കാസര്‍കോട് ജില്ലയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു
കാസര്‍കോട്: കൊറോണ വൈറസ് പടരുന്ന പശ്ചാത്തലത്തില്‍ വ്യാപനം തടയാനായി കാസര്‍കോട് ജില്ലയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഇതുസംബന്ധിച്ച് കലക്ടര്‍ ഡി സജിത് ബാബു ഉത്തരവിറക്കി. ഞായറാഴ്ച രാത്രി ഒമ്പത് മണി മുതല്‍ ഇനി ഒരറിയിപ്പ് ഉണ്ടാകുന്നതുവരെ നിരോധനാജ്ഞ ബാധകമായിരിക്കുമെന്ന് കലക്ടറുടെ ഉത്തരവില്‍ പറയുന്നു.
എല്ലാ ആഭ്യന്തര പൊതുഗതാഗത സംവിധാനങ്ങളും, അവശ്യസാധനങ്ങളുടേതല്ലാത്ത മുഴുവന്‍ വ്യാപാര സ്ഥാപനങ്ങളുടെയും ബാര്‍ബര്‍ ഷോപ്പുകളുടെയും ബ്യൂട്ടി പാര്‍ലറുകളുടെയും പ്രവര്‍ത്തനം നിരോധിച്ചു. പൊതുഇടങ്ങളില്‍ കൂട്ടുകൂടാന്‍ പാടില്ല. അനാവശ്യ യാത്രകള്‍ ഒഴിവാക്കണം. എല്ലാ ആരാധനാലയങ്ങളും, ക്ലബുകളും, സിനിമാ തീയേറ്ററുകളും, പാര്‍ക്കുകളും, ബീച്ചുകളും അടയ്ക്കണമെന്നും ഉത്തരവില്‍ പറയുന്നു.
സര്‍ക്കാര്‍ നിര്‍ദേശിച്ച രാവിലെ 11 മണി മുതല്‍ അഞ്ചു മണി വരെയുള്ള സമയത്ത് പാല്‍ബൂത്തുകള്‍, പെട്രോള്‍ പമ്പുകള്‍, മെഡിക്കല്‍ സ്റ്റോറുകള്‍, റേഷന്‍ കടകള്‍, ഭക്ഷ്യവസ്തുക്കള്‍ ഉള്‍പെടെയുള്ള അവശ്യസാധനങ്ങള്‍ ലഭ്യമാകുന്ന കടകള്‍ എന്നിവ പ്രവര്‍ത്തിക്കാവുന്നതാണ്. കുറഞ്ഞത് ഒന്നര മീറ്റര്‍ അകലം പാലിച്ച് സാനിറ്റൈസര്‍, മാസ്കുകള്‍ എന്നിവ ഉപയോഗിച്ചുകൊണ്ട് മാത്രമേ അത്തരം കടകള്‍ക്ക് മുന്നിലോ കടകള്‍ക്കുള്ളിലോ എത്തിച്ചേരാന്‍ പാടുള്ളൂവെന്നും കലക്ടര്‍ അറിയിച്ചു. ലംഘിക്കുന്നവര്‍ക്കെതിരെ പോലീസ് നടപടി സ്വീകരിക്കും.