ദല്‍ഹി നാളെ മുതല്‍ പൂര്‍ണമായും അടയ്ക്കും; മഹാരാഷ്ട്രയിലും നിരോധനാജ്ഞ
ന്യൂദല്‍ഹി: രാജ്യത്ത് കൊവിഡ് പടര്‍ന്നു പടിക്കുന്ന സാഹചര്യത്തില്‍ സംസ്ഥാനങ്ങളില്‍ നിരോധനാജ്ഞ പ്രഖ്യാപിക്കുന്നു. ദല്‍ഹിയില്‍ മാര്‍ച്ച് 22 രാത്രി മുതല്‍ നിരോധനാജ്ഞ നിലവില്‍ വരും. രാത്രി 9 മണി മുതല്‍ മാര്‍ച്ച് 31 അര്‍ദ്ധരാത്രി വരെയാണ് നിരോധനാജ്ഞ പ്രഖ്യാപിക്കുന്നത്.
ഇതോടെ ദല്‍ഹി പൂര്‍ണമായും അയ്ക്കുന്ന സ്ഥിതിയുണ്ടാവും. വേണ്ടിവന്നാല്‍ ദല്‍ഹി അടയ്ക്കുമെന്ന് കഴിഞ്ഞ ദിവസം ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള് അറിയിച്ചിരുന്നു.‘ആളുകളോട് സെല്‍ഫ് ക്വാറന്റൈനില്‍ പോകാന്‍ നിര്‍ദേശിച്ചിട്ടുള്ള എല്ലാ വീടുകളും ദല്‍ഹി സര്‍ക്കാര്‍ മാര്‍ക്ക് ചെയ്തിട്ടുണ്ട്. അത്തരം കുടുംബങ്ങളെ മാറ്റി നിര്‍ത്തരുത്. അവരോട് അനുകമ്പ കാണിക്കുകയും അവരെ പിന്തുണയ്ക്കുകയും ചെയ്യണം. മാര്‍ക്ക് ചെയ്യുന്നത് ഒരു മുന്‍കരുതല്‍ എന്ന നിലയ്ക്കാണ്,” കെജ് രിവാള്‍ ട്വീറ്റ് ചെയ്തു.
അഞ്ചു പേരില്‍ കൂടുതല്‍ ആളുകള്‍ കൂട്ടം കൂടുന്നതും ദല്‍ഹിയില്‍ നിരോധിച്ചിട്ടുണ്ട്. നിര്‍ദേശം ലംഘിക്കുന്നവര്‍ക്കെതിരെ നിയമനടപടിയുണ്ടാവുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.
മുന്‍കരുതലിന്റെ ഭാഗമായി കെജ് രിവാള്‍ വാര്‍്ത്താ സമ്മേളനങ്ങളൊക്കെ വീഡിയോ കോണ്ഫറന്സിലൂടെയാക്കിയിരുന്നു.
കൊവിഡ് പടരുന്ന സാഹചര്യത്തില്‍ 72 ലക്ഷം പേര്‍ക്ക് സൗജന്യ റേഷനും പ്രഖ്യാപിച്ചിരുന്നു. അതോടൊപ്പം വിധവ പെന്ഷന്, ഭിന്ന ശേഷിക്കാരുടെ പെന്ഷന്, വാര്‍ധക്യ പെന്ഷന് തുടങ്ങിയവരുടെ അടുത്ത മാസത്തെ പെന്ഷന് ഇരട്ടിയാക്കാനും കഴിഞ്ഞ ദിവസം ഉത്തരവിട്ടിരുന്നു.
മഹാരാഷ്ട്രയിലും നാളെ തൊട്ട് നിരോധനാജ്ഞ നടപ്പിലാക്കും.
ഇന്ത്യയില്‍ ഇന്ന് പ്രധാനമന്ത്രി ആഹ്വാനം ചെയ്ത 14 മണിക്കൂര്‍ നീളുന്ന ജനത കര്‍ഫ്യു നാളെ രാവിലെ വരെ നീട്ടുമെന്നും മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ പറഞ്ഞു.
ആളുകളോട് സെല്‍ഫ് ക്വാറന്റൈനില്‍ പോകാനും താക്കറെ കര്‍ശനമായി പറഞ്ഞിട്ടുണ്ട്. മുംബൈയില്‍ മാര്‍ച്ച് 31ന് മുമ്പ് രാജ്യത്തിന് പുറത്തു നിന്നുള്ള ഒരു വിമാനം പോലും ഇറക്കാന്‍ അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്ത് നാലു സംസ്ഥാനങ്ങള്‍ പൂര്‍ണമായും അടച്ചിട്ടുണ്ട്. രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 7 ആയി.