‘ഇപ്പോഴുള്ളിടത്ത് തുടരണം’, അതിർത്തിയിലെത്തിയാലും കേരളത്തിലേക്ക് പ്രവേശിപ്പിക്കില്ലെന്ന് ചീഫ് സെക്രട്ടറി
സംസ്ഥാനത്തിന് പുറത്തുള്ള മലയാളികൾ ഇപ്പോഴുള്ളിടത്ത് തുടരണം, കേരള അതിർത്തികളിൽ എത്തിയാലും സംസ്ഥാനത്തേക്ക് പ്രവേശനമുണ്ടാകില്ലെന്നും ചീഫ് സെക്രട്ടറി വ്യക്തമാക്കി.
തിരുവനന്തപുരം: കൊവിഡ് 19 വൈറസ് പടരുന്നത് തടയുന്നതിന് രാജ്യത്ത് ലോക്ക് ഡൗൺ നിലവിൽ വന്ന പശ്ചാത്തലത്തിൽ സംസ്ഥാനത്തിന് പുറത്തുള്ള മലയാളികൾ ഇപ്പോഴുള്ള സ്ഥലങ്ങളിൽ സുരക്ഷിതമായി തുടരണമെന്ന് ചീഫ് സെക്രട്ടറി ടോം ജോസ്. സംസ്ഥാനത്തിന് പുറത്തുള്ള മലയാളികൾ ഇപ്പോഴുള്ളിടത്ത് തുടരണം, കേരള അതിർത്തികളിൽ എത്തിയാലും സംസ്ഥാനത്തേക്ക് പ്രവേശനമുണ്ടാകില്ലെന്നും ചീഫ് സെക്രട്ടറി വ്യക്തമാക്കി.
മറ്റ് സംസ്ഥാനങ്ങളിലുള്ള മലയാളികൾ യാത്ര ഒഴിവാക്കി ഇപ്പോഴുള്ള സ്ഥലങ്ങളിൽ സുരക്ഷിതമായി തുടരാൻ ശ്രമിക്കണം. നിലവിൽ താമസിക്കുന്ന മേഖലയിലെ പ്രാദേശിക ഭരണകൂടം നിഷ്കർഷിക്കുന്ന സുരക്ഷാനിർദേശങ്ങൾക്ക് അനുസരിച്ച് മാത്രം പ്രവർത്തിക്കണം.
രാജ്യമാകെ ലോക്ഡൗൺ പ്രഖ്യാപിച്ചിട്ടുള്ള സാഹചര്യത്തിൽ യാത്രാസൗകര്യങ്ങൾ ഇല്ലാത്തതിനാലും കേരളമുൾപ്പെടെയുള്ള സംസ്ഥാനങ്ങൾ അതിർത്തികൾ അടച്ചിട്ടുള്ളതിനാലും കേരളത്തിലേക്കുള്ള യാത്രയ്ക്ക് ബുദ്ധിമുട്ടുള്ള സാഹചര്യമാണുള്ളത്. കേരള അതിർത്തികളിൽ ആരെങ്കിലും എത്തിച്ചേർന്നാൽ അവർക്ക് സംസ്ഥാനത്തേക്ക് പ്രവേശനമുണ്ടാകില്ലെന്നും ചീഫ് സെക്രട്ടറി അറിയിച്ചു.