ലഖ്നൗ: ദിവസ വേതനക്കാർക്കും നിർമാണത്തൊഴിലാളികൾക്കും അവരുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിനായി സംസ്ഥാന സർക്കാർ പ്രതിദിനം 1,000 രൂപ വച്ച് നൽകുമെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. കൊറോണ വൈറസിന്റെ പശ്ചാത്തലത്തിലാണ് സർക്കാരിന്റെ നടപടി. ഇന്ന് ചേർന്ന വാർത്താസമ്മേളനത്തിലാണ് ആദിത്യ നാഥ് ഇക്കാര്യം പ്രഖ്യാപിച്ചത്.സംസ്ഥാനത്ത് 23 കൊറോണ കേസുകളുണ്ടെന്നും ഒമ്പത് പേർ സുഖം പ്രാപിച്ചുവെന്നും യോഗി ആദിത്യനാഥ് പറഞ്ഞതായി വാർത്ത ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്യുന്നു. 5 ലക്ഷം കൂലിത്തൊഴിലാളികള്‍ക്കും 20 ലക്ഷം നിര്‍മാണ തൊഴിലാളികള്‍ക്കുമാണ് സര്‍ക്കാരിന്റെ ആനുകൂല്യം ലഭിക്കുക. രജിസ്റ്റര്‍ ചെയ്ത തൊഴിലാളികള്‍ക്കാണ് ആനുകൂല്യം നല്‍കുന്നത്. ലേബര്‍ വകുപ്പ് മുഖേനയാകും പണം വിതരണം ചെയ്യുക.
ഉത്തര്‍ പ്രദേശിലെ എല്ലാ മാളുകളും അടച്ചിടാന്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍ദേശിച്ചു. സംസ്ഥാനത്തെ പ്രധാനപ്പെട്ട മൂന്ന് നഗരങ്ങള്‍ വൃത്തിയാക്കാനും മുഖ്യമന്ത്രി ഉത്തരവിട്ടു. ലഖ്നൗ, നോയിഡ, കാണ്‍പൂര്‍ എന്നീ നഗരങ്ങളാണ് വൃത്തിയാക്കുക. ഇനിയൊരു ഉത്തരവുണ്ടാകുന്നത് വരെ എല്ലാ മാളുകളും അടച്ചിടണമെന്നാണ് നിര്‍ദേശം.
അതേസമയം, കൊവിഡ് 19 വൈറസ് ഏറ്റവും കൂടുതൽ പേർക്ക് ബാധിച്ച മഹാരാഷ്ട്രയിൽ ഇന്നലെ മാത്രം 11 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു. ഇതോടെ ആകെ 63 പേർക്കാണ് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. പൂന മേഖലയിലാണ് കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. ഇതിന്റെ പശ്ചാത്തലത്തിൽ ചെറിയ കേസുകളിൽ ശിക്ഷിക്കപ്പെട്ട് കഴിയുന്നവർക്ക് ഇളവുകൾ നൽകി പുറത്തിറക്കാനാണ് സർക്കാർ നീക്കം. 5000 പേർക്കെങ്കിലും ഈ ആനുകൂല്യം ലഭിക്കും.