കണ്ണൂര്‍: കൊവിഡ് ഭീതിയുടെ പശ്ചാത്തലത്തിൽ കനത്ത നിയന്ത്രണങ്ങൾ സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയതോടെ നിലനിൽപ്പ് തന്നെ പ്രതിസന്ധിയിലായിരിക്കുകയാണ് സംസ്ഥാനത്തെ സ്വകാര്യ ബസ് സര്‍വ്വീസുകൾ. ആളുകളില്ലെന്ന് മാത്രമല്ല, പ്രതിദിന നഷ്ടം കണക്കാക്കിയാൽ ബസ്സുകൾ നിരത്തിലിറക്കാൻ പോലും പാടുപെടുകയാണെന്നാണ് ബസ്സ് ഉടമകൾ പറയുന്നത്.
1200ലധികം ബസുകൾ ഓടിയിരുന്ന കണ്ണൂർ ജില്ലയിൽ 25 ശതമാനം ബസുകളും സർവ്വീസ് നിർത്തി. ദിവസവും വലിയ നഷ്ടം സഹിച്ചാണ് പല ബസുകളും സർവ്വീസ് നടത്തുന്നത്.
ശരാശരി ഒമ്പതിനായിരം രൂപ കളക്ഷൻ കിട്ടിയിരുന്ന ബസുകളിൽ ഇപ്പോൾ വരുമാനം നാലായിരവും അയ്യായിരവും. ഡീസലടിക്കാനും കൂലി കൊടുക്കാനുംകാശില്ലാതായതോടെ ഇരുപത്തിയഞ്ച് ശതമാനം സർവ്വീസുകളും നിർത്തി. കൂലി പകുതിയാക്കിയും സർവ്വീസ് വെട്ടിക്കുറച്ചുമാണ് പല ബസ് സർവ്വീസുകളും പിടിച്ചുനിൽക്കുന്നത്.
സ്വകാര്യബസുകൾക്ക് സർക്കാർ പ്രഖ്യാപിച്ച നികുതിയിളവ് നഷ്ടത്തിന്റെ ആഘാതം കുറക്കുമെന്ന പ്രതീക്ഷയിലാണ് ബസ് ഉടമകളും തൊഴിലാളികളും ഇപ്പോൾ പിടിച്ച് നിൽക്കുന്നത്.