സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ ലംഘിച്ച് പഞ്ചായത്ത് യോഗം; അറസ്റ്റ് ചെയ്ത് പൊലീസ്; കൊല്ലത്ത് കര്‍ശന പരിശോധന
കൊല്ലം: സംസ്ഥാനത്ത് കൊവിഡ് ജാഗ്രതാ നിര്‍ദ്ദേശങ്ങള്‍ ലംഘിക്കുന്നത് വീണ്ടും ആവര്‍ത്തിക്കുന്നെന്ന് റിപ്പോര്‍ട്ട്. കൊട്ടാരക്കര നെടുവത്തൂരില്‍ നിയമം ലംഘിച്ച് പഞ്ചായത്ത് യോഗം ചേര്‍ന്നു. ഇവരെ പൊലീസ് അറസ്റ്റ് ചെയ്തു. പഞ്ചായത്ത് അംഗങ്ങള്‍ ഉള്‍പ്പെടെയുള്ളവരാണ് അറസ്റ്റിലായത്.
കൊല്ലം ജില്ലയില്‍ 72 പേരെയാണ് ഇതിനോടകം അറസ്റ്റ് ചെയ്തത്. 143 കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. നിര്‍ദ്ദേശങ്ങള്‍ ലംഘിച്ച് നിരത്തിലിറങ്ങിയ 91 വാഹനങ്ങള്‍ പിടിച്ചെടുത്തു.
ജില്ലയിലെ എല്ലാ പ്രധാന വഴികളിലും പൊലീസ് കനത്ത പരിശോധനയാണ് നടത്തുന്നത്. കഴിഞ്ഞ ദിവസം കൊല്ലം ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിര്‍ദ്ദേശങ്ങള്‍ ലംഘിക്കുന്ന പ്രവണത ഉണ്ടായതിനെത്തുടര്‍ന്നായിരുന്നു ഇത്.
സംസ്ഥാനത്തെ എല്ലാ ജില്ലകളിലും പരിശോധന ശക്തമാക്കിയിരിക്കുകയാണ്. നിര്‍ദ്ദേശം ലംഘിച്ച് പുറത്തിറങ്ങുന്നവര്‍ക്കെതിരെ കടുത്ത നടപടി സ്വീകരിക്കാനാണ് പൊലീസിനോട് കളക്ടര്‍മാരടക്കം ആവശ്യപ്പെട്ടിരിക്കുന്നത്. നിരത്തിലിറങ്ങുന്ന വാഹനങ്ങളെയും കാല്‍നടക്കാരെയും പൊലീസ് പരിശോധിക്കുന്നുണ്ട്. സത്യവാങ്മൂലം കയ്യില്‍ കരുതുന്നവരെമാത്രമാണ് കടത്തിവിടുന്നത്.