കാസര്‍കോട് നഗരസഭയിലെ ആദ്യ കോവിഡ് രോഗി നിരവധി പേരുമായി ബന്ധപ്പെട്ടു; റൂട്ട് മാപ്പ് തയ്യാറാക്കുക ദുഷ്ക്കരം, നഗരസഭ സെക്രട്ടറിയുടെ മുന്നറിയിപ്പ്
കാസര്‍കോട്:കാസര്‍കോട് നഗരസഭ പരധിയില്‍ ആദ്യമായി റിപ്പോര്‍ട്ട് ചെയ്ത കോവിഡ് രോഗി നിരവധി പേരുമായി ബന്ധപ്പെട്ടതായി നഗരസഭ സെക്രട്ടറി പി കെ ബിജുവിന്റെ മുന്നറിയിപ്പ്. ദുബൈയില്‍ നിന്നെത്തിയ ഇയാള്‍ ആരാധനാലയത്തില്‍ പ്രാര്‍ത്ഥന നടത്തുകയും വിവാഹ ചടങ്ങില്‍ സംബന്ധിച്ചതായും, സ്വന്തം വീട്ടില്‍ നടന്ന ഒരു പരിപാടിയില്‍ സജീവമായി പങ്കെടുത്തതായുമാണ് നഗരസഭ സെക്രട്ടറി പറയുന്നത്. അതു കൊണ്ട് തന്നെ ജനങ്ങള്‍ വളരെയധികം ജാഗ്രത പാലിക്കണമെന്നും ഇയാളുമായി ബന്ധപ്പെട്ടവര്‍ സ്വയം ഐസ്വലേഷനില്‍ കഴിയണമെന്നും, ജനങ്ങള്‍ അനാവശ്യമായി പുറത്തിറങ്ങുന്നത് ഒഴിവാക്കണമെന്നും നഗരസഭ സെക്രട്ടറി അഭ്യര്‍ത്ഥിച്ചു.
ഇതു വരെ കാസര്‍കോട് നഗരസഭയുടെ പുറത്തു മാത്രമാണ് കോവിഡ് രോഗം സ്ഥിരീകരിച്ചത്. ഇപ്പോള്‍ നഗരസഭയില്‍പെട്ട സ്ഥലത്ത് തന്നെ കോവിഡ് റിപ്പോര്‍ട്ട് ചെയ്തത് ആശങ്ക ഉളവാക്കുന്നതാണ്. കോവിഡ് സ്ഥിരീകരിച്ച വ്യക്തിയുടെ റൂട്ട് മാപ്പ് ഉണ്ടാക്കുന്നത് പോലും ദുഷ്കരമാണെന്ന് ഡി എം ഒ അറിയിച്ചതായും സെക്രട്ടറി വെളിപ്പെടുത്തുന്നു. വിദേശത്ത് നിന്നും പ്രത്യേകിച്ച് ദുബൈ നൈഫില്‍ നിന്നും വന്നിട്ടുള്ളവര്‍ അടിയന്തിരമായും ദിശയുടെ 1056 ലോ കാസര്‍കോട് ജനറല്‍ ആശുപത്രിയിലോ അതുമല്ലെങ്കില്‍ തന്നെ നേരിട്ടോ ബന്ധപ്പെടാമെന്ന് സെക്രട്ടറി അറിയിച്ചു.
തിങ്കളാഴ്ച കൗണ്‍സിലര്‍മാരെ പങ്കെടുപ്പിച്ച് വാര്‍ഡുകളില്‍ ഹരിത സാനിട്ടേഷന്‍ സേനാംഗങ്ങളുടെയും ആശാ വര്ക്കര്മാരെയ്യം പങ്കെടുപ്പിച്ച് യോഗം വിളിക്കുമെന്നും ഗള്‍ഫില്‍ നിന്നെത്തി റിപ്പോര്‍ട്ട് ചെയ്യാതെ ഒളിച്ചുകളിക്കുന്നവരെ കണ്ടെത്താന്‍ നടപടി സ്വീകരിക്കുമെന്നും എല്ലാ വീടുകളും കയറിയിറങ്ങി ബോധവല്‍ക്കരണം നടത്തുമെന്നും സമ്പര്‍ക്കത്തില്‍ കഴിഞ്ഞവരെ മാറ്റാന്‍ നടപടി സ്വീകരിക്കുമെന്നും സെക്രട്ടറി അറിയിച്ചു.
നഗരസഭ പരിധിയിലെ കടപ്പുറം ഭാഗങ്ങളില്‍ 37, 38 വാര്‍ഡുകളിലെ കവലകളില്‍ ആളുകള്‍ ഒന്നിച്ചു കൂടുന്നത് ഒഴിവാക്കണമെന്നും നഗരസഭ സെക്രട്ടറി അറിയിച്ചു. നിര്‍ദ്ദേശങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ പോലീസില്‍ പരാതി നല്കി ആവശ്യമായ നടപടി സ്വീകരിക്കും. കൗണ്‍സിലര്‍മാര്‍ അവരുടെ വാര്‍ഡുകളില്‍ ആവശ്യമായ രീതിയില്‍ സാനിറ്റൈസറുകള്‍ എത്തിക്കാനും കൈകഴുകുന്ന സംവിധാനവും ഏര്‍പ്പെടുത്തണമെന്നും സെക്രട്ടറി അഭ്യര്‍ത്ഥിച്ചു.