അഫ്ഘാനിസ്താനില്‍ സിഖ് ആരാധനാലയത്തിന് നേരെ ഐ.എസ് ആക്രമണം; 11 പേര് കൊല്ലപ്പെട്ടു
കാബൂള്‍: അഫ്ഘാനിസ്താനിലെ സിഖ് ആരാധനായത്തിന് നേരെ ഭീകരാക്രമണം. ആക്രമണത്തില്‍ 11 പേര് കൊല്ലപ്പെട്ടു. ആക്രമണത്തിന്റെ ഉത്തരവാദിത്വം ഐ.എസ് ഏറ്റെടുത്തതായി എ.എഫ്.പി റിപ്പോര്‍ട്ട് ചെയ്യുന്നു. രാവിലെയോടെയാണ് ശോര്‍ ബസാര്‍ പ്രദേശത്തെ ഗുരുദ്വാരയില്‍ വെടിവെപ്പു നടന്നത്. ആക്രമണം നടക്കുമ്പോള്‍ 150 പേര് ഗുരുദ്വാരയിലുണ്ടായിരുന്നു.
ഇവിടെയുണ്ടായിരുന്ന 11 കുട്ടികളെയടക്കം രക്ഷപ്പെടുത്തിയതായി കാബൂള്‍ പൊലീസ് അറിയിച്ചു. ആക്രമണം നടത്തിയ മൂന്ന് പേരില്‍ ഒരാള്‍ക്ക് സുരക്ഷാസേനയുമായുള്ള സംഘട്ടനത്തില്‍ വെടിയേറ്റു.
നിരവധി പേര് ആരാധനാലയത്തിനുള്ളില്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.ഗുരുദ്വാരയിലെ ഒന്നാമത്തെ നിലയില്‍ നിന്നും ആളുകളെ രക്ഷപ്പെടുത്തിയിട്ടുണ്ട് എന്നാണ് അഫ്ഘാന്‍ ആഭ്യന്തര മന്ത്രാലയ പ്രതിനിധി അറിയിച്ചിരിക്കുന്നത്. അതേ സമയം ആക്രമണത്തില്‍ പങ്കില്ലെന്ന് താലിബാന് അറിയിച്ചിട്ടുണ്ട്