കര്‍ണാടകയുടെ ക്രൂരതയും ആവര്‍ത്തിക്കുന്ന മരണങ്ങളും: മിണ്ടാനാവാതെ കേരള ബിജെപിയും കെ സുരേന്ദ്രനും
രണ്ടു ആര്‍എസ് എസ് നേതാക്കളടക്കം ഒമ്പതു പേരുടെ ജീവന് പൊലിഞ്ഞ കര്‍ണാടകയുടെ ക്രൂരതയില്‍ മിണ്ടാന്‍ പോലുമാവാത്ത ഗതികേട് കേരള ബിജെപിയില്‍ പുതിയ പൊട്ടിത്തെറികള്‍ക്കാണ് വഴി തുറക്കുന്നത്.
കോഴിക്കോട്: ഏഴു മാസത്തോളം നീണ്ട ഗ്രൂപ്പ് തര്‍ക്കങ്ങള്‍ക്കൊടുവില്‍ ബിജെപി സംസ്ഥാന അധ്യക്ഷ പദവിയിലേക്ക് നറുക്ക് വീണ കെ സുരേന്ദ്രനും പാര്‍ട്ടിക്കും കടുത്ത വെല്ലുവിളിയുയര്‍ത്തി കാസര്‍കോട്ടെ ചികില്‍സ ലഭിക്കാത്ത മരണങ്ങള് ആവര്‍ത്തിക്കുന്നു. ഇതിനകം രണ്ടു ആര്‍എസ് എസ് നേതാക്കളടക്കം ഒമ്പതു പേരുടെ ജീവന് പൊലിഞ്ഞ കര്‍ണാടകയുടെ ക്രൂരതയില്‍ മിണ്ടാന്‍ പോലുമാവാത്ത ഗതികേട് കേരള ബിജെപിയില്‍ പുതിയ പൊട്ടിത്തെറികള്‍ക്കാണ് വഴി തുറക്കുന്നത്. കാസര്‍കോടുമായി ഏറ്റവുമടുത്ത ബന്ധങ്ങളുള്ള കെ സുരേന്ദ്രന് സംസ്ഥാന അധ്യക്ഷ പദവിലെത്തി ഏതാനും ദിവസങ്ങള്‍ക്കുള്ളിലാണ് ഈ സംഭവങ്ങളെന്നത് പാര്‍ട്ടിയെയും സുരേന്ദ്രനെയും കൂടുതല്‍ പ്രതിരോധത്തിലാക്കുന്നു. കാസര്‍കോട്ട് നിന്ന് രണ്ടുതവണ ലോക്സഭയിലേക്കും മഞ്ചേശ്വരത്തു നിന്ന് രണ്ടുതവണ നിയമസഭയിലേക്കും മല്‍സരിച്ച സുരേന്ദ്രന്റെ പ്രവര്‍ത്തന മേഖല ഒരു പതിറ്റാണ്ടിലേറെയായി പൂര്‍ണമായും കാസര്‍കോടായിരുന്നു.
കര്‍ണാടകയുടെ കടുംപിടുത്തം കാരണം ഇപ്പോള്‍ ചികില്‍സ കിട്ടാതെ മരിച്ചവരില്‍ രണ്ടു പേരാവട്ടെ സുരേന്ദ്രനുമായി അടുത്ത ബന്ധമുണ്ടായിരുന്നവരും. തിരഞ്ഞെടുപ്പുകളില്‍ മഞ്ചേശ്വരം മേഖലയില്‍ സുരേന്ദ്രനു വേണ്ടി അഹോരാത്രം പണിയെടുത്ത കാസര്‍കോട് മഞ്ചേശ്വരം ഹൊസബേട്ട ഗുഡക്കേരി ശേഖര്‍(49)ആണ് ഹൃദ്രോഗത്തെ തുടര്‍ന്ന് മാര്‍ച്ച് 31 ന് പുലര്‍ച്ചെ മരണപ്പെട്ടത്. ഉത്തര കേരളത്തിലെ സംഘപരിവാറിന്റെ മുതിര്‍ന്ന നേതാവായിരുന്നു ശേഖര്‍. സുരേന്ദ്രന് കാസര്‍കോഡ് ജില്ലയില്‍ മല്‍സരിച്ചപ്പോഴൊക്കെ അദ്ദേഹത്തിന്റെ തിരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചിരുന്നത് ശേഖറായിരുന്നു. ഏതാനും വോട്ടുകള്‍ക്ക് കെ സുരേന്ദ്രന് പരാജയപ്പെട്ട കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലും മഞ്ചേശ്വരം ഭാഗത്തെ ബിജെപിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചത് ശേഖറായിരുന്നു. ഹൃദ്രോഗം മൂലം മാസങ്ങളായി അദ്ദേഹം വിശ്രമത്തിലായിരുന്നു. മഞ്ചേശ്വരം മേഖലയില്‍ കെ സുരേന്ദ്രന്റെ വലംകൈയായാണ് അറിയപ്പെട്ടത്.
കര്‍ണാടക അതിര്‍ത്തി തുറക്കാത്തതിനെ തുടര്‍ന്ന് ചികില്‍സ കിട്ടാതെ ഇന്ന് മരണപ്പെട്ടതാവട്ടെ വിശ്വഹിന്ദു പരിഷത്ത് പ്രാദേശിക നേതാവും കെ സുരേന്ദ്രനുമായി ആത്മ ബന്ധമുണ്ടായിരുന്ന വ്യക്തിയുമാണ്. മഞ്ചേശ്വരം ഹൊസങ്കടി സ്വദേശി രുദ്രപ്പ മേസ്ത്രി(60)യാണ് ഇന്ന് രാവിലെയാണ് മരിച്ചത്. ഹൃദ്രോഗിയായിരുന്ന രുദ്രപ്പ, മംഗളൂരുവിലാണ് ചികില്‍സ തേടിയിരുന്നത്. അസുഖം കൂടിയതിനെ തുടര്‍ന്ന് ആശുപത്രിയില്‍ എത്തിക്കാന്‍ സാധിക്കാതെ വന്നതോടെയാണു മരണം സംഭവിച്ചത്. വിവിധ സംഘപരിവാര സംഘടനകളില്‍ പ്രധാന ചുമതലകള്‍ വഹിച്ച വ്യക്തിയാണ് ഇന്നു മരണപ്പെട്ട രുദ്രപ്പ. കെ സുരേന്ദ്രന് ആദ്യം മഞ്ചേശ്വരത്ത് മല്‍സരിച്ചപ്പോള്‍ അദ്ദേഹത്തിന്റെ അംഗരക്ഷകനായി പ്രവര്‍ത്തിച്ചു. വിഎച്ച്പിയുടെ ഫിസിക്കല്‍ ഇന്‍സ്ട്രക്റ്ററായും പ്രവര്‍ത്തിച്ചിട്ടുണ്ട്. മഞ്ചേശ്വരം ഹൊഹങ്കടയില് വിഎച്ച്പിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന അയ്യപ്പ സേവാ ഭജന മന്ദിരം ഭാരവാഹിയുമായിരുന്നു. കര്‍ണാടക അതിര്‍ത്തിയോടു ചേര്‍ന്ന ഹൊസങ്കടിയില്‍ നിന്ന് എട്ട് കിലോമീറ്റര്‍ ദൂരം മാത്രമാണ് രുദ്രപ്പ ചികില്‍സ തേടിയിരുന്ന ബംഗളൂരുവിലെ ആശുപത്രിയിലേക്കുള്ളത്. ഹൃദ്രോഗം മൂര്‍ച്ഛിച്ചിട്ടും രുദ്രപ്പയ്ക്കു വിദഗ്ധ ചികില്‍സ നല്‍കാനായില്ല. കഴിഞ്ഞ രണ്ട് വര്‍ഷമായി മംഗലാപുരത്ത് ചികില്‍സയിലായിരുന്നു. ഇന്നലെ രാത്രിയോടെ രുദ്രപ്പയുടെ ആരോഗ്യനില വഷളായി. ഇതോടെ ഉപ്പളയിലെ ആശുപത്രിയിലെത്തിച്ചു. എത്രയും വേഗം മംഗലാപുരത്തോ കാസര്‍കോടോ എത്തിക്കാനായിരുന്നു നിര്‍ദേശം. മംഗലാപുരത്തേയ്ക്ക് പോവാന്‍ എളുപ്പമായിരുന്നെങ്കിലും സാധിക്കാത്തതിനാല്‍ കാസര്‍കോട് ആശുപത്രിയിലേയ്ക്ക് കൊണ്ടുപോവുകയായിരുന്നു. ആശുപത്രിയില്‍ എത്തുന്നതിന് മുമ്പ് മരണം സംഭവിച്ചു.
അടുത്ത ബന്ധമുള്ള രണ്ടു ആര്‍എസ്എസ്, വിഎച്ച്പി നേതാക്കളടക്കം മംഗളൂരുവിലെ ചികില്‍സ കിട്ടാതെ മരിച്ചിട്ടും കെ സുരേന്ദ്രന് ഇതുവരെ പ്രതികരിച്ചിട്ടില്ല. കര്‍ണാടക സര്‍ക്കാരിനെതിരേ പ്രതികരിക്കാനുള്ള ഇച്ഛാശക്തി കേരള ബിജെപിക്കും സുരേന്ദ്രനുമില്ലെന്നാണ് ഉയരുന്ന ആക്ഷേപം. യെദ്യൂരപ്പയടക്കമുള്ള കര്‍ണാടക നേതാക്കളില്‍ കേരളത്തിലെ നേതാക്കള്‍ക്ക് സ്വാധീനവുമില്ല. മാത്രമല്ല, അമിത്ഷായടക്കമുള്ള കേന്ദ്ര നേതൃത്വം കര്‍ണാടകയുടെ താല്പര്യങ്ങള്ക്കെതിരേ കേരള ബിജെപിയുടെ ആവശ്യങ്ങള്‍ മുഖവിലക്കെടുക്കുകയുമില്ല. ഇതൊക്കെ മനസ്സിലാക്കിയാണ് കെ സുരേന്ദ്രനടക്കമുള്ള കേരള ബിജെപി നേതൃത്വം കാസര്‍കോട് അതിര്‍ത്തി തുറക്കണമെന്ന ആവശ്യവുമായി ശക്തമായി രംഗത്തു വരാത്തത്.
അതേസമയം, ചികില്‍സ കിട്ടാതെ ആവര്‍ത്തിക്കപ്പെടുന്ന മരണങ്ങള് കാസര്‍കോട്ട് ബിജെപിയില്‍ ശക്തമായ ധ്രുവീകരണവും അടിയൊഴുക്കുമുണ്ടാക്കുമെന്ന ആശങ്ക ബിജെപി നേതൃത്വത്തിനുണ്ട്. ഇതിനിടയില്‍ ശക്തമായ വിഭാഗീയത കൂടിയാവുമ്പോള്‍ കാര്യങ്ങള്‍ കൈവിട്ട് പോവുമെന്ന കരുതുന്നവരും പാര്‍ട്ടിയില്‍ നിരവധിയാണ്. കാസര്‍കോട് ജില്ലാ അധ്യക്ഷനായി അഡ്വ. കെ ശ്രീകാന്തിനെ തിരഞ്ഞെടുത്തതിനു പിന്നാലെ സുരേന്ദ്രനെതിരേ കടുത്ത പ്രതിഷേധമുയര്‍ത്തി കാസര്‍ക്കോട്ടെ മുതിര്‍ന്ന നേതാവ് രവീശ തന്ത്രി കുണ്ടാര്‍ സംസ്ഥാന സമിതിയില്‍ നിന്ന് രാജിവച്ചിരുന്നു. കഴിഞ്ഞ മഞ്ചേശ്വരം നിയമസഭാ ഉപതിരഞ്ഞെടുപ്പിലും ലോക്സഭാ തിരഞ്ഞെടുപ്പിലും ബിജെപി സ്ഥാനാര്‍ഥിയായിരുന്നു രവീശ തന്ത്രി കുണ്ടാര്‍. പുതിയ സംഭവ വികാസങ്ങളോടെ സുലേന്ദ്രന്റെ നേതൃത്വത്തിലുള്ള ഔദ്യോഗിക വിഭാഗത്തിനെതിരേ കാസര്‍ക്കോട്ട് കൃഷ്ണദാസ് പക്ഷം കരുക്കള്‍ നീക്കിത്തുടങ്ങിയെന്നാണ് പുറത്തുവരുന്ന സൂചനകള്‍.