’80 കോടി ജനങ്ങള്‍ക്ക് സബ്സിഡി നിരക്കില്‍ റേഷന്‍; 3 രൂപയ്ക്ക് അരി, 2 രൂപയ്ക്ക് ഗോതമ്പ്’; കേന്ദ്രമന്ത്രിസഭാ യോഗ തീരുമാനം വിശദീകരിച്ച് കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കര്‍
ന്യൂദല്‍ഹി: രാജ്യത്ത് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ ജനങ്ങള്‍ ഒരു തരത്തിലും ആശങ്കപ്പെടേണ്ടതില്ലെന്നും അവശ്യവസ്തുക്കളുടെ വിതരണം തടസ്സപ്പെടില്ലെന്നും കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കര്‍. വ്യാജ വാര്‍ത്തകള്‍ വിശ്വസിക്കരുതെന്നും സര്‍ക്കാര്‍ പറയുന്ന നിര്‍ദേശങ്ങള്‍ മാത്രമേ അനുസരിക്കാവൂ എന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
കേന്ദ്രമന്ത്രിസഭാ യോഗത്തിന് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു ജാവദേക്കര്‍. രാജ്യത്തെ 80 കോടി ജനങ്ങള്‍ക്ക് സബ്സിഡി നിരക്കില്‍ റേഷന്‍ നല്‍കാനാണ് മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായതെന്ന് മന്ത്രി വ്യ്ക്തമാക്കി.
മൂന്ന് രൂപയ്ക്ക് അരി ലഭ്യമാക്കും, രണ്ട് രൂപയ്ക്ക് ഗോതമ്പ് ലഭ്യമാക്കും. ഏഴ് കിലോയാണ് ഭക്ഷ്യധാന്യം നല്‍കുക. സാമ്പത്തിക പാക്കേജ് സംബന്ധിച്ച് തീരുമാനം ഉടനുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
അവശ്യവസ്തുക്കളുടെ ലഭ്യത ഉറപ്പാക്കിയിട്ടുണ്ടെന്നും താത്ക്കാലിക തൊഴിലാളികള്‍ക്ക് വേതനവും ഭക്ഷണവും ഉറപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു.
എ.പി.എല്‍-ബി.പി.എല്‍ വ്യത്യാസമില്ലാതെ ഭക്ഷ്യധാന്യ വിതരണം നടത്തുമെന്നും അതത് സംസ്ഥാനങ്ങളുമായി സഹകരിച്ചായിരിക്കും ഇത് നടപ്പിലാക്കുകയെന്നും അദ്ദേഹം വ്യക്തമാക്കി
ലോക്ക് ഡൗണ്‍ ജനജീവിതത്തെ ബാധിക്കില്ലെന്നും പരിഭ്രാന്തരായി ആളുകള്‍ കൂടുതല്‍ സാധനങ്ങള്‍ വാങ്ങി സംഭരിക്കേണ്ട കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.
സാമൂഹിക അകലം നിര്‍ബന്ധമാണ്. കടകളില്‍ പോകുമ്പോഴും അകലം പാലിക്കണം. കൈകള്‍ ശുചിയായി സൂക്ഷിക്കണമെന്നും അദ്ദേഹം പറഞ്ഞു.
സര്‍ക്കാരിന് മുന്നില്‍ മറ്റ് വഴികളൊന്നും ഉണ്ടായിരുന്നില്ല. അതുകൊണ്ടാണ് ലോക്ക് ഡൗണിലേക്ക് പോയത്. ജനങ്ങള്‍ ഭീതിതമാകേണ്ടസാഹചര്യമില്ല. കൊവിഡ് 19 നെ നേരിടാന്‍ എല്ലാ വിധത്തിലുള്ള സൗകര്യവും രാജ്യത്ത് ഉണ്ട്. അതേസമയം വ്യാജ പ്രചരണങ്ങള്‍ക്കെതിരെ കരുതിയിരിക്കണം. ആരോഗ്യസംബന്ധമായ വിഷയം ഉണ്ടെങ്കില്‍ ഡോക്ടര്‍മാരെ ഉടന്‍ കാണണമെന്നും പ്രകാശ് ജാവദേക്കര്‍ പറഞ്ഞു.
ഇത്തരമൊരു അവസ്ഥയെ മറ്റേത് രാജ്യം നേരിടുന്നതിനേക്കാള്‍ കരുത്തോടെ ഇന്ത്യയ്ക്ക് നേരിടാനാവും. അതിനുള്ള സൗകര്യവും ഇന്ത്യയില്‍ ഉണ്ട്. അതുപയോഗിച്ച് ഈ വെല്ലുവിളിയെ നേരിടും. എന്നാല്‍ ഇതിന് കരുതല്‍ ആവശ്യമാണ്. അതിന്റെ ഭാഗമായിട്ടാണ് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചത്. എല്ലാവിഭാഗം ജനങ്ങളും ഇതിനോട് സഹകരിക്കണമെന്നും മന്ത്രി പറഞ്ഞു.