കൊവിഡിനെതിരെയുള്ള പോരാട്ടത്തിൽ ഓരോരുത്തരും സൈനികർ ആണെന്ന് പ്രധാനമന്ത്രി
കൊവിഡ് വ്യാപനം തടയുന്നതിനായി പ്രധാനമന്ത്രി ആഹ്വാനം ചെയ്ത ജനതാ കർഫ്യൂവിനൊപ്പമാണ് സംസ്ഥാനവും. ഇന്ന് ഏഴ് മണിമുതൽ രാത്രി ഒമ്പത് മണി വരെയുള്ള ജനതാ കർഫ്യൂ. 14 മണിക്കൂർ ജനം വീട്ടിലിരിക്കും.
ന്യൂഡൽഹി : കൊവിഡ് 19 രോഗത്തിനെതിരെയുള്ള പോരാട്ടത്തിൽ ഓരോരുത്തരും സൈനികർ ആണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. നിങ്ങൾ പുലർത്തുന്ന ജാഗ്രത ആയിരക്കണക്കിന് ജീവിതങ്ങളെ സഹായിക്കുമെന്ന് മോദി ട്വിറ്ററിൽ കുറിച്ചു. നല്ല ഭക്ഷണവും ടെലിവിഷനും ഉൾപ്പടെ കുടുംബത്തോട് ഒപ്പമുള്ള നല്ല സമയമാണിതെന്നും പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.
കൊവിഡ് വ്യാപനം തടയുന്നതിനായി പ്രധാനമന്ത്രി ആഹ്വാനം ചെയ്ത ജനതാ കർഫ്യൂവിനൊപ്പമാണ് സംസ്ഥാനവും. ഇന്ന് ഏഴ് മണിമുതൽ രാത്രി ഒമ്പത് മണി വരെയുള്ള ജനതാ കർഫ്യൂ. 14 മണിക്കൂർ ജനം വീട്ടിലിരിക്കും. ജനങ്ങൾ പുറത്തിറങ്ങരുതെന്ന് നിർദ്ദേശിച്ച സംസ്ഥാന സർക്കാർ വീടും പരിസരവും വ്യത്തിയാക്കണമെന്ന് അഭ്യർത്ഥിച്ചിട്ടുണ്ട്. കൊവിഡിൽ ഭയമല്ല മുൻ കരുതലാണ് വേണ്ടതെന്നും ജനങ്ങളുടെ ഭാഗത്ത് നിന്നുള്ള ചെറിയ ശ്രമങ്ങൾ പോലും വലിയ മാറ്റം സൃഷ്ടിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
പ്രധാനമന്ത്രി ആഹ്വാനം ചെയ്ത 14 മണിക്കൂർ ജനാത കർഫ്യൂവിന് സംസ്ഥാനം നൽകുന്നത് പൂർണ്ണ പിന്തുണയിൽ കടകമ്പോളങ്ങൾ അടച്ചിടും. ഹോട്ടലുകളും റസ്റ്റോറന്റുകളും ബേക്കറികളും തുറക്കില്ല. കെ എസ് ആർ ടി ബസുകളും സ്വകാര്യ ബസുകളും സർവീസ് നടത്തില്ല. കൊച്ചി മെട്രോ അടക്കം ട്രെയിനുകൾ ഓടില്ല. ഓട്ടോയും ടാക്സികളും നിരത്തിലിറങ്ങില്ല. ബാറുകൾ ഉൾപ്പടെ മദ്യശാലകൾ പ്രവർത്തിക്കില്ലെന്ന് എക്സൈസ് വകുപ്പ് വ്യക്തമാക്കി.
പെട്രോൾ പമ്പുകൾ പ്രവർത്തിക്കില്ല. എന്നാൽ, ആംബുലൻസ് ഉൾപ്പടെ അവശ്യസർവ്വീസിനുള്ള വാഹനങ്ങൾക്ക് ഇന്ധനം നൽകും. അതിനായി പ്രത്യേക ക്രമീകരണമേർപ്പെടുത്തും. മെഡിക്കൽ സ്റ്റോറുകൾ തുറക്കും. എന്നാൽ, അറുപത്തിയഞ്ച് വയസിന് മുകളിൽ പ്രായമുള്ളവർ നടത്തുന്ന മെഡിക്കൽ സ്റ്റോറുകൾ അടച്ചിടും. മിൽമ പാലിന്റെ വിതരണം രാവിലെ ഏഴ് മണിക്ക് മുമ്പ് അവസാനിപ്പിക്കും. അവശ്യ സർവ്വീസുകളായ ആരോഗ്യവകുപ്പിനും പൊലീസിനും മാധ്യമപ്രവർത്തകർക്കും മാത്രമാണ് കർഫ്യൂവിൽ നിന്ന് ഇളവ്.