ബാറുകള്‍ അടഞ്ഞുതന്നെയെന്ന് മുഖ്യമന്ത്രി; കള്ളുഷാപ്പുകളും ബിവറേജസ് ഔട്ട്ലെറ്റുകളും തുറക്കില്ല
തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്ക്ഡൗണിന്റെ പശ്ചാത്തലത്തില്‍ ബാറുകള്‍, കള്ളുഷാപ്പുകള്‍, ബിവറേജസ് ഔട്ട്ലെറ്റുകള് എന്നിവ അടച്ചിടുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ഇനിയൊരു ഉത്തരവുണ്ടാകുന്നത് വരെ ഇവ തുറന്ന് പ്രവര്‍ത്തിക്കില്ലെന്ന് മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.
സംസ്ഥാനത്തെ ബിവ്റേജ്സ് ഔട്ട്ലെറ്റുകള് അടച്ചിടാന്‍ നേരത്തെ നിര്‍ദേശം നല്‍കിയിരുന്നു. ബിവ്റേജ് കോര്പ്പറേഷന് എം.ഡി ഇത് സംബന്ധിച്ച നിര്‍ദേശം ഔട്ട്ലെറ്റ് മാനേജര്‍മാര്‍ക്ക് നല്‍കിയിരുന്നു. കൊവിഡ് അവലോകന യോഗത്തിന് ശേഷമായിരുന്നു മുഖ്യമന്ത്രി ഇക്കാര്യത്തില്‍ അന്തിമ തീരുമാനം അറിയിച്ചത്.
സംസ്ഥാനത്ത് ഇന്ന് ഒന്‍പത് പേര്‍ക്ക് കൂടി കൊവിഡ് രോഗബാധ സ്ഥിരീകരിച്ചതായും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. പാലക്കാട് രണ്ട് പേര്, എറണാകുളത്ത് മൂന്ന് പേര്, പത്തനംതിട്ടയില്‍ രണ്ട് പേര്, ഇടുക്കിയില്‍ ഒരാള്‍, കോഴിക്കോട് ഒരാള്‍ എന്നിങ്ങനെയാണ് കണക്കുകള്‍.
നാല് പേര് ദുബായില്‍ നിന്നാണ്. ഒരാള്‍ യു.കെ, ഒരാള്‍ ഫ്രാന്‍സ്. മൂന്നാള്‍ക്ക് കോണ്ടാക്ടിലൂടെയാണ് രോഗം ലഭിച്ചത്. 12 പേരുടെ രോഗം സുഖപ്പെട്ടു. തിരുവനന്തപുരത്തും തൃശ്ശൂരും ചികിത്സയിലായിരുന്ന രണ്ട് പേര് രോഗം ഭേദപ്പെട്ട് ചികിത്സയിലാണ്.
ആകെ 76, 542 ആളുകളാണ് നിരീക്ഷണത്തിലുള്ളത്. 76,010 പേര് വീടുകളില്‍. 542 പേര് ആശുപത്രികളില്‍. ഇന്ന് മാത്രം 122 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 4902 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതില്‍ 3465 എണ്ണം നെഗറ്റീവായി തിരികെ വന്നു.
സംസ്ഥാനത്താകെ 118 പേര്‍ക്ക് വൈറസ് ബാധ വന്നതില്‍ 91 പേര് വിദേശരാജ്യങ്ങളില്‍ നിന്ന് വന്ന ഇന്ത്യക്കാരാണ്. 8 പേര് വിദേശികള്‍. ബാക്കി 19 പേര്‍ക്ക് കോണ്ടാക്ട് മൂലമാണ്.