കുടുംബശ്രീയുടെ 2,000 കോടി വായ്പാ പദ്ധതി; ഒരാള്‍ക്ക് ലഭിക്കുക പരമാവധി 20,000 രൂപ
തിരുവനന്തപുരം:കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് പ്രഖ്യാപിച്ച കുടുംബശ്രീ മുഖേനയുള്ള’ മുഖ്യമന്ത്രിയുടെ സഹായ ഹസ്തം വായ്പാ പദ്ധതി’ക്ക് അനുമതി. പദ്ധതിയുടെ തുടര്‍നടത്തിപ്പിന് കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടറെ ചുമതലപ്പെടുത്തി. ഒരംഗത്തിന് 5,000 മുതല്‍ 20,000 രൂപവരെ വായ്പയായി ലഭിക്കുന്നതാണ് പദ്ധതി. 2019 ഡിസംബര്‍ 31ന് മുന്‍പ് രൂപീകരിച്ച അയല്‍ക്കൂട്ടങ്ങളിലെ അംഗങ്ങള്‍ക്കാണ് വായ്പ ലഭിക്കുക. ബാങ്കുകള്‍ എട്ടര മുതല്‍ ഒമ്ബത് ശതമാനം വരെ പലിശയ്ക്ക് അയല്‍ക്കൂട്ടങ്ങള്‍ക്ക് നല്കുന്ന വായ്പയുടെ തിരിച്ചടവ് കൃത്യത അടിസ്ഥാനമാക്കി പലിശത്തുക കുടുംബശ്രീ മുഖേന അയല്‍ക്കൂട്ടങ്ങള്‍ക്ക് സര്‍ക്കാര്‍ നല്‍കും. ആറ് മാസം മൊറട്ടോറിയം അടക്കം 36 മാസമാണ് വായ്പാ കാലാവധി. സര്‍ക്കാര്‍, അര്‍ദ്ധസര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ നിന്ന് ശമ്ബളമോ പെന്‍ഷനോ പറ്റുന്നവര്‍, അവരുടെ കുടുംബാംഗങ്ങള്‍, പ്രതിമാസം 10000 രൂപക്ക് മുകളില്‍ വരുമാനമുള്ളവര്‍ എന്നിവര്‍ക്ക് പദ്ധതിയുടെ ആനുകൂല്യം ലഭിക്കില്ല. ഓണറേറിയമോ ക്ഷേമപെന്‍ഷനോ ലഭിക്കുന്നവര്‍ക്ക് വായ്പയ്ക്ക് അപേക്ഷിക്കാവുന്നതാണ്.