കമല്‍നാഥിന്റെ പത്രസമ്മേളനത്തില്‍ പങ്കെടുത്ത മാധ്യമപ്രവര്ത്തകന് കൊവിഡ്-19; പത്രസമ്മേളനത്തില്‍ പങ്കെടുത്തവര്‍ ക്വാരന്റീനില്‍
ന്യൂഡൽഹി : മധ്യപ്രദേശില്‍ മാധ്യമപ്രവര്ത്തകന് കൊവിഡ്-19 സ്ഥിരീകരിച്ചു. ഭോപ്പാലില്‍ നിന്നുള്ള മാധ്യമപ്രവര്‍ത്തകനാണ് കൊവിഡ് സ്ഥിരീകരിച്ചത്. നേരത്തെ ഇദ്ദേഹത്തിന്റെ മകള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതിനുപിന്നാലെയാണ് ഇദ്ദേഹത്തിനും കൊവിഡ് സ്ഥിരീകരിച്ചത്.
കഴിഞ്ഞ ആഴ്ച കമല്‍നാഥ് വിളിച്ചു ചേര്‍ത്ത പത്രസമ്മേളനത്തില്‍ ഈ മാധ്യമപ്രവര്ത്തകന് പങ്കെടുത്തിരുന്നു. ഇതോടെ അന്ന് പങ്കെടുത്ത എല്ലാവരെയും ക്വാരന്റീനിലേക്ക് മാറ്റി. മധ്യപ്രദേശില്‍ ഇതുവരെ 15 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.
രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 587 ആയി. ഇതില്‍ 46 പേര്‍ക്ക് രോഗം ഭേദമായിട്ടുണ്ട്. 13 മരണങ്ങളാണ് രാജ്യത്ത് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
മഹാരാഷ്ട്രയില്‍ നാലുപേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതുവരെ 116 പേര്‍ക്കാണ് ഇവിടെ കൊവിഡ് സ്ഥിരീകരിച്ചത്. രാജ്യത്ത് ഏറ്റവും കൂടുതല്‍ കൊവിഡ് സ്ഥിരീകരിച്ചത് മഹാരാഷ്ട്രയില്‍ നിന്നാണ്. പുതുതായി സ്ഥിരീകരിച്ച നാലുകേസുകളും മുംബൈയില്‍ നിന്നാണ് ഇവര്‍ കസ്തൂര്‍ബാ ആശുപത്രിയില്‍ ചികിത്സയിലാണ്. എല്ലാവരോടും വീട്ടില്‍ തന്നെ കഴിയാനാണ് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെ നിര്‍ദ്ദേശിക്കുന്നത്.
കര്‍ണാടകയിലെ ചിക്കബെല്ലാപുര ജില്ലയിലാണ് രാജ്യത്ത് ഒടുവിലായി കൊവിഡ് മരണം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഗൗരിവിധനൂര്‍ സ്വദേശിയായ 75 കാരനാണ് മരണപ്പെട്ടത്. മക്കയില്‍ നിന്ന് വന്ന ശേഷം ബെംഗളൂരുവില്‍ ചികിത്സയിലായിരുന്നു ഇദ്ദേഹം. ഇതോടെ രാജ്യത്തെ കൊവിഡ് മരണം 13 ആയി.