ജനതാ കര്‍ഫ്യുവിന് ശേഷവും നിയന്ത്രണം; ആളുകള്‍ കൂട്ടംകൂടി പുറത്തിറങ്ങരുത്; നിര്‍ദേശം ലംഘിച്ചാല്‍ കര്‍ശന നടപടിയെന്ന് ചീഫ് സെക്രട്ടറി
തിരുവനന്തപുരം: ജനതാ കര്‍ഫ്യുവിന് ശേഷമുള്ള സമയവും ആളുകള്‍ കൂട്ടത്തോടെ പുറത്തിറങ്ങരുതെന്നും മുന്‍കരുതല്‍ തുടരണമെന്ന നിര്‍ദേശവുമായി ചീഫ് സെക്രട്ടറി ടോം ജോസ്. നിര്‍ദേശങ്ങള്‍ പാലിക്കാതെ പുറത്തിറങ്ങുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാനും സര്‍ക്കാര്‍ തീരുമാനിച്ചതായി ചീഫ് സെക്രട്ടറി അറിയിച്ചു.
കൊവിഡ് പടരുന്ന പശ്ചാത്തലത്തില്‍ ജനതാ കര്‍ഫ്യു അവസാനിക്കുന്ന രാത്രി ഒന്‍പതുമണിക്ക് ശേഷവും ജനങ്ങള്‍ വീടുകളില്‍ തുടരണമെന്നും ചീഫ് സെക്രട്ടറി നിര്‍ദേശിച്ചു.
അതേസമയം സംസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിച്ച ഏഴു ജില്ലകള്‍ അടച്ചിടാന്‍ കേന്ദ്ര നിര്‍ദേശിച്ചിട്ടുണ്ട്. തിരുവനന്തപുരം, എറണാകുളം, കാസര്‍ഗോഡ്, മലപ്പുറം, കണ്ണൂര്‍, പത്തനംതിട്ട, കോട്ടയം എന്നീ ജില്ലകളാണ് അടച്ചിടുക.
ഈ ജില്ലകളിലെ അവശ്യ സര്‍വീസുകള്‍ മാത്രം നടത്താനാണ് തീരുമാനം. ഇതില്‍ അവശ്യസര്‍വീസുകള്‍ എന്താണ് എന്ന് സംസ്ഥാനങ്ങള്‍ക്ക് തീരുമാനിക്കാമെന്നും സര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുണ്ട്.
രാജ്യത്താകമാനം 75 ജില്ലകള്‍ അടച്ചിടാനും കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചു. അതേസമയം ഞായറാഴ്ച മാത്രം രാജ്യത്ത് കൊവിഡ് ബാധിച്ച് മൂന്നു മരണം റിപ്പോര്‍ട്ടുചെയ്തു.
രാജ്യത്ത് ദല്‍ഹിയുള്‍പ്പെടെ പലയിടങ്ങളിലും നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്.