ഷാഹിന്‍ബാഗ് സമരപന്തല്‍ ഒഴിപ്പിച്ച് ദല്‍ഹി പൊലീസ്; ഒമ്പത് പേര് കസ്റ്റഡിയില്‍
ന്യൂദല്‍ഹി: സംസ്ഥാനത്ത് മുഴുവന്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതിന് പിന്നാലെ ഷാഹിന്‍ബാഗിലെ പൗരത്വ വിരുദ്ധ സമരപന്തല്‍ ഒഴിപ്പിച്ചു. 101 ദിവസമായി തുടരുന്ന സമരപന്തലാണ് പൊലീസ് ഒഴിപ്പിച്ചത്.
ദല്‍ഹി പൊലീസ് ബലം പ്രയോഗിച്ചാണ് പ്രതിഷേധക്കാരെ ഒഴിപ്പിച്ചത്. ആറ് സ്ത്രീകളെയും മൂന്ന് പുരുഷന്മാരെയും 144 ലംഘിച്ചു എന്ന പേരില്‍ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.നേരത്തെ ദല്‍ഹി സര്‍ക്കാര്‍ കൊവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായി പുറപ്പെടുവിച്ച നിര്‍ദേശങ്ങളോട് അനുഭാവപൂര്ണ്ണമായായിരുന്നു പ്രതിഷേധക്കര് പ്രതികരിച്ചിരുന്നത്.
സമരപന്തലിലെ ആള്‍ക്കൂട്ടം കുറച്ചും നിശ്ചിത ദൂരത്തില്‍ ഇരുന്നും ആളുകള്‍ക്ക് പകരം ചെരുപ്പ് നിരാഹാരകട്ടിലില്‍ വെച്ചുമായിരുന്നു പ്രതിഷേധം മുന്നോട്ടുപോയിരുന്നത്.
എന്നാല്‍ രാജ്യത്തെ പല സംസ്ഥാനങ്ങളും കൊവിഡ് 19 നെ തുടര്‍ന്ന് സമ്പൂര്‍ണ്ണ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതോടെയാണ് ദല്‍ഹിയിലും നിര്‍ദേശം കടുപ്പിച്ചത്.