കാസര്‍കോട്ടെ കോവിഡ് രോഗിയുടേത് ധിക്കാര നടപടിയെന്ന് ആരോഗ്യ മന്ത്രി
ഇയാള്‍ക്കെതിരെ കര്‍ശന നടപടി വേണ്ടിവരും. നിലവില്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും മന്ത്രി വ്യക്തമാക്കി.
തിരുവനന്തപുരം: കാസര്‍കോട്ടെ കോവിഡ് രോഗിയുടേത് ധിക്കാര നടപടിയെന്ന് ആരോഗ്യ മന്ത്രി കെ കെ ശൈലജ പറഞ്ഞു. ഇയാള്‍ക്കെതിരെ കര്‍ശന നടപടി വേണ്ടിവരും. നിലവില്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും മന്ത്രി വ്യക്തമാക്കി.
നിരീക്ഷണത്തിലിരിക്കുമ്പോള്‍ ഇറങ്ങി നടക്കുകയും രോഗം തെളിഞ്ഞ ശേഷം റൂട്ട് മാപ്പ് തയ്യാറാക്കുന്നതിനോട് നിസഹകരണം കാട്ടുകയുമാണ് ഇയാള്‍ ചെയ്തത്. ഗള്‍ഫില്‍ നിന്നും ആയിരക്കണക്കിന് ആളുകള്‍ സംസ്ഥാനത്ത് മടങ്ങിയെത്തിയ സാഹചര്യത്തില്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വലിയ വെല്ലുവിളിയാണ് നേരിടുന്നതെന്നും കെ കെ ശൈലജ പറഞ്ഞു.
വിദേശത്തു നിന്നും മടങ്ങിയെത്തുന്നവര്‍ രണ്ടാഴ്ച നിര്‍ബന്ധിത സ്വയം നിരീക്ഷണത്തിന് തയ്യാറാവണം. വീട്ടുകാര്‍ പോലും ഇവരോട് സൂക്ഷിച്ച് വേണം ഇടപെടാന്‍. ഇത്രയും വിപുലമായ പ്രചാരണവും ബോധവത്കരണവും നടത്തിയിട്ടും സമീപദിവസങ്ങളില്‍ നാട്ടില്‍ തിരിച്ചെത്തിയ പല പ്രവാസികളും കറങ്ങി നടക്കുന്ന അവസ്ഥയുണ്ടെന്നും ഇവരെ ഉദ്ദേശിച്ചാണ് കര്‍ശന നടപടി വേണ്ടി വരുമെന്ന് മുഖ്യമന്ത്രി പറഞ്ഞതെന്നും ശൈലജ ടീച്ചര്‍ പറഞ്ഞു.
52 കോവിഡ് കേസുകളാണ് കേരളത്തില്‍ സ്ഥിരീകരിച്ചത്. ഇവരില്‍ എല്ലാവരുടെയും ആരോദഗ്യ നില തൃപ്തികരമാണ്. കോട്ടയത്ത് ചികിത്സയിലുള്ള റാന്നിയിലെ വൃദ്ധദമ്പതികള്‍ക്കും കൊച്ചിയില്‍ ചികിത്സയിലുള്ള വിദേശ പൗരനും പ്രത്യേക നിരീക്ഷണം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും ആരോഗ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.