കൊവിഡ് മരണം 100 കടന്നു; രാജ്യത്തിന് ഇനിയും രണ്ടരക്കോടി മാസ്കുകളും ഒന്നരക്കോടി പിപിഇകളും വേണം
കേന്ദ്ര ആരോഗ്യമന്ത്രാലയം ഏറ്റവുമൊടുവിൽ പുറത്തുവിട്ട കണക്കുകൾ അനുസരിച്ച് ആകെ രാജ്യത്ത് ഇതുവരെ സ്ഥിരീകരിച്ച കൊവിഡ് കേസുകളുടെ എണ്ണം 4000 കടന്നു. പന്ത്രണ്ട് മണിക്കൂറിനിടെ മരണം 26 എന്നതും ആശങ്കയേറ്റുന്നു.
ന്യൂഡല്ഹി: രാജ്യത്ത് കൊവിഡ് മരണം 100 കടന്നു, ആകെ രോഗബാധിതരുടെ എണ്ണം നാലായിരവും കടന്നു. കേന്ദ്ര ആരോഗ്യമന്ത്രാലയം ഏറ്റവുമൊടുവിൽ പുറത്തുവിട്ട കണക്കുകൾ അനുസരിച്ച് 109 പേരാണ് ഇതുവരെ രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചത്. രാജ്യത്ത് ഇതുവരെ സ്ഥിരീകരിച്ച കൊവിഡ് കേസുകളുടെ എണ്ണം 4067 ആയി. കഴിഞ്ഞ പന്ത്രണ്ട് മണിക്കൂറിനിടെ 490 പുതിയ കേസുകളുണ്ടായെങ്കിൽ, ഈ സമയത്തിനുള്ളിൽ രാജ്യത്തിന്റെ വിവിധഭാഗങ്ങളിലായി 26 പേർ മരിച്ചു.
ഏറ്റവും കൂടുതൽ കൊവിഡ് കേസുകൾ സ്ഥിരീകരിച്ചിരിക്കുന്നത് മഹാരാഷ്ട്രയിലാണ്. തമിഴ്നാടാണ് കൊവിഡ് കേസുകളുടെ കാര്യത്തിൽ രണ്ടാം സ്ഥാനത്ത്.
രാജ്യത്തെ കൊവിഡ് കേസുകളിൽ ഭൂരിഭാഗവും ദില്ലിയിലെ നിസാമുദ്ദീനിൽ നടന്ന തബ്ലീഗ് – ഇ – ജമാഅത്ത് പരിപാടിയുമായി ബന്ധപ്പെട്ടതാണ് എന്നതാണ് പ്രധാനം. തബ്ലീഗുമായി ബന്ധപ്പെട്ട് രാജ്യത്തെ 17 സംസ്ഥാനങ്ങളിലാണ് കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തത്.
സംസ്ഥാനങ്ങളിലെ ഏറ്റവും പുതിയ കണക്ക് (കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ വെബ്സൈറ്റ് പ്രകാരം)
S. No.Name of State / UT Total Confirmed cases (Including 66 foreign Nationals)Cured/Discharged/Migrated Death
1 Andhra Pradesh 226 1 3
2 Andaman and Nicobar Islands 10 0 0
3 Arunachal Pradesh 1 0 0
4 Assam 26 0 0
5 Bihar 30 0 1
6 Chandigarh 18 0 0
7 Chhattisgarh 9 3 0
8 Delhi 503 18 7
9 Goa 7 0 0
10 Gujarat 122 18 11
11 Haryana 84 25 1
12 Himachal Pradesh 13 1 1
13 Jammu and Kashmir 106 4 2
14 Jharkhand 3 0 0
15 Karnataka 151 12 4
16 Kerala 314 55 2
17 Ladakh 14 10 0
18 Madhya Pradesh 165 0 9
19 Maharashtra 690 42 45
20 Manipur 2 0 0
21 Mizoram 1 0 0
22 Odisha 21 2 0
23 Puducherry 5 1 0
24 Punjab 68 4 6
25 Rajasthan 253 21 0
26 Tamil Nadu 571 8 5
27 Telengana 321 34 7
28 Uttarakhand 26 4 0
29 Uttar Pradesh 227 19 2
30 West Bengal 80 10 3
Total number of confirmed cases in India 4067* 292 109
രാജ്യത്തെ മെഡിക്കൽ രംഗം സജ്ജമോ?
ലോക്ക് ഡൗൺ കഴിഞ്ഞാലും കൊവിഡ് ഭീഷണി ഒഴിയില്ലെന്ന് ഉറപ്പായ സാഹചര്യത്തിൽ അടുത്ത രണ്ട് മാസത്തേക്ക് രാജ്യത്ത് ഏറ്റവും ചുരുങ്ങിയത് രണ്ടരക്കോടി മെഡിക്കൽ മാസ്കുകളും ഒന്നരക്കോടി വ്യക്തിഗത സുരക്ഷാ ഉപകരണങ്ങളുടെ കിറ്റുകളും (പിപിഇ കിറ്റുകൾ) അമ്പതിനായിരം വെന്റിലേറ്ററുകളും വേണ്ടി വരുമെന്നാണ് കേന്ദ്രസർക്കാരിന്റെ ഏറ്റവുമൊടുവിലത്തെ വിലയിരുത്തൽ. നിതി ആയോഗ് സിഇഒ അമിതാഭ് കാന്ത് വിളിച്ചുചേർത്ത സ്വകാര്യമേഖലയിലെയും അന്താരാഷ്ട്ര മെഡിക്കൽ സന്നദ്ധസംഘടനകളുടെയും യോഗത്തിലാണ് ഈ വിലയിരുത്തൽ.
ഇതനുസരിച്ച് ചൈനയിൽ നിന്നും മറ്റും വ്യക്തിതഗ സുരക്ഷാ ഉപകരണങ്ങൾ ഇറക്കുമതി ചെയ്യാനുള്ള നീക്കം ഇന്ത്യ സജീവമാക്കി. ഇന്നലെ എയർ ഇന്ത്യയുടെ പ്രത്യേക ചരക്ക് വിമാനം ചൈനയിലേക്ക് പോയിരുന്നു.
നിലവിൽ രാജ്യത്ത് ഉള്ളത് 16,000 വെന്റിലേറ്ററുകളാണ്. വെന്റിലേറ്ററുകൾ കൂടുതൽ വാങ്ങാൻ പല വിദേശരാജ്യങ്ങളെയും ഇന്ത്യയ്ക്ക് സമീപിക്കേണ്ടി വരും. ഇതിനായി നയതന്ത്ര നീക്കങ്ങൾ നടത്തുകയും വേണ്ടി വരും. ഇതിനായി വിദേശകാര്യമന്ത്രാലയത്തെ ചുമതലപ്പെടുത്തിയിട്ടുണ്ട്.
അടുത്ത ആറ് മാസത്തേക്ക് മുതൽ ഒരു വർഷം വരെയുള്ള കാലയളവിൽ പിപിഇകളുടെ ഇറക്കുമതി തുടർന്നേ മതിയാകൂ. നിലവിൽ രാജ്യത്തുള്ള ക്രിട്ടിക്കൽ മെഡിക്കൽ കെയർ ഉപകരണങ്ങളുടെ കയറ്റുമതി നിരോധിച്ചിരിക്കുകയാണ്. ടെസ്റ്റിംഗ് കിറ്റുകൾ അടക്കം കയറ്റുമതി ചെയ്യുന്നത് നിരോധിച്ചിട്ടുണ്ട്. വെന്റിലേറ്ററുകൾ, ശ്വസനസഹായികൾ, സാനിറ്റൈസറുകൾ, സർജിക്കൽ മാസ്കുകൾ, കവർ ഓൾ പിപിഇകൾ, സാധാരണ മാസ്കുകൾ എന്നിവയും കയറ്റുമതി ചെയ്യുന്നത് നിരോധിച്ചിട്ടുണ്ട്.