കശ്മീരില്‍ ആദ്യ കൊവിഡ് മരണം; മരിച്ചത് ശ്രീനഗറിലെ 65 കാരന്; രാജ്യത്ത് മരണപ്പെട്ടത് 14 പേര്
ശ്രീനഗര്‍: കശ്മീരില്‍ ആദ്യ കൊവിഡ് മരണം. ശ്രീനഗറിലാണ് മരണം റിപ്പോര്‍ട്ട് ചെയ്തത്. 65 കാരനാണ് മരണപ്പെട്ടത്.
ശ്രീനഗറിലെ ദാല്‍ഗേറ്റിലുള്ള ചെസ്റ്റ് ഡിസീസ് ആശുപത്രിയില്‍ വെച്ചാണ് മരണം സംഭവിച്ചത്. പ്രമേഹവും ഹൃദ്രോഗവും ഇദ്ദേഹത്തിന് ഉണ്ടായിരുന്നതായി ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു. ഹൃയദാഘാത്തെ തുടര്‍ന്നാണ് മരണമെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു.
ഇതോടെ കൊവിഡ് ബാധിച്ച് ഇന്ത്യയില്‍ മരണപ്പെടുന്നവരുടെ എണ്ണം 14 ആയി. രാജ്യത്തെ വൈറസ് ബാധിതരുടെ എണ്ണം 600 കഴിഞ്ഞു.
കഴിഞ്ഞ ദിവസം രാത്രി ഗുജറാത്തിലെ അഹമ്മദാബാദില്‍ 85കാരിയായ സ്ത്രീ കൊവിഡ് ബാധിച്ച് മരണപ്പെട്ടിരുന്നു. സൗദിയില്‍ നിന്നും എത്തിയതായിരുന്നു ഇവര്‍. ഇന്നലെ തന്നെ മധ്യപ്രദേശിലും ഒരാള്‍ മരിച്ചിരുന്നു.
ഇറ്റലിയിലും സ്പെയിനും ആണ് നിലവില്‍ കൊവിഡ് വ്യാപകമായി പടരുന്നത്. ഇറ്റലിയില്‍ 7503 പേര് കൊവിഡ് ബാധിച്ച് മരിച്ചു. സ്പെയിനില്‍ 24 മണിക്കൂറിനിടെ 700 മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇറ്റലി കഴിഞ്ഞാല്‍ സ്പെയിനിലാണ് നിലവില്‍ കൊവിഡ് ഏറ്റവും കൂടുതല്‍ രൂക്ഷമായിരിക്കുന്നത്.
അമേരിക്കയില്‍ ഒറ്റ ദിവസത്തിനിടയില്‍ 10000 കൊവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. 54453 പേര്‍ക്കാണ് അമേരിക്കയില്‍ ഇതുവരെ കൊവിഡ് റിപ്പോര്‍ട്ട് ചെയ്തത്. 737 മരണങ്ങളും ഇവിടെ റിപ്പോര്‍ട്ട് ചെയ്തു.