കേരളത്തിൽ ഇന്നും 12 പേര്‍ക്ക്കൊവിഡ് ; 6 പേര് കാസര്‍കോട്ട് , കണ്ണൂരും എറണാകുളത്തും 3 വീതം
സംസ്ഥാനത്തിന്റെ സ്ഥിതി അതീവ ഗുരുതരമെന്ന് കഴിഞ്ഞ ദിവസം തന്നെ വ്യക്തമാക്കിയിരുന്നു . കൊവിഡ് ബാധ ഒഴിവാക്കുന്നതിനുള്ള തീവ്രശ്രമത്തിലാണ് കേരളമെന്നും ജാതിമത വ്യത്യാസമില്ലാതെ മനുഷ്യരായി പോരാടണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ അഭ്യര്‍ത്ഥിച്ചു
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും 12 കൊവിഡ് ബാധ സ്ഥിരീകരിച്ചു. ആറ് പേര് കാസര്‍കോട്ടും മൂന്ന് പേര് കണ്ണൂരും ബാക്കി കൊച്ചിയിലും ആണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഇതോടെ സംസ്ഥാനത്തെ കൊവിഡ് ബാധിതരുടെ എണ്ണം 52 രണ്ടായി. സംസ്ഥാനത്തിന്റെ സ്ഥിതി അതീവ ഗുരുതരമെന്ന് കഴിഞ്ഞ ദിവസം തന്നെ വ്യക്തമാക്കിയിരുന്നു . കൊവിഡ് ബാധ ഒഴിവാക്കുന്നതിനുള്ള തീവ്രശ്രമത്തിലാണ് കേരളമെന്നും ജാതിമത വ്യത്യാസമില്ലാതെ മനുഷ്യരായി പോരാടണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ അഭ്യര്‍ത്ഥിച്ചു.
രോഗം സ്ഥിരീകരിച്ചവരെല്ലാം ഗൾഫിൽ നിന്ന് വന്നവരാണ്. ആകെ 53013 പേരാണ് നിരീക്ഷണത്തിലുള്ളത്. ഇവരിൽ 52785 പേർ വീടുകളിലാണ്. 228 പേർ ആശുപത്രികളിലാണ്. ഇന്ന് മാത്രം 70 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 3716 സാമ്പിളുകൾ പുരിശോധനയ്ക്ക് അയച്ചു. 2566 എണ്ണം രോഗബാധയില്ലെന്ന് സ്ഥിരീകരിച്ചു.
കാസർകോട് ജില്ലയിലെ രോഗബാധിതരിൽ അഞ്ച് പേർ കാസർകോട് ജനറൽ ആശുപത്രിയിൽ ചികിത്സയിലാണ്. ഒരാൾ എറണാകുളത്തെ സര്‍ക്കാര്‍ മെഡിക്കൽ കോളേജിലാണ്. കണ്ണൂരിലെ രോഗികളിൽ രണ്ട് പേർ തലശേരി ജനറൽ ആശുപത്രിയിലും ഒരാൾ കണ്ണൂർ ജില്ലാ ആശുപത്രിയിലുമാണ്. എറണാകുളത്തെ രോഗികളിൽ മൂന്ന് പേരും എറണാകുളം സര്‍ക്കാര്‍ മെഡിക്കൽ കോളേജിലും ചികിത്സയിലാണ്.
ആൾക്കൂട്ടം ഒഴിവാക്കാൻ സർക്കാർ സ്വീകരിക്കുന്ന നടപടികളോട് എല്ലാവരും സഹകരിക്കണമെന്ന് നേരത്തെ ആവശ്യപ്പെട്ടിരുന്നു. സർക്കാർ പുറപ്പെടുവിച്ച ജാഗ്രതാ നിർദ്ദേശങ്ങളോട് ഇപ്പോഴുള്ള സഹകരണം മെച്ചപ്പെട്ടതാണ്. ഇതിന് മതനേതാക്കൾ നൽകിയ ഇടപെടലുകൾക്ക് ഫലം ഉണ്ടാകുന്നുണ്ടെന്നും പിണറായി വിജയൻ പറഞ്ഞു.
സർക്കാർ നിയന്ത്രണങ്ങൾക്ക് യാതൊരു വിലയും കൽപ്പിക്കാത്ത ചിലരും സമൂഹത്തിലുണ്ട്. ചില ആരാധനാലയങ്ങളിൽ ധാരാളം ആളുകൾ എത്തിച്ചേർന്ന അനുഭവം ഉണ്ട്. ചിലയിടത്ത് കൂട്ട പ്രാർത്ഥനയും ഉത്സവ ആഘോഷങ്ങളും ഉണ്ടായി. അത്തരം സംഭവങ്ങൾ ആവർത്തിക്കരുതെന്ന് വീണ്ടും അഭ്യർത്ഥിക്കുകയാണെന്നും പിണറായി വിജയൻ വ്യക്തമാക്കി.