കല്ല് തിന്ന് ജീവിക്കാനാവില്ലല്ലോ’, കുഞ്ഞുങ്ങളേയും ചുമലിലേറ്റി അവർ സ്വന്തം നാട്ടിലേക്ക് മടങ്ങുന്നു
സ്വന്തം ഗ്രാമത്തില്‍ കഴിയാനാവുന്നതുപോലെ ദില്ലിയിൽ തങ്ങളെ ആര് സഹായിക്കുമെന്നാണ് കുടുംബങ്ങളുടെ ചോദ്യം.
ന്യൂഡൽഹി : കൊവിഡ് 19 വ്യാപനം തടയുക എന്ന ലക്ഷ്യത്തോടെ രാജ്യത്ത് ഇരുപത്തി ഒന്ന് ദിവസത്തെ ലോക്ക് ഡൗൺ പ്രഖ്യാപിച്ചതോടെ ജോലി ഇല്ലാതെ ചില കുടുംബങ്ങൾ സ്വന്തം നാട്ടിലേക്ക് പോകുന്നു. കാൽനടയായാണ് ഇവരുടെ മടക്കം. കുഞ്ഞുളേയും തോളിലേറ്റിയാണ് ദില്ലിയിൽ നിന്ന് തൊഴിലാളികളില്‍ ഉത്തര്‍പ്രദേശിലെ തങ്ങളുടെ വീടുകളിലേക്ക് മടങ്ങുന്നത്.
തോളില്‍ 10 മാസം പ്രായമുള്ള കുഞ്ഞിനെയും ചുമന്നാണ് ബണ്ടി എന്നയാളുടെ യാത്ര. ഒപ്പം ഭാര്യയുടെ കൈപ്പിടിച്ച് രണ്ടാമത്തെ കുഞ്ഞുമുണ്ട്. “ഞങ്ങളെന്ത് കഴിക്കാനാ, കല്ല് തിന്ന് ജീവിക്കാനാവില്ലല്ലോ”-എന്നായിരുന്നു എന്‍ഡിടിവി റിപ്പോർട്ടറുടെ ചോദ്യത്തിന് അവർ നൽകിയ മറുപടി.
സ്വന്തം ഗ്രാമത്തില്‍ കഴിയാനാവുന്നതുപോലെ ദില്ലിയിൽ തങ്ങളെ ആര് സഹായിക്കുമെന്നാണ് കുടുംബങ്ങളുടെ ചോദ്യം.”വീട്ടിലാണേല് റൊട്ടിയും ഉപ്പും കൂട്ടിയെങ്കിലും കഴിക്കാമല്ലോ. സമാധാനവുമുണ്ടാവും. ഇവിടെ ഞങ്ങളുടെ കൈവശം ഒന്നുമില്ല. ആരും ദില്ലിയിൽ ഞങ്ങളെ സഹായിക്കാനുമില്ല”, അവര്‍ പറയുന്നു.
ദില്ലിയിൽ നിന്ന് 150 കിലോമീറ്റർ അകലെയാണ് ബണ്ടിയുടെ വീട്. മൂന്ന് മക്കളോടൊപ്പം വീട്ടിലെത്താൻ അദ്ദേഹത്തിന് രണ്ട് ദിവസമെടുക്കും. അവരുടെ പക്കൽ ആവശ്യത്തിന് പണമോ ഭക്ഷണമോ ഇല്ലെന്നും എൻഡിടിവി റിപ്പോർട്ട് ചെയ്യുന്നു.