ജില്ലയില്‍ ഭക്ഷ്യ ക്ഷാമമുണ്ടാകില്ല- അമിത വില ഈടാക്കിയാല്‍ കടകളുടെ ലൈസന്‍സ് റദ്ദാക്കും,നിയന്ത്രണം ലംഘിച്ച രണ്ട് കൊറോണ ബാധിതര്‍ക്കെതിരെ
നടപടി
കാസർകോട് : ജില്ലയില്‍ ഭക്ഷ്യക്ഷാമുണ്ടാകില്ലെന്നും ഭക്ഷ്യ ധാന്യങ്ങളുമായി അതിര്‍ത്തി കടന്നുവരുന്ന വാഹനങ്ങള്‍ക്ക് നിയന്ത്രണമില്ലെന്നും ജില്ലാ കളക്ടര്‍ ഡോ. ഡി.സജിത് ബാബു അറിയിച്ചു. കയറ്റിറക്ക് തൊഴിലാളികളുടെ ക്ഷാമം നേരിട്ട സാഹചര്യമുണ്ടായിരുന്നെങ്കിലും അത് പരിഹരിച്ചു. ഓരോ യൂണിറ്റിലും പകുതി തൊഴിലാളികള്‍ വീതം ഷിഫ്റ്റ് അടിസ്ഥാനത്തില്‍ ജോലി ചെയ്യും. കയറ്റിറക്ക് തൊഴിലാളികളുടെ അഭാവമുള്ള സ്ഥലങ്ങളില്‍ പോലീസ് സേവനം ഉപയോഗപ്പെടുത്തും.
അവശ്യ സാധനങ്ങള്‍ ലഭ്യമാക്കാന്‍ രാവിലെ 11 മുതല്‍ വൈകീട്ട് അഞ്ചു വരെ ജില്ലയില്‍ കടകള്‍ തുറന്ന് പ്രവര്‍ത്തിക്കണം. ബേക്കറികളും തുറക്കണം. എന്നാല്‍ ബേക്കറി കടകളില്‍ ചായ, കോഫി, ശീതള പാനീയങ്ങള്‍ തുടങ്ങിയവ വിതരണം ചെയ്യാന്‍ അനുവദിക്കില്ല. യാതൊരു കാരണവശാലും കടകളില്‍ ആളുകള്‍ കൂട്ടം കൂടരുത്. അവശ്യസാധനങ്ങള്‍ക്ക് കടകളില്‍ എത്തുന്നവര്‍ പോലീസ് നിര്‍ദ്ദേശം അനുസരിക്കണം. കടകളില്‍ ക്യൂ പാലിക്കണം . മത്സ്യം,ചിക്കന്‍, മട്ടന്‍, ബീഫ് സ്റ്റാളുകള്‍ തുറക്കണം. അവിടെ ആളുകള്‍ കൂട്ടം കൂടിയാല്‍ കട അടച്ചുപൂട്ടാന്‍ നിര്‍ദ്ദേശം നല്‍കും.
നിയന്ത്രണം ലംഘിച്ച രണ്ട് കൊറോണ ബാധിതര്‍ക്കെതിരെ
നടപടി
നിയന്ത്രണം ലംഘിച്ച് ജനങ്ങളുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ട കൊറോണ ബാധിതരായ രണ്ട് പ്രവസികള്‍ക്കെതിരെ കര്‍ശന നടപടിയെടുത്തിട്ടുണ്ടെന്നും അവര്‍ക്ക് ഇനി വിദേശത്തേക്ക് പോകാന്‍ അനുമതി ലഭിക്കില്ലെന്നും ജില്ലാ കളക്ടര്‍ ഡോ. ഡി.സജിത് ബാബു അറിയിച്ചു. അവരുടെ പാസ്പോര്‍ട്ട് ഉള്‍പ്പടെയുള്ളകാര്യങ്ങള്‍ ജില്ലാ പോലീസ് മേധാവിയുമായി ചര്‍ച്ച ചെയ്തിട്ടണ്ട്. നിരോധനാജ്ഞ നിലനില്‍ക്കുമ്പോഴും നിയമലംഘനങ്ങള്‍ നടക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. അവര്‍ക്കെതിരെ നടപടിയെടുത്തു. നിയമലംഘനങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ തത്സമയം നടപടിയെടുക്കും. ഇനി അഭ്യര്‍ഥനയില്ലെന്നും നടപടി മാത്രമാണുണ്ടാവുകയെന്നും കളക്ടര്‍ പറഞ്ഞു.
അമിത വില ഈടാക്കിയാല്‍ കടകളുടെ ലൈസന്‍സ് റദ്ദാക്കും
കരിഞ്ചന്ത, പൂഴ്ത്തി വെയ്പ് ,അമിത വില ഈടാക്കല്‍ എന്നിവ ശ്രദ്ധയില്‍പെട്ടാല്‍ സ്ഥാപനങ്ങളുടെ ലൈസന്‍സ് റദ്ദാക്കും. സമൂഹത്തിന്റെ താഴെ തട്ടു മുതല്‍ പോലീസിനെ വിന്യസിപ്പിക്കും. സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ ലംഘിക്കുന്നവരെ കര്‍ശനമായി നേരിടും.തൊഴിലുറപ്പ് തൊഴിലാളികള്‍ക്കും, തോട്ടം തൊഴിലാളികള്‍ തുടങ്ങിയവര്‍ക്ക് രാവിലെ 11 മുതല്‍ വൈകീട്ട് അഞ്ചു വരെ ജോലിയിലേര്‍പ്പെടാം. പകല്‍ സമയം സൂര്യതാപമേല്‍ക്കാന്‍ സാധ്യതയുള്ളതിനാല്‍ സര്‍ക്കാരുമായി കൂടിയാലോചിച്ച് ഇവരുടെ ജോലി സമയം പുനര്ക്രമീകരിക്കും.
രോഗിയുമായി ആശുപത്രിയില്‍ വോഹനങ്ങളില് അഞ്ച് പേര് വരെ പോകുന്നതായി ശ്രദ്ധയിപ്പെട്ടിട്ടുണ്ട്.കഴിവതും രോഗിയുമായി ഒരാള്‍ മാത്രമേ വാഹനത്തില്‍ പോകാവു . ബൈക്കിലും ഒന്നിലധികം പേര് യാത്ര ചെയ്യാന്‍ അനുവദിക്കില്ലെന്നും കളക്ടര്‍ പറഞ്ഞു. ജനങ്ങള്‍ യാതൊരു കാരണവശാലും ആശങ്കപ്പെടേണ്ടെന്നും ആര്‍ക്കും ഒരു പ്രയാസവുമുണ്ടാകില്ലെന്നും സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ പാലിച്ച് സഹകരിക്കുകയാണ് വേണ്ടതെന്നും കളക്ടര്‍ പറഞ്ഞു