആംബുലൻസ് ഡ്രൈവർ ഉൾപ്പെടെ നാലുപേരെ ഗുരുതര പരിക്കുകളോടെ തലശേരി കോ﹣-ഓപ്പറേറ്റീവ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കണ്ണൂരിൽ നിന്ന് രോഗിയുമായി കോഴിക്കോടേക്ക് പോവുകയായിരുന്ന ആംബുലൻസാണ് ചൊവ്വാഴ്ച രാവിലെ ഏഴോടെ തലശേരി കൊടുവള്ളിക്കടുത്ത് അപകടത്തിൽപെട്ടത്. പരിക്കേറ്റവരെ ഉടൻ തൊട്ടടുത്ത തൊട്ടടുത്ത തലശേരി കോ﹣-ഓപ്പറേറ്റീവ് ആശുപത്രിയിലെത്തിച്ചെങ്കിലും യശോദ മരിച്ചു.
ഈസ്റ്റ് വള്ള്യായിയിലെ മുതിരകലായി ബാബുരാജിന്റെ ഭാര്യയാണ് മരിച്ച യശോദ. ഹൃദയസംബന്ധമായ അസുഖത്തിന് ചികിത്സയിലായിരുന്നു. തലശേരി കോ﹣-ഓപ്പറേറ്റീവിൽ നിന്ന് ഞായറാഴ്ചയാണ് ഇവരെ പരിയാരത്തെ കണ്ണൂർ മെഡിക്കൽ കോളേജിലേക്കും പിന്നീട് കണ്ണൂർ എകെജിയിലേക്കും മാറ്റിയത്.
നില ഗുരുതരമായതിനാൽ കോഴിക്കോട്ടേക്ക് കൊണ്ടുപോവുകയായിരുന്നു. മക്കൾ: വിക്രമൻ, വിജില, വിജേഷ്. മരുമക്കൾ: ചന്ദ്രൻ, സീമ, നിമിഷ. സഹോദരങ്ങൾ: ശാന്ത, രാഘവൻ, ശാരദ, കമല, ലീല, ശ്രീധരൻ, ശൈലജ, വത്സല, കനക, പരേതയായ സരോജിനി.