മറ്റു നടപടികള്‍ എടുക്കാത്ത പക്ഷം ഇന്ത്യ ലോക്ഡൗണില്‍ കുടങ്ങിക്കിടക്കും; ഇന്ത്യക്ക് ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്
ന്യൂദല്‍ഹി: കൊവിഡ്-19 സുരക്ഷാ മുന്‍കരുതലിന്റെ ഭാഗമായി ഇന്ത്യയില്‍ 21 ദിവസത്തേക്ക് ലോക്ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ ഇന്ത്യക്ക് മുന്നറിയിപ്പുമായി ലോകാരോഗ്യസംഘടന. ലോക്ഡൗണിന് പുറമെയുള്ള സുരക്ഷാ നടപടികള്‍ എടുക്കാത്ത പക്ഷം കൊവിഡ് വ്യാപനം തടയാവനാവില്ലെന്നാണ് ലോകാരോഗ്യ സംഘടന ഡയരക്ടര്‍ ടെഡ്രോസ് അഥനം അറിയിച്ചത്. ജനീവയില്‍ വെച്ച് മാധ്യമങ്ങളുടെ ചോദ്്യത്തിന് ഉത്തരം നല്‍കുകയായിരുന്നു ഇദ്ദേഹം. ഇന്ത്യയില്‍ പ്രഖ്യാപിച്ച സമ്പൂര്‍ണ ലോക്ഡൗണ്‍ ഉചിത തീരുമാനമാണെന്നും ഇദ്ദേഹം കൂട്ടിച്ചേര്‍ത്തു.
” അത്യാവശ്യ നടപടികള്‍ നടപ്പാക്കാത്ത പക്ഷം ഇതില്‍ ( ലോക്ഡൗണില്‍) നിന്നും പുറത്തുപോവുന്നത് ബുദ്ധിമുട്ടായിരിക്കും. അങ്ങനെ പുറത്തുപോവുകയാണെങ്കില്‍ വൈറസ് വ്യാപനം വീണ്ടും ഉണ്ടാവും. ഇന്ത്യക്ക് മികച്ച കഴിവുണ്ട്. പക്ഷെ ചെയ്യേണ്ട കാര്യങ്ങള്‍ ചെയ്യണം. പുതിയ കേസുകള്‍ കണ്ടുപിടിക്കാനുള്ള സംവിധാനം ഉണ്ടാവണം, ടെസ്റ്റുകള്‍ നടത്തണം, ചികിത്സിക്കാനും ഐസൊലേറ്റ് ചെയ്യാനുമുള്ള പ്രാപ്തി വിശാലമാക്കണം. ഇത് നടക്കുന്നുണ്ടെന്ന് എനിക്കറിയാം. പക്ഷെ കുറച്ചുകൂടി വേഗതയുണ്ടെങ്കില്‍…,” ഡയരക്ടര്‍ ഇന്ത്യാ ടുഡേയോട് പറഞ്ഞു.
ഒരു വിശാല രാജ്യമെന്ന നിലയ്ക്ക് ഒരു പകര്‍ച്ച വ്യാധിയെ തടയുന്നതിന് ചില നിര്‍ദ്ദേശങ്ങളും ലോകാരോഗ്യ സംഘടന ടാസ്ക് ഫോഴ്സ് ഇന്ത്യക്ക് മുന്നില്‍ വെക്കുന്നുണ്ട്.
ഡബ്ലു.എച്ച്.ഒ അംഗം മൈക്ക് റിയാന്‍ പറയുന്നതിങ്ങനെ,
” ഇന്ത്യ പോളിയോ വിമുക്തമായി. ഗ്രാമീണമേഖലകള്‍ കേന്ദ്രീകരിച്ച് നടത്തിയ പ്രവര്‍ത്തനം മൂലമായിരുന്നു അത്. സമാനമായി ചികിത്സയിലും നിരീക്ഷണത്തിലും കൃത്യമായി നടപടികള്‍ ജില്ലകള്‍ തോറും എടുക്കുകയാമെങ്കില്‍ ലോക്ഡൗണില്‍ നിന്നും പുറത്തേക്ക് വഴിയുണ്ട്,”
ലോക്ഡൗണുകള്‍ എടുത്ത് കളയുമ്പോള്‍ വീണ്ടും വൈറസ് വരുന്നതും പിന്നെയും ലോക്ഡൗണ്‍ പ്രഖ്യാപിക്കുന്നതുമായ ഒരു അവസ്ഥ ഇന്ത്യയില്‍ ഉണ്ടാവരുതെന്നാണ് ഡബ്ലു.എച്ച്.ഒ ടെക്നിക്കല്‍ ലീഡായ മരിയ വന്‍ കെര്‍ഖൊവ് ഇന്ത്യടുഡേ ടി.വിയോട് പറഞ്ഞത്. ഒപ്പം ഇന്ത്യയില്‍ കൊവിഡ് നിയന്ത്രണത്തിനായി ഒരു ഏകീകൃത നടപടി ക്രമം തന്നെ വേണമില്ലെന്നും ഇദ്ദേഹം പറയുന്നു.