‘ആരുമായാണ് ചര്‍ച്ച നടത്തിയതെന്ന് മുഖ്യമന്ത്രി തുറന്നു പറയണം, വിലയിടാന്‍ മാധ്യമ സമൂഹം നിന്നുകൊടുക്കരുത്’; ശ്രീറാം വെങ്കിട്ടരാമന് വിഷയത്തില്‍ കെ.യു.ഡബ്ല്യു.ജെ വൈസ് പ്രസിഡന്റ്
തിരുവനന്തപുരം: മാധ്യമപ്രവര്ത്തകന് കെ.എം ബഷീറിനെ കാറിടിച്ചു കൊലപ്പെടുത്തിയ കേസിലെ പ്രതിയായ ശ്രീറാം വെങ്കിട്ടരാമന് ഐ.എ.എസിനെ ആരോഗ്യവകുപ്പിന്റെ തലപ്പത്ത് നിയമിച്ച സംഭവത്തില്‍ വിയോജിപ്പുമായി കേരള പത്ര പ്രവര്‍ത്തക യൂണിയന് വൈസ് പ്രസിഡന്റ് നിഷ പുരുഷോത്തമന്.
പത്രപ്രവര്‍ത്തക യൂണിയന്റെ സമ്മതത്തോടെയാണ് ശ്രീറാമിനെ നിയമിച്ചതെന്ന സര്‍ക്കാര്‍ വാദം പച്ചക്കള്ളമാണെന്ന് നമുക്കെല്ലാം അറിയാമെന്നും സുതാര്യമായിരുന്നു കാര്യങ്ങളെങ്കില്‍ യൂണിയന് ഭാരവാഹികളില്‍ ആരുമായാണ് ചര്‍ച്ച നടത്തിയതെന്ന് തുറന്ന് പറയാന്‍ മുഖ്യമന്ത്രി മടിക്കുന്നതെന്തിനാണെന്നും നിഷ പുരുഷോത്തമന് ചോദിക്കുന്നു.
മറവിരോഗമുണ്ടെന്ന് സ്വയം പറഞ്ഞ, തികഞ്ഞ മദ്യപാനിയായ ഒരാളെങ്ങനെ കേരളത്തിന്റെ ആരോഗ്യമേഖലയെ സംരക്ഷിക്കും എന്ന് മാധ്യമപ്രവര്ത്തകരല്ലാതെ മറ്റാര് ചോദിക്കും?
ഞങ്ങള്‍ സംസ്ഥാന ഭാരവാഹികള്‍ എട്ടു പേരും ആ ചര്‍ച്ചയില്‍ പങ്കടുത്തിട്ടില്ല. പിന്നെ ആര് പങ്കെടുത്തു എന്ന് മുഖ്യമന്ത്രിയോട് ആവര്‍ത്തിച്ച് ചോദിക്കാന്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്ത ആര്‍ക്കും കഴിഞ്ഞില്ല എന്നിടത്താണ് നമ്മുടെ വലിയ പരാജയമെന്നും നിഷ ഫേസ്ബുക്ക് കുറിപ്പില്‍ പറയുന്നു.
ഒരു പക്ഷേ ആരെങ്കിലും തങ്ങളാണ് ഭാരവാഹികള്‍ എന്ന് മുഖ്യമന്ത്രിയെ തെറ്റിദ്ധരിപ്പിച്ചതാവാം. ഇനി ആരോ യൂണിയന് എന്ന പേരില്‍ അവിടെ ചെന്നിരുന്നു എന്നിരിക്കട്ടെ. അവരുമായി ചര്‍ച്ച നടത്തിയോ, അതോ ശ്രീറാമിനെ തിരിച്ചെടുക്കുന്നു എന്ന് അറിയിക്കുകയാണോ ചെയ്തതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം.
അറിയിക്കല്‍ ചര്‍ച്ചയല്ല എന്ന് പരിണതപ്രജ്ഞനായ ഒരു രാഷ്ട്രീയനേതാവിന് അറിയാതിരിക്കില്ല. ജനാധിപത്യമൂല്യങ്ങള്‍ നമ്മെ പഠിപ്പിക്കുന്ന നേതാവാണ് അദ്ദേഹം. ഏകാധിപതികളുടെ രീതിയെ അദ്ദേഹം സ്വീകരിക്കാനിടയില്ല. ജനാധിപത്യമെന്നത് സംവാദങ്ങളും സംഭാഷണങ്ങളുമാണ്, ഉത്തരവിടല് അല്ല എന്ന് ഇടതു, സ്വതന്ത്ര ചിന്തകളുടെ സഹയാത്രികരായ ഭരണകൂടത്തെ ആരും ഓര്മിപ്പിക്കേണ്ടതില്ലല്ലോയെന്നും നിഷ ചോദിക്കുന്നു.
യൂണിയന് അംഗങ്ങളും അല്ലാത്തവരുമായ മാധ്യമപ്രവര്‍ത്തകര്‍ ചില കാര്യങ്ങള്‍ മറക്കാതിരിക്കുന്നത് നല്ലതാണ്. ക്ഷേമനിധിയും പെന്‍ഷനും പ്രസ്ക്ലബ് കെട്ടിടം പണിയലും എല്ലാം യൂണിയന് മുന്‍കയ്യേടുക്കേണ്ട കാര്യമാണ്. പക്ഷേ ചുമരുണ്ടെങ്കിലേ ചിത്രമെഴുതാന്‍ കഴിയൂ എന്നത് മറക്കരുത്. സ്വതന്ത്രമാധ്യമപ്രവര്‍ത്തനം അനുവദിക്കപ്പെടുമ്പോളേ മേല്‍പ്പറഞ്ഞതിനെല്ലാം പ്രസക്തിയുള്ളൂ.
ഒരു സര്‍ക്കാരിനും മുന്നില്‍ നട്ടെല്ലുവളയ്ക്കാതെ നില്ക്കാന് മാധ്യമസമൂഹത്തെ കരുത്തരാക്കുക എന്ന വലിയ ഉത്തരവാദിത്തം യൂണിയന് മറക്കരുത്.’ ദ പോസ്റ്റ് ‘എന്ന പ്രശസ്ത ചിത്രത്തില്‍ ബെന്‍ ബ്രാഡ്്ലിയുടെ ഡയലോഗുണ്ട്.. എന്ത് അച്ചടിക്കാം അച്ചടിക്കരുത് എന്ന് സര്‍ക്കാര്‍ നിര്‍ദേശിക്കുന്നിടത്ത് മാധ്യമപ്രവര്‍ത്തനം മരിക്കുന്നു…..അതുപോലെയാണ് എന്ത് ചോദിക്കാം എന്ത് ചോദിക്കരുത് എന്ന് ഭരണവര്‍ഗം തീരുമാനിക്കുന്നിടത്ത് മാധ്യമപ്രവര്‍ത്തനം മരിക്കുന്നു എന്ന് മറക്കാതിരിക്കാം.
എതിരാളികളെ ഇല്ലാതാക്കാനുള്ള ഏറ്റവും എളുപ്പമുള്ള മാര്‍ഗം അവരെ വിലയ്ക്കെടുക്കുക എന്നതാണ്. അധികാരിവര്‍ഗം എക്കാലവും അത് ചെയ്യുകയും ചെയ്യും. ആല്‍ബെര്‍ട്ടോ ഫുജിമോറി മുതല്‍ വ്ലാദിമിര്‍ പുടിന്‍വരെ ഇത് തെളിയിച്ചിട്ടുണ്ട്.
വിലയിടാന്‍ മാധ്യമസമൂഹം നിന്നു കൊടുക്കുമ്പോള്‍ മരിക്കുന്നത് മാധ്യമപ്രവര്‍ത്തനം മാത്രമല്ല ജനാധിപത്യം കൂടിയാണ്. ജനാധിപത്യം ഏകാധിപത്യത്തിന് വഴിമാറിയാല്‍ മാധ്യമപ്രവര്‍ത്തനം പ്രചാരവേലയായി മാറും. നമ്മളും നമുക്ക് പിന്നാലെ വരുന്ന തലമുറയും പ്രചാരവേലയുടെ അണിയറശില്‍പികളാകണോ അതോ ഭയമേതുമില്ലാതെ, അധികാരത്തിന്റെ ഇടനാഴിയില്‍ നടക്കുന്ന മൂന്നാംകിട ഇടപാടുകളെ പുറത്തുകൊണ്ടു വരണോ എന്ന് ഓരോരുത്തരും സ്വയം തീരുമാനിക്കണം.
പ്രചാരവേല മാത്രമാണ് ജോലി എന്ന് കരുതുകയും അധികാരികള്‍ക്ക് മുന്നില്‍ മുട്ടിലിഴയുകയും ചെയ്യുന്നവര്‍ സ്വയം മാധ്യമപ്രവര്‍ത്തകര്‍ എന്ന വിശേഷണത്തിന് അര്‍ഹരാണോ എന്ന് ആത്മവിമര്‍ശനം നടത്തുകയും ചെയ്യുന്നത് നന്നാവും.
പ്രചാരവേലയുടെ ഭാഗമാകുന്നവര്‍ അത് മാത്രം ചെയ്യണം. (നല്ല ശമ്പളം കിട്ടുമെങ്കില്‍ പി.ആര് ജോലി ചെയ്യുന്നതില്‍ ഒരു തെറ്റുമില്ല.) പക്ഷേ ഏതെങ്കിലും ഐ.എ.എസുകാരന്റെ പേക്കൂത്തുകള്‍ക്ക് എറിഞ്ഞുകൊടുക്കാനുള്ളതല്ല ഒരു മാധ്യമപ്രവര്‍ത്തകന്റയും ജീവിതം എന്ന് ഒരിക്കല്‍ കൂടി ഓര്‍മിപ്പിക്കട്ടെ. ഇത്തരം അനീതികള്‍ വച്ചുപൊറുപ്പിക്കുന്നത് വരുംതലമുറയോടും ചെയ്യുന്ന അപരാധമാണെന്നും നിഷാ പുരുഷോത്തമന് ഫേസ്ബുക്കില്‍ കുറിച്ചു.