കൊവിഡിന് പിന്നാലെ ചൈനയില്‍ മറ്റൊരു വൈറസ് കൂടി, ഹന്റാവൈറസ് ബാധയേറ്റ ചൈനീസ് പൗരന് മരിച്ചു
ബീജിങ്: കൊവിഡ്-19 നിയന്ത്രണ വിധേയമായിരിക്കെ ചൈനയെ ഭീതിയിലാക്കി പുതിയ വൈറസ് മൂലമുള്ള മരണം. ഹന്റാവൈറസ് എന്ന വൈറസ് ബാധിച്ചാണ് ഒരു ചൈനീസ് പൗരന് മരിച്ചിരിക്കുന്നത്. യൂന്നന്‍ പ്രവിശ്യയിലെ നിവാസിക്കാണ് ഹന്റാവൈറസ് ബാധിച്ചത്. വൈറസ് ബാധ സ്ഥിരീകരിച്ച് മണിക്കൂറുകള്‍ക്കകം തന്നെ ഇദ്ദേഹം മരണപ്പെടുകയും ചെയ്തു. ചൈനയിലെ മാധ്യമമായ ഗ്ലോബല്‍ ടൈംസിന്റെ റിപ്പോര്‍ട്ട് പ്രകാരം ഇവിടെ 32 പേര് കൂടി ഹന്റാ വൈറസ് പരിശോധനയക്ക് വിധേയരായിട്ടുണ്ട്. ഇവരുടെ പരിശോധനാ ഫലം ഇതുവരെ വന്നിട്ടില്ല.
സെന്റര്‍ ഫോര്‍ ഡിസീസ് കണ്ട്രോള് ആന്‍ഡ് പ്രിവന്‍ഷന്‍ നല്കുന്ന വിവര പ്രകാരം എലികളില്‍ നിന്നുമാണ് ഹന്റാവൈറസ് മനുഷ്യരിലേക്ക് പടരുന്നത്. വൈറസ് ബാധയുള്ള എലികളുടെ കാഷ്ഠം, മൂത്രം, അല്ലെങ്കില്‍ എലികളുടെ സ്പര്ശനമേറ്റ ഭക്ഷണ സാധനങ്ങള്‍ കഴിക്കുന്നത്, എലികളുടെ കടിയേല്‍ക്കുന്നത് ഇവയെല്ലാം ഹന്റാവൈറസ് മനുഷ്യരിലേക്ക് പടരുന്നതിന് കാരണമാവും. എന്നാല്‍ മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്കോ, വായുവില്‍ കൂടെയോ ഹന്റാ വൈറസ് പടരുകയില്ല.
ഹന്റാവൈറസ് ശരീരത്തിലെത്തിയാല്‍ ശ്വസനത്തെ ബാധിക്കുന്ന ഹന്റാവൈറസ് പള്‍മനറി സിന്‍ഡ്രോം (HPS) രക്തസ്രാവത്തിന് കാരണമാവുന്ന haemorrhagic fever with renal syndrom ( HFRS)
എന്നിങ്ങനെ രണ്ടു തരത്തിലാണ് ബാധിക്കുക.
രോഗ ലക്ഷണങ്ങള്‍:
എച്ച്.പി.എസിന് പ്രധാനമായും പനി, പേശി വേദന, തലവേദന, ക്ഷീണം, തലചുറ്റല്‍,വിറയല്‍, വയറിനുള്ള പ്രശ്നങ്ങള്‍ എന്നിവയാണ് രോഗലക്ഷണങ്ങളായി കാണുക. ചികിത്സ തേടാതിരുന്നാല്‍ ശ്വാസതടസ്സം ഉണ്ടാവുകയും മരണം സംഭവിക്കാനുള്ള സാധ്യതയുമുണ്ട്. എച്ച്.എഫ്.ആര്.എസിന് സമാനമായ രോഗലക്ഷണങ്ങളോടൊപ്പം രക്ത സമ്മര്‍ദ്ദം കുറയല്‍, രക്ത സ്രാവം, കിഡ്നി സംബന്ധമായ പ്രശ്നങ്ങള്‍ എന്നിവയും രോഗലക്ഷണമായി കാണാം.
എച്ച്.പി.എസ് മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്ക് പടരില്ല.
അതേ സമയം എച്ച്.എഫ്.ആര്.എസ് മനുഷ്യരില്‍ നിന്നും മനുഷ്യരിലേക്ക് പടരാന്‍ നേരിയ സാധ്യതയുമുണ്ട്. ഹന്റാവൈറസിനെതിരെയുള്ള പ്രത്യേക മരുന്നോ വാക്സിനോ ഇതുവരെയും കണ്ടു പിടിച്ചിട്ടില്ല. എലികളുടെ എണ്ണത്തില്‍ കുറവ് വരുത്തുക എന്നതാണ് രോഗവ്യാപനം തടയാനായി സെന്റര്‍ ഫോര്‍ ഡിസീസ് കണ്ട്രോള് ആന്‍ഡ് പ്രിവന്‍ഷന്‍ മുന്നോട്ട് വെക്കുന്ന പ്രധാന നിര്‍ദ്ദേശം.