കാസര്‍കോട് ജനറല്‍ ആശുപത്രി ഇനി കോവിഡ് 19 ആശുപത്രി
കാസർകോട് : ജില്ലയിലെ കോവിഡ് 19 ന്റെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിനും കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദ്ദേശാനുസരണം ജില്ലയില്‍ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനുമായി ജില്ലാ കളക്ടര്‍ ഡോ. ഡി.സജിത് ബാബുവിന്റെ അധ്യക്ഷതയില്‍ കളക്ടറേറ്റില്‍ കോര്‍ കമ്മിറ്റി യോഗം ചേര്‍ന്നു.
നിലവില്‍ താലൂക്ക് തലത്തില്‍ പ്രവര്‍ത്തിച്ചു വരുന്ന സ്ക്വാഡുകളുടെ പ്രവര്‍ത്തനം ഇന്നു മുതല്‍ നിര്‍ത്തി വെയ്ക്കാനും പകരം സംവിധാനമായി എക്സിക്യൂട്ടീവ് മജിസ്ട്രേറ്റുമാരെ ഇന്‍സിഡന്റ് കമാന്‍ഡേഴ്സായി നിയമിക്കാനും തിരുമാനമായി.
അടിയന്തിര ആവശ്യങ്ങള്‍ക്കായുള്ള എല്ലാ പാസുകളും ഇന്നു മുതല്‍( മാര്‍ച്ച് 25 ) കളക്ടറേറ്റില്‍ നിന്നും ജില്ലയിലെ സബ് ഡിവിഷ്ണല്‍ ഓഫീസുകളില്‍ നിന്നും താലൂക്ക് ഓഫാസുകളില് നിന്നും മാത്രമാണ് വിതരണം ചെയ്യുക. അന്തര്‍ സംസ്ഥാനം/ ജില്ലാ വാഹനങ്ങള്‍ക്കുള്ളത്, രോഗികളുടെ ചികിത്സയുമായി ബന്ധപ്പെട്ടുള്ളത്, തൊഴിലാളികള്‍ക്ക് തൊഴില്‍ ആവശ്യത്തിനുള്ളത്, അത്യാവശ്യ ഭക്ഷ്യ വസ്തുക്കള്‍ കൊണ്ടുവരുന്നതിനുള്ളത്, സര്‍ക്കാരിര്‍ നിന്നും നിര്‍ദ്ദേശം ലഭിച്ചിട്ടുള്ള സന്നദ്ധ പ്രവര്‍ത്തകര്‍, കട ഉടമകള്‍ക്കും തൊഴിലാളികള്‍ക്കും മാത്രമാണ് പാസ് അനുവദിക്കുക. സര്‍ക്കാരില്‍ നിന്നും നിര്‍ദ്ദേശം ലഭിക്കാത്ത ഒരു സന്നദ്ധ സംഘടനയ്ക്കും പ്രവര്ത്തനാനുമി നല്‍കില്ല.
കാസര്‍കോട് ജനറല്‍ ആശുപത്രി ഇന്ന് മുതല്‍ കോവിഡ് 19 ആശുപത്രിയായി മാറ്റാന്‍ തിരുമാനിച്ചു. ആശുപത്രിയില്‍ 212 ബെഡുകളും ഒരു ഹൈ എന്‍ഡ് മോഡ് വെന്‍ഡിലേറ്ററും ഒരു പോര്‍ട്ടബിള്‍ എക്സ് റേയും സജീകരിക്കും. ഈ സജീകരണങ്ങള്‍ക്ക് സാമ്പത്തീക സഹായമായി സുരേഷ് ഗോപി എം.പി 25 ലക്ഷം രൂപ നല്‍കും. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതപ്പെടുത്താന്‍ കൂടുതല്‍ തുക ആവശ്യമായ സാഹചര്യത്തില്‍ അത് വിവിധ ജനപ്രതിനിധികളോട് ആവശ്യപ്പെടും.
ഹോസ്ദുര്‍ഗ്,വെള്ളരിക്കുണ്ട്, താലൂക്ക് കളിലെ എല്ലാ കൊറോണ കെയര്‍ സെന്റ്റുകളും ജില്ലാ ആശുപത്രി കേന്ദ്രീകരിച്ചും കാസര്‍കോട്, മഞ്ചേശ്വരം താലൂക്കുകളിലെ എല്ലാ കൊറോണ കെയര്‍ സെന്ററുകളും കാസര്‍കോട് ജനറല്‍ ആശുപത്രി കേന്ദ്രീകരിച്ചും പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കും. ജില്ലാ ആശുപത്രി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന കൊറോണ കെയര്‍ സെന്റ്ററിന്റെ ചുമതല ഡെപ്യൂട്ടി സൂപ്രണ്ട് ഡോ.പ്രകാശിനും ജനറല്‍ ആശുപത്രി കേന്ദ്രീകരിച്ചുള്ള കെയര്‍ സെന്റ്റുകളുടെ ചുമതല ഡോ.രാജേന്ദ്രനും നല്‍കും. ജില്ലാ മെഡിക്കല്‍ ഓഫീസര്‍, ലേബര്‍ ഓഫീസര്‍,സപ്ലൈഓഫീസര്‍ എന്നിവരുടെ സേവനം കൊറോണ പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കാന്‍ കളക്ടറേറ്റില്‍ പ്രവര്‍ത്തിക്കുന്ന കൊറോണ കണ്ട്രോള് റൂമില്‍ പൂര്‍ണ്ണമായും ലഭ്യമാക്കും.
അവശ്യവസ്തുക്കളുടെ ലഭ്യത ഉറപ്പാക്കുന്നതിനും കരിഞ്ചന്ത,പൂഴ്ത്തിവെയ്പ്, എന്നിവ ഫലപ്രദമായി തടയുന്നതിന് റവന്യു ഓഫീസര്‍മാരെ ഇന്‍സിഡന്റ് കമാന്‍ഡേഴ്സായി നിയമിച്ചു. ഈ സ്ക്വാഡുകളില്‍ ലീഗല്‍ മെട്രോളജി വകുപ്പിലെ ഉദ്യോഗസ്ഥരും അംഗങ്ങളായിരിക്കും.
കൊറോണ സംബന്ധിച്ചുള്ള എല്ലാ പ്രവര്‍ത്തനങ്ങളെയും ഏകോപിപ്പിക്കാന്‍ ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ കളക്ടറേറ്റിലെ ആറ് ഉദ്യോഗസ്ഥരും ഐടി അറ്റ് സ്കൂളിലെ നാല് ഉദ്യോഗസ്ഥരുമടങ്ങുന്ന ഒരു പ്രത്യേക സംഘം രൂപീകരിക്കും. എല്ലാ ദിവസവും വാര്‍ഡ്തല സമിതികള്‍ അതാത് പ്രദേശത്തുള്ള കോവിഡ് നിരീക്ഷണത്തിലുള്ള വീടുകളിലെ ആളുകളെ സന്ദര്‍ശിച്ച് അവരുടെ രോഗാവസ്ഥ സംബന്ധിച്ചുള്ള വിവരങ്ങള്‍ ജില്ലാ കൊറോണ കണ്ട്രോള് റൂമില്‍ ലഭ്യമാക്കണം.
ചിുമ,ജലദോഷം, തൊണ്ടവേദന, പനി, തലവേദന എന്നീ രോഗ ലക്ഷണങ്ങളുള്ളവരുടെ വിവരങ്ങള്‍ അടിയന്തിരമായി ബന്ധപ്പെട്ട പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ഡോക്ടറെയോ, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരെയോ അറിയിച്ച് തുടര്‍ ചികിത്സ തേടണം.
റോഡരികില്‍ കഴിയുന്ന ആളുകളെ പാര്‍പ്പിക്കാന്‍ ജനറല്‍ ആശുപത്രിക്ക് സമീപം ഒരു കെട്ടിടം കണ്ടെത്താനും കുടുംബശ്രീയെ സഹകരിപ്പിച്ച്കൊണ്ട് അവര്‍ക്ക് ആവശ്യമായ ഭക്ഷണം എത്തിക്കാനുമുള്ള നടപടി സ്വീകരിക്കാന്‍ കാസര്‍കോട് നഗരസഭാ സെക്രട്ടറി, ഡി.ഡി.പി എന്നിവരെ ചുമതലപ്പെടുത്തി.
ജില്ലയിലെ 41 ഐസോലേഷന് കേന്ദ്രങ്ങളിലെ ചുമതല അതാത് പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ മേധാവിക്ക് നല്‍കാനും ഇതില്‍ ഒരു ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടറും, സ്റ്റാഫ് നേഴ്സും അംഗങ്ങളായിരിക്കും. പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ഡോക്ടര്‍ നിര്‍ദ്ദേശിക്കുന്ന രോഗിയുടെ സാമ്പിള്‍ മാത്രമേ ജനറല്‍,ജില്ലാശുപത്രികളില്‍ പരിശോധിക്കുകയുള്ളു.
ജില്ലയിലെ കൊറോണ ചികിത്സയ്ക്കായി സജ്ജീകരിച്ചിട്ടുള്ള സെന്ററുകളുടെ 100 മീറ്റര്‍ അകലത്തില്‍ ഒരു പന്തല്‍ നിര്‍മ്മിച്ച് അവിടേക്ക് എത്തുന്ന രോഗികളെ പരിശോധിക്കാന്‍ ആര്‍ബിഎസ്കെ, ജെഎച്ച് ഐ അഞ്ച് പോലീസുകാര്‍ എന്നിവരടങ്ങുന്ന സംഘത്തെ നിയമിക്കും. ഈ പരിശോധനയ്ക്ക് ശേഷം മാത്രമേ സാമ്പിള്‍ പരിശോധനയ്ക്ക് ജില്ലാ,ജനറല്‍ ആശുപത്രികളില്‍ രോഗികളെ പ്രവേശിപ്പിക്കുകയുള്ളു.
ജില്ലയിലെ കൊറോണ രോഗം സംബന്ധിച്ചുള്ള ചികിത്സാപരമായി എല്ലാ കാര്യങ്ങളും ഏകോപിപ്പിക്കേണ്ട ചുമതല ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്കും ജില്ലാ മെഡിക്കല്‍ ഓഫീസര്‍( സര്‍വൈയലന്‍സ്) ഓഫീസര്‍ക്കുമാണ്. ഇത്തരം പ്രവര്‍ത്തികളില്‍ ആശയകുഴപ്പം ഉണ്ടായാല്‍ ജില്ലാ കളക്ടറുടെ ശ്രദ്ധയില്‍പ്പെടുത്തി പരിഹരിക്കും.
ഭക്ഷണം, മരുന്ന്, ചികിത്സ എന്നീ കാര്യങ്ങള്‍ സുഗമമായി നടത്തുന്നതിന് കണ്ണൂര്‍ ജില്ലാകളക്ടറുമായും ദക്ഷിണ കന്നഡ ഡെപ്യൂട്ടി കമ്മീഷ്ണറുമായി ജില്ലാ കളക്ടര്‍ ചര്‍ച്ച നടത്തും.
കാസര്‍കോട് ജനറല്‍ ആശുപത്രിയിലെ മറ്റ് രോഗികളെ ജില്ലയിലെ രണ്ട് കോ-ഓപ്പറേറ്റീവ് ആശുപത്രികളായ ചെങ്കള ഇ.കെ.നയനാര്‍ മെമ്മോറിയല്‍ ആശുപത്രിയിലേക്കും കുമ്പള കോ-ഓപ്പറേറ്റീവ് ആശുപത്രികളിലേക്കും മാറ്റും.